|

ബോഡി ഷെയ്മിങ് സഹിക്കാവുന്നതിലും അപ്പുറം; മുഖം വെളുപ്പിക്കില്ലെന്ന് തീരുമാനിച്ചിരുന്നു: സൗമ്യ മാവേലിക്കര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്‍സ്റ്റയിലെ റീല്‍സ് പ്രേമികള്‍ക്ക് പ്രിയപ്പെട്ടയാളാണ് സൗമ്യ. ടിക് ടോക്കില്‍ തുടങ്ങിയ സൗമ്യയുടെ അഭിനയജീവിതം ഇന്ന് റീല്‍സില്‍ എത്തിനില്‍ക്കുന്നു. ഇതിനിടയില്‍ തന്റെ വീഡിയോയ്ക്ക് താഴെ വരുന്ന ചില കമന്റുകള്‍ കാണുമ്പോള്‍ റീല് ചെയ്യുന്നത് നിര്‍ത്തിയാലോ എന്നുപോലും തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൗമ്യ.

വീഡിയോ എടുക്കുമ്പോള്‍ ഫില്‍റ്റര്‍ ഉപയോഗിക്കാറുണ്ടെങ്കിലും നിറം വെളുപ്പിക്കുന്ന ഫില്‍റ്ററൊന്നും ഇടാറില്ലെന്നാണ് സൗമ്യ പറയുന്നത്. ആളുകള്‍ സ്വന്തം രൂപത്തില്‍ തന്നെ കാണണമെന്നും പുറത്തിറങ്ങുമ്പോള്‍ തിരിച്ചറിയണമെന്നും ആഗ്രഹിക്കുന്നുണ്ടെന്നും സൗമ്യ പറയുന്നു.

മനുഷ്യര്‍ പലവിധമല്ലേ? പലരീതിയിലാണ് ആളുകള്‍ തന്റെ റീലുകളെടുക്കുന്നത്. ചിലര്‍ കമന്റുകളിലൂടെ അപമാനിക്കുമെന്നും ചിലപ്പോള്‍ നിറം പറഞ്ഞു കളിയാക്കുമെന്നും സൗമ്യ പറയുന്നു.

‘ചിലര്‍ കമന്റുകളിലൂടെ അപമാനിക്കും, നിറം പറഞ്ഞു കളിയാക്കും. ‘ഇവള്‍ക്ക് ചുണ്ട് വിറപ്പിക്കുന്നതാണോ സ്റ്റൈല്‍’, ‘നല്ല ഗാനരചയിതാക്കള്‍ ഇറക്കിയ പാട്ടിനെ മോശമാക്കി’ എന്നൊക്കെയുള്ള കമന്റുകള്‍ വരാറുണ്ട്. അതൊക്കെ വായിക്കും. അതില്‍ ചിലത് വല്ലാതെ വേദനിപ്പിക്കും. വീഡിയോ നിര്‍ത്തിയാലെന്തെന്ന് പലതവണ ചിന്തിച്ചുപോയിട്ടുണ്ട്.’, സൗമ്യ പറഞ്ഞു.

കമന്റുകള്‍ കാണുമ്പോള്‍ വേദന തോന്നുമെങ്കിലും തളരാതെ സൗമ്യ റീലുകള്‍ ചെയ്യാറുണ്ട്. നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ നാലരലക്ഷം ഫോളോവേഴ്‌സുമുണ്ട്.

‘വേദന നല്‍കുന്ന കമന്റുകള്‍ കണ്ടാലും പ്രതികരിക്കാറില്ല. എല്ലാവരും നല്ലത് പറയില്ലല്ലോ. വലിയ സെലിബ്രറ്റികള്‍ക്കു നേരെ എന്തുമാത്രം സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നു. പിന്നെ, ഈ പാവം പിടിച്ച സൗമ്യക്ക് വന്നാലെന്താ എന്നുകരുതി ആശ്വസിക്കും.’

സിനിമാരംഗങ്ങളും പാട്ടുകളും റീലുകളായി ചെയ്യുന്നതിന് പുറമെ മറ്റുള്ളവരെ അനുകരിച്ചു കൊണ്ടും റീല്‍സില്‍ പ്രത്യക്ഷപ്പെടുന്ന സൗമ്യ താന്‍ ഒരിക്കല്‍ പോലും വീഡിയോയില്‍ മുഖം വെളുപ്പിക്കില്ലെന്ന് ആദ്യമേ തീരുമാനിച്ചതാണെന്നും പറഞ്ഞു.

‘വീഡിയോ എടുക്കുമ്പോള്‍ ഫില്‍റ്റര്‍ ചെറിയതോതില്‍ ഉപയോഗിക്കും. പക്ഷേ, നിറം വെളുപ്പിക്കുന്ന ഫില്‍റ്ററൊന്നും ഇടാറില്ല. ആളുകള്‍ എന്റെ രൂപത്തില്‍തന്നെ എന്നെ കാണണമെന്നും പുറത്തിറങ്ങുമ്പോള്‍ തിരിച്ചറിയണമെന്നും ഞാനാഗ്രഹിക്കുന്നുണ്ട്.

ഫില്‍റ്ററിട്ട് വെളുപ്പിച്ചാല്‍, നേരില്‍കാണുമ്പോള്‍ ‘അയ്യേ, ഈ സൗമ്യച്ചേച്ചി വീഡിയോയില്‍ കാണുന്നതുപോലെയേ അല്ലല്ലോ…’ എന്നാളുകള്‍ പറയും.’ റീല്‍സ് ചെയ്യുമ്പോള്‍ മേക്കപ്പിടണമെന്ന് തന്നെ ഉപദേശിക്കുന്നവരുണ്ടെങ്കിലും താല്‍പര്യമില്ലെന്ന് സൗമ്യ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.

Content Highlight: Soumya Mavelikkara about Body Shaming