തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളോട് പ്രതികരിക്കാനില്ല; കൊച്ചിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനം നടക്കുന്നത് കളക്ടറുടെ നേതൃത്വത്തിലെന്ന് സൗമിനി ജെയ്ന്‍
Kerala
തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളോട് പ്രതികരിക്കാനില്ല; കൊച്ചിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനം നടക്കുന്നത് കളക്ടറുടെ നേതൃത്വത്തിലെന്ന് സൗമിനി ജെയ്ന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th August 2019, 3:24 pm

കൊച്ചി: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ വടക്കന്‍ ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് തിരുവനന്തപുരം മേയറുടെ നേതൃത്വത്തില്‍ ലോഡ് കണക്കിന് സാധനങ്ങള്‍ എത്തിക്കുന്നത് വാര്‍ത്തയായതിന് പിന്നാലെ കൊച്ചി മേയര്‍ സൗമിനി ജെയ്‌നിനെ പരിഹസിച്ചുകൊണ്ടുള്ള നിരവധി ട്രോളുകള്‍ ഇറങ്ങിയിരുന്നു. മാധ്യമ പ്രവര്‍ത്തകയായ ബീന സണ്ണി കൊച്ചി മേയര്‍ക്ക് എഴുതിയ തുറന്ന കത്തും കഴിഞ്ഞ ദിവസം വൈറലായിരുന്നു.

കേരളത്തിലെ ഏറ്റവും വലിയ, ഏറ്റവും അധികം വരുമാനം ലഭിക്കുന്ന, ഏറ്റവും അധികം വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ ഉള്ള കൊച്ചി കോര്‍പറേഷന്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എന്ത് ചെയ്തു എന്ന തിരുവനന്തപുരം കാരുടെയൊക്കെ ചോദ്യത്തിന് മുന്നില്‍ കൊച്ചിക്കാര്‍ പരുങ്ങുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു കത്ത്.

എന്നാല്‍ ഇതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരക്കുകയാണ് കൊച്ചി മേയര്‍. കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്നായിരുന്നു മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നല്‍കുമെന്നും സോഷ്യല്‍ മീഡിയ വഴി തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളോട് പ്രതികരിക്കാനില്ലെന്നും സൗമിനി ജെയിന്‍ പറഞ്ഞു.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് എറണാകുളത്ത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും സൗമിനി ജെയിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

ബീനാ സണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

ഞ്ഞങ്ങളുടെ പ്രിയ നഗര മാതാവ് Soumini Jain, സൗമിനി മാഡത്തിന്,

മാഡം….

കേരള സംസ്ഥാനത്തിലെ ചില പ്രദേശങ്ങള്‍. വിശിഷ്യാ മലപ്പുറം, വയനാട് ജില്ലകളിലെ ചില കേന്ദ്രങ്ങള്‍. പ്രകൃതി ക്ഷോഭത്തില്‍ കഷ്ടപ്പെടുന്ന വിവരം വാര്‍ത്താ മാധ്യമങ്ങള്‍ മുഖേന താങ്കള്‍ അറിഞ്ഞ് കാണും എന്ന് കരുതുന്നു.

കഴിഞ്ഞ പ്രളയകാലത്ത് നഗര പ്രദേശത്തെ പ്രളയ ബാധിതരെ ഒന്ന് കാണാന്‍ പോലും തയ്യാറാവാതിരുന്ന താങ്കള്‍ക്ക്, ആ ന്യൂനത തന്റെ മകളുടെ വിവാഹ സല്‍ക്കാരത്തിനായി മാറ്റി വെച്ച തുക പ്രളയ ദുരിതാശ്വാസത്തിനായി നല്‍കും എന്ന മാധ്യമങ്ങളുടെ മുന്നിലെ ഒറ്റ പ്രഖ്യാപനം കൊണ്ട് മായ്ക്കാന്‍ സാധിച്ചു. എന്നാല്‍ ഈ പ്രളയത്തിന് ശേഷം, വിശിഷ്യാ ആഗസ്റ്റ് ഒന്നിന് ശേഷം താങ്കളെ കാണാന്‍ പോലും കിട്ടുന്നില്ല എന്നാണ് ശത്രുക്കള്‍ പറയുന്നത്.

ഞ്ഞങ്ങള്‍ക്കറിയാം, താങ്കള്‍ താങ്കളുടെ കസേര ഉറപ്പിച്ച് നിര്‍ത്തുന്നതിനായി വലിയ നെട്ടോട്ടത്തില്‍ ആണെന്ന കാര്യം. താങ്കള്‍ ഒന്ന് അയഞ്ഞ് കൊടുത്താല്‍ ആ ഷൈനി മാത്യു താങ്കളെ താഴെയിറക്കി അവിടെ ഇരിക്കും എന്നും അറിയാം. ഇതിനിടയില്‍ വരാന്‍ പോകുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി കരുക്കള്‍ നീക്കുന്ന തിരക്കില്‍ ആണെന്നും അറിയാം….

