| Wednesday, 19th June 2019, 6:19 pm

സൗമ്യയെ തീകൊളുത്തിക്കൊന്ന ട്രാഫിക് പൊലീസുകാരന്‍ അജാസ് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: മാവേലിക്കരയില്‍ പൊലീസുകാരിയെ വെട്ടിയും തീകൊളുത്തിയും കൊലപ്പെടുത്തിയ കേസിലെ പ്രതിയും പൊലീസുകാരനുമായ അജാസ് മരിച്ചു. സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അജാസിനു ഗുരുതരമായി പൊള്ളലേറ്റിരുന്നു.

അജാസിന്റെ വൃക്കകളുടെ പ്രവര്‍ത്തനം നേരത്തേ നിലച്ചിരുന്നു. ഇന്ന് വൈകിട്ട് അഞ്ചരയോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം. നാളെ പോസ്റ്റ്‌മോര്‍ട്ടം നടക്കും.

നാട്ടുകാരുടെ സഹായത്തോടെയാണ് അജാസിനെ പിടികൂടുകയും പൊലീസ് കസ്റ്റഡിയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചതും. ഇയാള്‍ ട്രാഫിക് പൊലീസുകാരനാണ്.

അജാസ് കൊലപ്പെടുത്തിയ സൗമ്യയുടെ ശവസംസ്‌കാരം നാളെ വള്ളിക്കുന്നത്ത് നടക്കും.

മാവേലിക്കര വള്ളിക്കുന്നത്ത് വെച്ചാണ് വനിതാ പൊലീസുകാരിയായ സൗമ്യ പുഷ്‌ക്കരനെ അജാസ് കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യലായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയിരുന്നു.

വിവാഹ വാഗ്ദാനം നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ അജാസ് സൗമ്യയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അജാസുമായി സൗമ്യക്ക് പണമിടപാട് ഉണ്ടായിരുന്നു. ഈ പണം തിരിച്ചു നല്‍കാന്‍ സൗമ്യ അമ്മയോടൊപ്പം പോയിരുന്നെങ്കിലും അജാസ് പണം വാങ്ങാന്‍ തയ്യാറായില്ല. പകരം വിവാഹം കഴിക്കാനാണ് ആവശ്യപ്പെട്ടത്. ഇത് നിരസിച്ചതില്‍ അജാസിന് സൗമ്യയോട് പ്രതികാരമുണ്ടായതായും പൊലീസ് പറഞ്ഞിരുന്നു.

സൗമ്യയെ അജാസ് നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ടെന്ന് സൗമ്യയുടെ മകനും പറഞ്ഞിരുന്നു. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അജാസാണെന്നും അക്കാര്യം പൊലീസിനോട് പറയണമെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്നുമാണ് മകന്‍ പറഞ്ഞത്.

വള്ളികുന്നം സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു സൗമ്യ. പിന്നാലെ കാറിലെത്തിയ അജാസ് വാഹനം കൊണ്ട് സൗമ്യയെ ഇടിക്കുകയായിരുന്നു. സൗമ്യ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന അജാസ് വടിവാളു കൊണ്ട് വെട്ടുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു.

We use cookies to give you the best possible experience. Learn more