നാട്ടിലെ ഏജന്റുമാരുടെ കെണിയില്‍ പെട്ട് നിയമാനുസൃതമല്ലാത്ത രീതിയിലും (“ചവിട്ടിക്കയറ്റല്‍”) വീട്ടു ജോലിക്കാരികള്‍ സൗദിയില്‍ എത്തുന്നുണ്ട്. അവരാണ് ശരിക്കും ബുദ്ധിമുട്ടുന്നത്.
സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം
സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.
ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:
Saudi Post
Doolnews.com
UKS Road, Calicut 1
13 മാസങ്ങള്‍ക്ക് മുമ്പ് വീട്ടുജോലിക്കാരി വിസയില്‍ സൗദിയിലെ റിയാദിലെത്തിയ എന്റെ ഒരു ബന്ധു (എ.കെ) ഒരു സൗദിയുടെ വീട്ടില്‍ ദുരിതത്തില്‍ കഴിയുന്നു. ഇതുവരെ നയാപൈസ ശമ്പളം കിട്ടിയിട്ടില്ല.
16 മണിക്കൂറില്‍ കൂടുതല്‍ കഠിന ജോലി ചെയ്യിപ്പിക്കുന്നു. മതിയായ ഭക്ഷണമോ താമസ സൗകര്യമോ ഇല്ല. ഇതുവരെ ഒരു ദിവസം പോലും അവധി നല്‍കിയിട്ടില്ല. വീട്ടിനു പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. മാത്രമല്ല ഇതുവരെ ഇക്കാമയും എടുത്തിട്ടില്ല.
മലപ്പുറം കൊണ്ടോട്ടിയിലെ ഒരു ട്രാവല്‍ ഏജന്റിനു 40,000 രൂപ കൊടുത്താണ് വിസ സംഘടിപ്പിച്ചത്. ഭര്‍ത്താവുപേക്ഷിച്ച അവരുടെ രണ്ടു പെണ്മക്കള്‍ വല്യുമ്മയോടൊപ്പമാണ് താമസം. ഒരു വരുമാനവുമില്ലാത്ത അവര്‍ വലിയ ദുരിതത്തിലാണ് കഴിയുന്നത്.
എങ്ങനെയെങ്കിലും ഇവിടന്നു രക്ഷപ്പെട്ട് നാട്ടിലെത്തിയാല്‍ മതിയെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. അവരെ എങ്ങനെ രക്ഷപ്പെടുത്തും?
ഫൈസല്‍, കൊണ്ടോട്ടി, മലപ്പുറം
ഉത്തരം
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഒരു എം.ഒ.യു (memorandum of understanding) ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കരാര്‍ നിലവില്‍ വന്നിട്ടില്ല. എങ്കിലും എംബസ്സി വച്ചിട്ടുള്ള കര്‍ശന വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ മാത്രമേ നിയമാനുസൃതരീതിയില്‍ വീട്ടുവേലക്കാരികളുടെ റിക്രൂട്ട്‌മെന്റ് നടക്കുന്നുള്ളൂ.
നാട്ടിലെ ഏജന്റുമാരുടെ കെണിയില്‍ പെട്ട് നിയമാനുസൃതമല്ലാത്ത രീതിയിലും (“ചവിട്ടിക്കയറ്റല്‍”) വീട്ടു ജോലിക്കാരികള്‍ സൗദിയില്‍ എത്തുന്നുണ്ട്. അവരാണ് ശരിക്കും ബുദ്ധിമുട്ടുന്നത്. എ.കെ ഏതു രീതിയിലാണ് സൗദിയില്‍ വന്നതെന്ന് ചോദ്യത്തില്‍ വ്യക്തമല്ല. ഈ വിഷയത്തില്‍ താഴെപ്പറയുന്ന നടപടികള്‍ എടുക്കാം:
1. എ കെ യുടെ സൗദിയിലെ വിഷമതകള്‍ വിവരിച്ചുകൊണ്ട് ഒരു കത്ത് കേരളത്തിലെ അടുത്ത ബന്ധു തയ്യാറാക്കി റിയാദിലെ ഇന്ത്യന്‍ അംബാസ്സഡര്‍ക്ക് അയച്ചുകൊടുക്കുക. അഡ്രസ്:
B-1, Diplomatic Quarter,
PO Box 94387,
Riyadh 11693,
Kingdom of Saudi Arabia,
Fax No. : +966-11-4884750,
Email:cw@indianembassy.org.sa, dcm@indianembassy.org.sa, dcm.riyadh@mea.gov.in)
കത്തിന്റെ കോപ്പി റിയാദിലെ ബന്ധുവിനും കൊടുക്കുക. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ റിയാദിലെ ബന്ധു എംബസ്സിയില്‍ നിന്നും അധികാരപത്രം വാങ്ങി എ കെ ജോലിചെയ്യുന്ന വീടിന്റെ അടുത്ത പോലീസ് സ്‌റേഷനില്‍ കൊടുക്കുക (റിയാദ് ഗവര്‍ ണറുടെ ഓഫീസിലും പരാതി കൊടുക്കാവുന്നതാണ്).
പോലീസ് ഇത് അന്വേഷിക്കുകയും പരാതി വാസ്തവമെന്നു കണ്ടാല്‍ പ്രശ്‌ന പരിഹാരം ഉണ്ടാക്കുകയും ആവശ്യമെന്ന് കണ്ടാല്‍ എംബസ്സിയുടെ സഹകരണത്തോടെ നാട്ടിലയക്കാനുള്ള നടപടികള്‍ എടുക്കുകയും ചെയ്യും.
2. കേരളത്തിലെ ഏജന്റിനെ പ്രതി ചേര്‍ത്തു സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കണം. പരാതിയുടെ കോപ്പി തിരുവനന്തപുരത്തെ എന്‍.ആര്‍.ഐ സെല്ലിലും കൊടുക്കുക.
ഏജന്റിനു കൊടുത്ത തുക തിരികെ കിട്ടുന്നതിനും ഏജന്റിനെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും ഈ പരാതി ഉപകരിക്കും. മാത്രമല്ല, ഏജന്റിനു പരിചയമുള്ള സൗദി സ്‌പോണ്‍സര്‍ ആണെങ്കില്‍ വിഷയത്തിന്റെ ഗൗരവം അയ്യാളെ ബോധ്യപ്പെടുത്തി പരിഹാരം തേടുന്നതിനു ചിലപ്പോള്‍ ഏജന്റിനു സാധിച്ചേക്കാം.
(എന്‍.ആര്‍.ഐ സെല്‍ 0471 2312030, സൂപ്രണ്ടിന്റെ മൊബൈല്‍ 9497996994)