കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മന്ത്രിസഭയില്‍ നിന്നും രാജിവെച്ച മന്ത്രി സുവേന്തു അധികാരിയ്ക്കായി ബി.ജെ.പി നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി തൃണമൂല്‍ എം.പി സൗഗത റോയ്. നുണകള്‍ പടച്ചുവിടാന്‍ മിടുക്കരാണ് ബി.ജെ.പിയും ആര്‍.എസ്.എസും എന്നാണ് റോയ് പറഞ്ഞത്.
‘കള്ളം പ്രചരിപ്പിക്കുന്നതില്‍ മിടുക്കരാണ് ബി.ജെ.പിയും ആര്‍.എസ്.എസും. 218 എം.എല്‍.എമാരില്‍ ഒരാള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുപോയത്. തൃണമൂലില്‍ വിശ്വാസമുള്ളവര്‍ ഇപ്പോഴും പാര്‍ട്ടിക്കൊപ്പമുണ്ട്. ബി.ജെ.പിയെ തോല്‍പ്പിക്കാനുള്ള ശക്തിയുമുണ്ട്. സുവേന്തുവിനെ സ്വാഗതം ചെയ്തതായി ബി.ജെ.പി നേതാവ് ദിലീപ് ഘോഷും പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ ഇപ്പോള്‍ നിരാശരാണ്’, റോയ് പറഞ്ഞു.
മന്ത്രിസഭയില്‍ നിന്നും രാജിവെച്ച മന്ത്രി സുവേന്തു അധികാരി ബി.ജെ.പിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. അധികാരി ബി.ജെ.പിയിലേക്ക് പോകില്ലെന്നും പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്തിട്ടുണ്ടെന്നും മമത ബാനര്‍ജിയെ വിജയിപ്പിക്കാന്‍ ഒന്നിച്ചുനില്‍ക്കുമെന്നും നേതൃത്വം അറിയിച്ചിരുന്നു.
നേരത്തെ സൗഗത റോയിയും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും സുവേന്തു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, മന്ത്രിസ്ഥാനം രാജിവെച്ച അധികാരിയെ ബി.ജെ.പി സ്വാഗതം ചെയ്തിരുന്നു. അധികാരി വന്നാല്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യുമെന്നാണ് ബംഗാള്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ പറഞ്ഞത്.
കുറച്ചു നാളുകളായി അധികാരി തൃണമൂലിനോട് പ്രകടമായ അകല്‍ച്ച കാണിച്ചിരുന്നു. പാര്‍ട്ടിയുടെ പോരോ ചിഹ്നമോ ഒന്നുമില്ലാതെയായിരുന്നു അദ്ദേഹം പരിപാടികളില്‍ പങ്കെടുത്തിരുന്നത്. മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ ജനങ്ങളാണ് തന്റെ അവസാന വാക്കെന്ന് പറഞ്ഞിരുന്നു. ബംഗാളിന്റെ ബംഗാളി ആയിരിക്കും താനെന്നും പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Trinamool Leader Sougatha Rslams BJP