| Thursday, 15th January 2015, 3:23 pm

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഭാഗം: 13



ചോദ്യം: 1

ഞാന്‍ കഴിഞ്ഞ 3 വര്‍ഷങ്ങളായി സൗദി അറേബ്യയിലെ ഒരു ചെറുകിട  പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനിയില്‍ ഫോര്‍മാന്‍ ആയി ജോലി നോക്കുന്നു. എനിക്ക് മറ്റൊരു സ്ഥാപനത്തില്‍ കുറേക്കൂടി മെച്ചപ്പെട്ട ശമ്പളത്തില്‍ ഒരു ജോലി കിട്ടി. ഞാന്‍ ഇപ്പോഴത്തെ കമ്പനിയില്‍ രാജി കൊടുത്തുകഴിഞ്ഞു.

വേറെ ജോലിക്ക് പോകാനാണ് ഞാന്‍ ജോലി രാജിവച്ചതെന്ന് കഫീല്‍ എങ്ങനെയോ അറിഞ്ഞു. ഇവിടുന്നു പോയാല്‍ പിന്നീട് ഒരിക്കലും സൗദിയില്‍ വരാത്ത വിധത്തില്‍ എന്നെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുമെന്നു കഫീല്‍ ഭീഷണിപ്പെടുത്തുന്നു. കഫീലിന് എന്നെ  ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരമുണ്ടോ?

ഉമ്മര്‍, അല്‍ഖോബാര്‍


ഉത്തരം


കരാര്‍ കാലാവധി കഴിഞ്ഞാല്‍ ആവശ്യമെങ്കില്‍ എക്‌സിറ്റ്  കിട്ടുകയെന്നുള്ളത് ഒരു തൊഴിലാളിയുടെ  അവകാശമാണ്. ഒരു കോണ്‍ട്രാക്ടിന്റെ അവസാനം നിബന്ധനകളൊന്നും കൂടാതെ എക്‌സിറ്റ് കിട്ടുമെങ്കില്‍ രണ്ടു കൊണ്ട്രാക്ടുകളുടെ ഇടയില്‍ എക്‌സിറ്റ് വേണമെങ്കില്‍ കഫീലിന്  കുറച്ചു നഷ്ടപരിഹാരം  കൊടുക്കേണ്ടതായി  വരും, അത്രമാത്രം.

കഫീലിന് നിങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാന്‍ ഒരു അധികാരവുമില്ല. മതിയായ കാരണങ്ങളുണ്ടെങ്കില്‍  ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ആഭ്യന്തര മന്ത്രാലയത്തിനാണ്. ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍,  എയിഡ്‌സ് പോലുള്ള എന്തെങ്കിലും മാരകമായ  പകര്‍ച്ചവ്യാധിബാധിച്ചവര്‍, മദ്യവും മയക്കുമരുന്നും കേസ്സില്‍ പെട്ടവര്‍, ബാങ്ക് വായ്പ തിരിച്ചടക്കാത്തവര്‍, കൈക്കൂലി, വ്യഭിചാരം, സാമ്പത്തിക തിരിമറി, തുടങ്ങി സിവിലും ക്രിമിനലുമായ കേസ്സുകളില്‍പെട്ട് നാട്ടില്‍ പോയവര്‍ക്കാണ് ആജീവാനന്തവിലക്ക് വരാന്‍ സാധ്യതയുള്ളത്.

മേല്‍പ്പറഞ്ഞ ഏതെങ്കിലും കേസ്സുകളില്‍ പെട്ടിട്ടല്ല  എക്‌സിറ്റില്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക്  ഉറപ്പുണ്ടെങ്കില്‍ തീര്‍ച്ചയായും തിരിച്ചു വന്ന് പുതിയ കമ്പനിയില്‍ ജോലിക്ക് ചേരാം.

ചോദ്യം: 2

ഞാന്‍ റിയാദില്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഒരു ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വരെ ഭര്‍ത്താവും  ഒപ്പമുണ്ടായിരുന്നു. എന്നാല്‍  ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് എന്റെ ഭര്‍ത്താവിനെ  നാടുകടത്തി. ഇനിയൊരിക്കലും തൊഴില്‍ വിസയില്‍ സൗദിയില്‍ വരാന്‍ കഴിയില്ലന്ന് പറയുന്നു. ഫാമിലി വിസയില്‍ വരാന്‍ കഴിയുമോ?

ഗ്രേസ് തോമസ്, റിയാദ്


ഉത്തരം


“നാടുകടത്തി” എന്നതുകൊണ്ട് എന്തെങ്കിലും കുറ്റ കൃത്യങ്ങള്‍ ചെയ്തതിനെത്തുടര്‍ന്ന് നാടുകടത്തല്‍ കേന്ദ്രത്തിലെ ജയിലില്‍ കിടന്നതിനുശേഷം പോലീസ് വാഹനത്തില്‍ എയര്‍പോര്‍ട്ടില്‍ കൊണ്ടുവന്ന് നാട്ടിലയച്ചതാണോ, അതോ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നും എക്‌സിറ്റ് വിസ കിട്ടിയതിനുശേഷം സ്വയം നാട്ടില്‍ പോയതാണോയെന്ന് നിങ്ങളുടെ കത്തില്‍ നിന്നും വ്യക്തമല്ല.

നാടുകടത്തല്‍ കേന്ദ്രം വഴിയാണ് നാട്ടില്‍ പോയതെങ്കില്‍ സൗദിയില്‍ മാത്രമല്ല ഒരു ഗള്‍ഫ് രാജ്യത്തും തൊഴില്‍ വിസയിലോ ആശ്രിത വിസയിലോ ഒരിക്കലും വരാന്‍ സാദ്ധ്യമല്ല. നാടുകടത്തല്‍ കേന്ദ്രം വഴി എക്‌സിറ്റില്‍ നാട്ടില്‍ പോകുമ്പോള്‍ ബയോമെട്രിക് ലക്ഷണങ്ങള്‍ രേഖപ്പെടുത്തുന്നതിനാല്‍ ഏതെങ്കിലും വഴിയില്‍ കൂടി വിസ സമ്പാദിച്ച് വരാന്‍ ശ്രമിച്ചാല്‍  എയര്‍ പോര്‍ട്ടില്‍ വച്ച് തന്നെ പിടിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഫൈനും ജയില്‍ വാസവും അനുഭവിക്കുന്നത് മാത്രമല്ല, വീണ്ടും നാടുകടത്തുകയും ചെയ്യും.

ഇനി കുറ്റകൃത്യങ്ങളുടെ പേരിലല്ലാതെ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നും എക്‌സിറ്റ് സമ്പാദിച്ചാണ് നിങ്ങളുടെ ഭര്‍ത്താവ് നാട്ടില്‍ പോയതെങ്കില്‍ തൊഴില്‍ വിസയിലോ ആശ്രിത വിസയിലോ വീണ്ടും സൗദിയിലോ മറ്റു ഗള്‍ഫ് രാജ്യങ്ങളിലോ പോകുന്നതിന് യാതൊരു വിലക്കുമില്ല.


സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

We use cookies to give you the best possible experience. Learn more