Kerala Local Body Election 2020
സൗമിനി ജെയ്‌നിന് സീറ്റില്ല; എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടികയായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 13, 02:15 pm
Friday, 13th November 2020, 7:45 pm

കൊച്ചി: എറണാകുളം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനുള്ള യു.ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി. കൊച്ചി കോര്‍പ്പറേഷനിലെ നിലവിലെ മേയര്‍ സൗമിനി ജെയ്‌നിന് ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല.

63 ഡിവിഷനില്‍ കോണ്‍ഗ്രസ് മത്സരിക്കും. മുസ്‌ലീം ലീഗിന് ആറും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നാല് സീറ്റുകളുമാണ് നല്‍കിയിരിക്കുന്നത്.

അതേസമയം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.

‘പല തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കാന്‍ എത്തുന്നു. തുടര്‍ച്ചയായി മത്സരിക്കുന്നവര്‍ ഉളുപ്പില്ലാതെ വീണ്ടും മത്സരിക്കാനിറങ്ങുന്നു’, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പറഞ്ഞിരുന്നു.

ചില നേതാക്കള്‍ക്ക് പെരുന്തച്ചന്‍ സിന്‍ഡ്രോമാണെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പറഞ്ഞു.

മൂന്ന് ടേം കഴിഞ്ഞവരെ തെരഞ്ഞെടുപ്പിന് പരിഗണിക്കേണ്ടെന്ന സി.പി.ഐ.എം നിലപാടിനെ കോണ്‍ഗ്രസ് മാതൃകയാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.

സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കേണ്ടവരുടെ പട്ടികയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നേരിട്ടെത്തിയെങ്കിലും അനുഭാവപൂര്‍ണമായ പ്രതികരണമായിരുന്നില്ല ലഭിച്ചത്.

എറണാകുളം ജില്ലയിലെ വിവിധ തദ്ദേശ വാര്‍ഡുകളിലേക്കായി 130 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന് കൈമാറിയത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗം സീറ്റുകളിലേക്കും ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം അനുകൂലമായിരുന്നില്ല.

എറണാകുളം ജില്ലാ പഞ്ചായത്തില്‍ പത്തു ഡിവിഷനുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പേരു നല്‍കിയിരുന്നു. ഇതില്‍ നെടുമ്പാശേരി ഡിവിഷന്റെ കാര്യത്തില്‍ മാത്രമാണ് ജില്ലാ നേതൃത്വം അനുഭാവപൂര്‍വമായ സമീപനം സ്വീകരിച്ചിട്ടുള്ളത്.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Soumini Jain Kochi Corparation Congress UDF