വ്യാജനല്ല, 916 ഒറിജിനല്‍ വോട്ടര്‍; വി.ഡി. സതീശന് സൗമ്യ സരിന്റെ മറുപടി
Kerala News
വ്യാജനല്ല, 916 ഒറിജിനല്‍ വോട്ടര്‍; വി.ഡി. സതീശന് സൗമ്യ സരിന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th November 2024, 7:08 pm

പാലക്കാട്: വ്യാജ വോട്ട് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി പാലക്കാട് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി. സാരിന്റെ പങ്കാളി സൗമ്യ.

ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ക്കേ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്ന് സൗമ്യ പറഞ്ഞു. പ്രതിപക്ഷ നേതാവ് ഇനിയും വേട്ടയാടല്‍ തുടര്‍ന്നാല്‍ നിയമപരമായി നേരിടുമെന്നും സൗമ്യ അറിയിച്ചു.

പാലക്കാടുള്ള തങ്ങളുടെ സ്വന്തം വസതിയില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സൗമ്യയുടെ പ്രതികരണം. തനിക്കെതിരെ സൈബര്‍ ആക്രമണം നടന്നുവെന്നും ഇപ്പോള്‍ നാട്ടിലേക്ക് വരേണ്ടി വന്നതുപോലും തന്റെ പേര് വലിച്ചിഴച്ചതുകൊണ്ടാണെന്നും സൗമ്യ പറഞ്ഞു. നിലവില്‍ താന്‍ പീഡിയാട്രീഷനായി ഷാര്‍ജയില്‍ ജോലി ചെയ്യുകയാണെന്നും തന്റെ വഴി രാഷ്ട്രീയമല്ലെന്നും സൗമ്യ ചൂണ്ടിക്കാട്ടി.

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോലും ഇതുവരെ രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും സരിന് വോട്ട് ചോദിച്ച് ഒരു പോസ്റ്റ് പോലും താന്‍ പങ്കുവെച്ചിട്ടില്ലെന്നും സൗമ്യ പ്രതികരിച്ചു.

ആഗ്രഹം കൊണ്ടാണ് പാലക്കാട് ഒരു വീട് പണിതതെന്നും ബാങ്കില്‍ നിന്നെടുത്ത ലോണ്‍ അടുത്തിടെയാണ് കഴിഞ്ഞതെന്നും ചൂണ്ടിക്കാട്ടിയ സൗമ്യ, വീടിന്റെ ആധാരവും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തെളിവായി കാണിച്ചു.

തനിക്കെതിരെ വ്യാജ വോട്ടറെന്ന നിലയില്‍ പ്രചരണമുണ്ടായെന്നും വസ്തുതകള്‍ പരിശോധിക്കാതെ വീട്ടിലിരിക്കുന്നവരെ മോശം പറയുന്നത് ശരിയല്ലെന്നും സൗമ്യ പറഞ്ഞു. താന്‍ 916 വോട്ടറാണെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു.

ഇരട്ട വോട്ട് വ്യാജ വോട്ട് തന്നെയാണെന്ന് പി. സരിനും പ്രതികരിച്ചു. തനിക്ക് ഒരു വോട്ട് മാത്രമേ ഉള്ളുവെന്നും വോട്ട് മാറ്റാന്‍ നഗരസഭ അന്യായമായി എന്ത് സഹായമാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും സരിന്‍ പറഞ്ഞു.

‘2017ലാണ് ഈ വീട് വാങ്ങിയത്. 2020ല്‍ വാടകയ്ക്ക് നല്‍കുകയും ചെയ്തു. ഈ വീടിന്റെ വിലാസം നല്‍കിയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത്.

പാലക്കാടും ഒറ്റപ്പാലത്തുമായാണ് താമസിച്ചുവന്നിരുന്നത്. അടുത്തിടെയാണ് വോട്ട് മാറ്റിയത്. വീട് സന്ദര്‍ശിച്ചാല്‍ പ്രതിപക്ഷ നേതാവിന് എല്ലാം മനസിലാകും,’ എന്നും സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Content Highlight:  Soumya Sarin’s reply to V.D.Satheesan in fake vote statement