| Sunday, 23rd October 2016, 3:00 pm

സൗമ്യ വധക്കേസ് കോടതിയില്‍ ഹാജരാകുമെന്ന് കട്ജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൗമ്യവധക്കേസില്‍ സര്‍ക്കാര്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ സുപ്രീംകോടതിയില്‍ ഹാജരാകുമെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി തനിക്ക് നല്‍കിയ നോട്ടീസ് ലഭിച്ചെന്നും കട്ജു പറഞ്ഞു. നവംബര്‍ 11നാണ് കട്ജു കോടതിയില്‍ ഹാജരാകേണ്ടത്.


ന്യൂദല്‍ഹി: സൗമ്യവധക്കേസില്‍ സര്‍ക്കാര്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ സുപ്രീംകോടതിയില്‍ ഹാജരാകുമെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി തനിക്ക് നല്‍കിയ നോട്ടീസ് ലഭിച്ചെന്നും കട്ജു പറഞ്ഞു. നവംബര്‍ 11നാണ് കട്ജു കോടതിയില്‍ ഹാജരാകേണ്ടത്.

ഗോവിന്ദച്ചാമിയെ വെറുതെ വിട്ടത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചുള്ള കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റായിരുന്നു കോടതിയുടെ അസാധാരണ നടപടിക്കാധാരം. കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കോടതി ഹരജിയായി പരിഗണിക്കുകയായിരുന്നു.  വധശിക്ഷ റദ്ദാക്കിയ നടപടിയില്‍ എന്താണ് തെറ്റെന്ന് മാര്‍ക്കണ്ഡേയ കട്ജു വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞിരുന്നു.

പ്രതിക്ക് കൊല നടത്താന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് തെളിയിക്കാനാകാത്തതിനാല്‍ കൊലക്കുറ്റം ചുമത്താനാകില്ലെന്ന സുപ്രീംകോടതി വിധി തെറ്റാണെന്നായിരുന്നു കട്ജുവിന്റെ പരാമര്‍ശം.

മുന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ കോടതിയില്‍ ഹാജരാകുന്നതിന് ഭരണഘടനയുടെ 124(7) വകുപ്പു പ്രകാരം വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ ഹാജരാകാന്‍ നിയമതടസമുണ്ടെന്ന് കട്ജു നേരത്തെ പറഞ്ഞിരുന്നു.  ഈ നിയമം പ്രശ്‌നമല്ലെങ്കില്‍ ഹാജരാകാമെന്നും കട്ജു പറഞ്ഞിരുന്നു.

ഇതിനിടെ എ.ഡി.ജി.പി ബി. സന്ധ്യയും ജഡ്ജി കെ. രവീന്ദ്രബാബുവും കട്ജുവിനെ ദല്‍ഹിയിലെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more