സൗമ്യ വധക്കേസ്: ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല; ജീവപര്യന്തം കഠിനതടവ് നിലനില്‍ക്കും
Daily News
സൗമ്യ വധക്കേസ്: ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല; ജീവപര്യന്തം കഠിനതടവ് നിലനില്‍ക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th September 2016, 10:40 am

സൗമ്യ വധക്കേസില്‍ ഗോവിന്ദ ചാമിയുടെ അപ്പീല്‍ പരിഗണിക്കവെ സുപ്രീം കോടതിയുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പ്രോസിക്യൂഷന് ഉത്തരംമുട്ടിയിരുന്നു.

ന്യൂദല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. എന്നാല്‍ ഹൈക്കോടതി നല്‍കിയ ജീവപര്യന്തം നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതോടൊപ്പം കവര്‍ച്ചാ ശ്രമത്തിനുള്ള ഏഴു വര്‍ഷം കഠിനതടവും നിലനില്‍ക്കും.ഗോവിന്ദച്ചാമി കൊലക്കുറ്റം ചെയ്‌തെന്ന് വ്യക്തമാക്കുന്ന തെളിവു ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതിയുടെ വിധി.

ഏഴു വര്‍ഷം ശിക്ഷയെന്നാണ് നേരത്തെ പുറത്തു വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കോടതി പൂര്‍ണ ഉത്തരവ് പുറത്ത് വന്നപ്പോഴാണ് ജീവപര്യന്തമാണെന്നത് വ്യക്തമായത്.  വിധി പ്രസ്താവിക്കുമ്പോള്‍ വിധിപകര്‍പ്പിന്റെ അവസാന ഭാഗം മാത്രം ജഡ്ജി വായിച്ചതാണ് മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യാന്‍ ഇടയാക്കിയത്.

ഐ.പി.സി 302  റദ്ദാക്കുകയും പകരം 325  ചേര്‍ക്കുകയും ചെയ്തു കൊണ്ട് ജീവപര്യന്തം ശിക്ഷ ശരി വെക്കുകയാണ് സുപ്രീം കോടതി ചെയ്തിട്ടുള്ളത്. നിലവിലുള്ള ശിക്ഷയുടെ പുറമെ കൂടുതലായി ചേര്‍ത്ത ഐപിസി 325 ന്റെ ശിക്ഷയാണ് ഏഴ് വര്‍ഷം. ആ ഏഴു വര്‍ഷമാണ് ഗോവിന്ദ ചാമിക്ക് സുപ്രീം കോടതി കൊടുത്ത ശിക്ഷ എന്ന രീതിയില്‍ ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്.

ഗുരുതരമായ മുറിവേല്‍പിച്ചതിനാണു 325ാം വകുപ്പ് പ്രകാരം ശിക്ഷ. സൗമ്യ ട്രെയിനില്‍നിന്നു ചാടുന്നതായി കണ്ടെന്ന് ഒരു മധ്യവയസ്‌കന്‍ പറഞ്ഞതായി നാലാം സാക്ഷിയും നാല്‍പതാം സാക്ഷിയും നല്‍കിയ മൊഴി കണക്കിലെടുത്തതിനാലാണ് വധശിക്ഷ ഒഴിവാക്കിയത്. കൊല്ലുകയെന്നത് പ്രതിയുടെ ഉദ്ദേശ്യമായിരുന്നുവെന്നു തെളിയിക്കാനായില്ലെന്നു കോടതി വിലയിരുത്തി. പോസ്റ്റ്‌മോര്‍ട്ടം നടത്തിയവരുടെ ശാസ്ത്രീയമായ അനുമാനങ്ങളെ കോടതി തള്ളിക്കളഞ്ഞതുമില്ല.

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.  കീഴ്‌ക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി ഇപ്പോള്‍ വധശിക്ഷ റദ്ദാക്കിയത്.