ഇതൊന്നും അറിയാഞ്ഞിട്ടല്ല മാഡം. പക്ഷേ, കേരളത്തിലെ ഏറ്റവും വലിയ, ഏറ്റവും അധികം വരുമാനം ലഭിക്കുന്ന, ഏറ്റവും അധികം വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ ഉള്ള…. എന്നിവയൊക്കെ ആയ കൊച്ചി കോര്‍പറേഷന്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എന്ത് ചെയ്തു എന്ന തിരുവനന്തപുരംകാരുടെയൊക്കെ ചോദ്യത്തിന് മുന്നില്‍ ഞ്ഞങ്ങള്‍, താങ്കളുടെ പ്രജകള്‍, പരുങ്ങുകയാണ് മാഡം….

അവിടെ, തിരുവനന്തപുരത്ത് താങ്കളേക്കാള്‍ ജൂനിയറായ ഒരു ചെറുപ്പക്കാരന്റെ നേതൃത്വത്തില്‍ പത്തോ അറുപതോ ലോഡ് സാധനങ്ങള്‍ മലപ്പുറത്തേക്കും വയനാട്ടിലേക്കും കയറ്റി വിട്ടു എന്നാണ് അവന്‍മാര്‍ വീമ്പ് പറയുന്നത്. ഫേസ്ബുക്ക് തുറന്നാല്‍ ന്യൂസ് ഫീഡില്‍ വരുന്നത് മുഴുവന്‍ ഇവന്മാരുടെ ലോഡിന്റെ കണക്കാണ്…. ഭയങ്കര അഹങ്കാരമായിരിക്കുകയാണ് മാഡം അവിടത്തെ ജനങ്ങള്‍ക്ക്. ആ വി കെ പ്രശാന്ത് എന്ന് പറയുന്ന ഒരു കമ്മിയുടേ കഴിവിന് പുറത്താണ് അവന്മാര്‍ അഹങ്കരിക്കുന്നത്….

നമുക്ക് ഇപ്പോഴും സമയം അതിക്രമിച്ചിട്ടില്ല മാഡം. താങ്കള്‍ തയ്യാറാണെങ്കില്‍ ഞ്ഞാനും എന്റെ സുഹൃത്തുക്കളും ഒരു അഞ്ച് പെട്ടി ഓട്ടോയെങ്കിലും മലപ്പുറം വരെയുള്ള വാടക കൊടുത്ത് റെഡിയാക്കാം. ‘നഗര മാതാവ്’ എന്ന താങ്കളുടെ വിലയേറിയ പദവി വെച്ച് ആ ബ്രോഡ് വേ, മേനക, എംജി റോഡ് എന്നിവിടങ്ങളില്‍ ഒന്ന് കറങ്ങിയാല്‍ ഈ അഞ്ച് ലോഡ് നമുക്ക് ഇന്ന് തന്നെ കയറ്റി വിടാനാകും. കാരണം നന്മയുടെ ഉറവ വറ്റാത്ത ജനങ്ങള്‍ കൊച്ചിയിലും ധാരാളമുണ്ട് മാഡം. ബ്രോഡ് വേയിലെ നൗഷാദിന്റെ കഥയൊക്കെ മാഡവും കണ്ട് കാണുമല്ലോ?

ദീര്‍ഘിപ്പിക്കുന്നില്ല…

കൊല്ലത്ത് നിന്നുള്ള പിള്ളേര് വരെ തിരുവനന്തപുരം നഗരസഭയുടേ ക്രെഡിറ്റ് പറഞ്ഞ് നമ്മളെ ട്രോളാന്‍ തുടങ്ങി.

മാഡം മുന്നിട്ടിറങ്ങിയാല്‍ നമുക്കും വലിയ നാണക്കേടില്ലാതെ മുകളില്‍ പറഞ്ഞ രീതിയില്‍ ഒരു പൊടിക്കൈ കൊണ്ട് പിടിച്ച് നില്‍ക്കാം. അതിനായി മാഡം അരയും തലയും മുറുക്കി രംഗത്തെത്തുമെന്ന പ്രതീക്ഷയില്‍ നിര്‍ത്തട്ടെ….

എന്ന്,
കൊച്ചി നഗരവാസിയായ അങ്ങയുടെ ഒരു പ്രജ

ചആ: ഈ കത്ത് ഏതെങ്കിലും വിധേന ഞ്ഞങ്ങളുടെ നഗര മാതാവിന്റെ അടുത്ത് എത്തിക്കാന്‍ കഴിയുമെങ്കില്‍ അതിനുള്ള കനിവ് ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നേരിട്ട് ആളെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടക്കുന്നില്ല. അതൂകൊണ്ടാണ്….ഇത്പുള്ളിക്കാരിയുടെ മുന്നില്‍ എത്തിയാല്‍…… കമ്മികളേ…. നിങ്ങള്‍ തീര്‍ന്ന്…..