കൊല്‍ക്കത്ത; ഇ.ഡിയെ ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയാണ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിയെ ബി.ജെ.പിയിലേക്ക് കൊണ്ടുപോയതെന്ന് തൃണമൂല്‍ എം.പി സൗഗത റോയ്.
ഒരു വിശ്വാസ്യതയില്ലാത്ത നേതാവാണ് മിഥുന്‍ എന്നും ജനങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വിലയ്‌ക്കെടുക്കില്ലെന്നും സൗഗത റോയ് പറഞ്ഞു.
‘ഇ.ഡിയെ ഉപയോഗിച്ച് മിഥുനെ ഭീഷണിപ്പെടുത്തിയിരുന്നു. അദ്ദേഹം രാജ്യസഭാംഗത്വവും ഉപേക്ഷിച്ച് ഇപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുകയാണ്. യാതൊരു വിശ്വാസ്യതയുമില്ലാത്ത നേതാവാണ്. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ മിഥുന് കഴിയില്ല’, സൗഗത റോയ് പറഞ്ഞു.
മിഥുന്‍ ചക്രവര്‍ത്തി ഇന്നത്തെ സൂപ്പര്‍ താരമൊന്നുമല്ലെന്നും അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് താരമായിരുന്ന ആളാണെന്നും റോയ് പറഞ്ഞു. നാല് തവണ പാര്‍ട്ടി മാറിയയാളാണ് മിഥുന്‍ എന്നും അദ്ദേഹം ആദ്യം ഒരു നക്‌സലൈറ്റ് പക്ഷക്കാരനായിരുന്നുവെന്നും റോയ് പറഞ്ഞു. പിന്നീട് സി.പി.ഐ.എം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിങ്ങനെ പാര്‍ട്ടി മാറുകയായിരുന്നുവെന്നും റോയ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗാള്‍ സന്ദര്‍ശന പരിപാടിക്കിടെയാണ് ഹിന്ദി-ബംഗാളി നടനായ മിഥുന്‍ ചക്രവര്‍ത്തി ബി.ജെ.പിയില്‍ അംഗത്വം സ്വീകരിച്ചത്.
താന്‍ ഒരു ഉഗ്ര വിഷമുള്ള മൂര്‍ഖനാണെന്നായിരുന്നു അംഗത്വം സ്വീകരിച്ച ശേഷം മിഥുന്‍ ജനങ്ങളോട് പറഞ്ഞത്. മുന്‍ തൃണമൂല്‍ രാജ്യസഭ എം.പിയായിരുന്ന മിഥുന്‍ ചക്രവര്‍ത്തി, രണ്ട് വര്‍ഷത്തിനുള്ളില്‍ സ്ഥാനം രാജി വെക്കുകയായിരുന്നു.
ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തൃണമൂലില്‍ നിന്ന് മാറിനിന്ന മിഥുന്‍, ബി.ജെ.പിയില്‍ ചേരുമെന്ന് കാലങ്ങളായി സംസാരമുണ്ടായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights; Sougatha Roy On Mithun Chakravarthy’s BJP Entry