| Thursday, 7th February 2013, 8:41 am

സൗമ്യദിനത്തില്‍ ട്രെയിനിനുള്ളില്‍ പുരുഷാധിപത്യത്തിനെതിരെ നാടകവുമായി പെണ്‍പക്ഷ കൂട്ടായ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സൗമ്യ കൊല്ലപ്പെട്ട് രണ്ട് വര്‍ഷം തികയുമ്പോള്‍ ട്രെയിനുള്ളില്‍ നാടകം അവതരിപ്പിച്ചു കൊണ്ട് സൗമ്യയുടെ സ്മരണ പുതുക്കി. പെണ്‍പക്ഷ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ ചോദ്യങ്ങളുന്നയിച്ച് ട്രെയിനില്‍ നാടകം അവതരിപ്പിച്ചു കൊണ്ടായിരുന്നു രണ്ടാം വാര്‍ഷികം ആചരിച്ചത്. []

“പുരുഷാധിപത്യ വ്യവസ്ഥിതിക്കെതിരെ നിരന്തരം കലഹിക്കുക” എന്നാഹ്വാനം ചെയ്യുന്ന നാടകം ഗോവിന്ദ ചാമിയെ ശിക്ഷിച്ചുകൊണ്ട് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നിന്നും സമൂഹത്തിന് ഒളിച്ചോടാനാവില്ലെന്നും ഗോവിന്ദചാമിമാരെ സൃഷ്ടിക്കുന്ന പുരുഷാധിപത്യ മൂല്യ ബോധങ്ങളെയും വ്യവസ്ഥിതിയെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നാടകം വ്യക്തമാക്കുന്നു.

സൂര്യ നെല്ലിയിലെ പെണ്‍കുട്ടിയെ “ഇര” എന്ന് വിളിക്കുന്നതിനെ ചോദ്യം ചെയ്യുന്ന നാടകം അവള്‍ ഇരയല്ലെന്നും  നമ്മോടൊപ്പം നില്‍ക്കേണ്ടവളാണെന്നും മറഞ്ഞിരിക്കാതെ പുറത്തുവന്ന് സ്ത്രീ പക്ഷ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും നാടകം ആഹ്വാനം ചെയ്യുന്നു. രാവിലെ 11.30 മുതല്‍ കോഴിക്കോട് നിന്നും ഷൊര്‍ണ്ണൂര്‍ വരെ ഏറനാട് എക്‌സ്പ്രസിനുള്ളില്‍ നടന്ന നാടകത്തിന് ബര്‍സ, എസ് സ്മിത, ബിന്ദു, സിന്ധു എന്നിവര്‍ നേതൃത്വം നല്‍കി.

സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന നിരവധി വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും ബലാത്സംഗങ്ങളും നാടകത്തില്‍ ശക്തമായി വിമര്‍ശിക്കപ്പെട്ടു. ട്രെയിനിലെ സഞ്ചാരികളെ കൂടി പങ്കെടുപ്പിക്കുന്ന വിധമായിരുന്നു നാടകം തയ്യാറാക്കപ്പെട്ടിരുന്നത്. കാഴ്ചക്കാരിലേക്ക് നാടകത്തിലെ കഥാപാത്രങ്ങള്‍ ചോദ്യങ്ങള്‍ എടുത്തെറിഞ്ഞുകൊണ്ടിരുന്നു.

സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ കേവലം കാഴ്ചക്കാരായി മാത്രം ചുരുങ്ങേണ്ടവരല്ല സമൂഹമെന്നും പലപ്പോഴുമുള്ള നിസംഗതയ്ക്ക് കാരണം സമൂഹത്തില്‍ അത്രമാത്രം അലിഞ്ഞു ചേര്‍ന്നിരിക്കുന്ന പുരുഷാധികാര ഘടനയാണെന്നും ചൂണ്ടിക്കാട്ടാന്‍ നാടകം മറന്നില്ല.

പെണ്‍പക്ഷ കൂട്ടായ്മയുടെ ട്രെയിന്‍ കാമ്പയിന്റെ ഭാഗമായിരുന്നു നാടകം. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് നടന്ന പൊതുയോഗത്തില്‍ കെ. അജിത ട്രെയിന്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ദിവ്യ ദിവാകരന്‍ അധ്യക്ഷത വഹിച്ചയോഗത്തില്‍ ഡോ:എം.ജി മല്ലിക, സതി അങ്കമാലി, ടി.കെ. സബീന, പ്രഷീല, മുഹമ്മദ് സുഹൈല്‍, മജ്‌നി തിരുവങ്ങൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.കലാറാണി സ്വാഗതവും, ജയകല നന്ദിയും പറഞ്ഞു.

ട്രെയിന്‍ കാമ്പയിന്‍ ഉദ്ഘാടന വേദിയില്‍ വെച്ച് വിദ്യാര്‍ത്ഥി മാസികയുടെ “പെണ്‍പതിപ്പ്” എഴുത്തുകാരി സതി അങ്കമാലി ഡോ:എം.ജി മല്ലികക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.

Latest Stories

We use cookies to give you the best possible experience. Learn more