കൊലപാതകം, ബലാത്സംഗം, മോഷണം എന്നിവയുള്‍പ്പെടെ മറ്റു 13 കേസുകളാണ് ഗോവിന്ദച്ചാമിക്കെതിരെ ഉണ്ടായിരുന്നത്. തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തേ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഗോവിന്ദച്ചാമി സുപ്രീംകോടതിയെ സമീപിച്ചത്.

വധശിക്ഷ ലഭിക്കത്തക്ക ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ ബി.എ ആളൂര്‍ വിധിക്ക് മുന്‍പ് പറഞ്ഞിരുന്നു.

നേരത്തെ സൗമ്യ വധക്കേസില്‍ ഗോവിന്ദ ചാമിയുടെ അപ്പീല്‍ പരിഗണിക്കവെ സുപ്രീം കോടതിയുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പ്രോസിക്യൂഷന് ഉത്തരംമുട്ടിയിരുന്നു. ഗോവിന്ദചാമി സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് കോടതി ചോദിച്ചപ്പോള്‍ അതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല. ഇത് വിധിയില്‍ നിര്‍ണായകമാകുകയായിരുന്നു.

സൗമ്യ ബലാത്സംഗത്തിനിരയായെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. സൗമ്യ ട്രെയിനില്‍ നിന്നും ചാടി എന്നാണ് കേസിലെ സാക്ഷിമൊഴികളെന്നും, ഊഹാപോഹങ്ങള്‍ കോടതിയില്‍ ഉന്നയിക്കരുതെന്നും കോടതി പ്രോസിക്യൂഷനോട് പറഞ്ഞിരുന്നു. കോടതിയുടെ ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന് വ്യക്തമായ മറുപടിയും ഉണ്ടായിരുന്നില്ല.

ഹൈക്കോടതി മുന്‍ ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകനുമായ തോമസ് പി. ജോസഫ്, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവരാണ് സര്‍ക്കാരിനായി കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായത്.

സൗമ്യ യാത്രചെയ്തിരുന്ന ലേഡീസ് കംപാര്‍ട്‌മെന്റിനു മുന്നിലുള്ള ജനറല്‍ കോച്ചിലെ യാത്രക്കാരന്റെ മൊഴിയില്‍ സൗമ്യ എടുത്തുചാടിയെന്നാണു പറയുന്നത്. ഗോവിന്ദച്ചാമി തള്ളിയിട്ടെന്നതു പോലെ തന്നെ സൗമ്യ സ്വരക്ഷയ്ക്ക് എടുത്തു ചാടിയെന്ന സാധ്യതയും നിലനില്‍ക്കുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു. മരണകാരണമായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ച മുറിവ് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്കു സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിടാന്‍ സാധിക്കുമോയെന്നു ബെഞ്ചിലെ ജസ്റ്റിസുമാരായ പ്രഫുല്ല സി. പന്തും യു.യു ലളിതും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സൗമ്യ ബലാത്സംഗത്തിന് ഇരയായതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു കേസിനാസ്പദമായ സംഭവം. വള്ളത്തോള്‍ നഗറില്‍ സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയട്ടശേഷം ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ മരിച്ചു.

വിചാരണ കോടതിയിലും ഹൈക്കോടതിയിലും ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായ ബി.എ ആളൂര്‍ തന്നെയാണ് സുപ്രീംകോടതിയിലും ഹാജരായത്. സംഭവവുമായി ബന്ധമില്ലെന്നും തന്നെ കുടുക്കുകയായിരുന്നുവെന്നുമായിരുന്നു ഗോവിന്ദച്ചാമിയുടെ പ്രധാന വാദം. ഗോവിന്ദച്ചാമിയെ കുറ്റക്കാരനാക്കിയത് മാധ്യമ വിചാരണ ആണെന്നായിരുന്നു ഇദ്ദേഹം നേരത്തെ കോടതിയില്‍ വാദിച്ചിരുന്നത്. സൗമ്യയുടേത് അപകട മരണമായിരുന്നു. ഇത് ബലാത്സംഗമായി ചിത്രീകരിച്ച് ഗോവിന്ദചാമിയെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു.