സൗദി അറേബ്യയില്‍ നിന്നും എക്‌സിറ്റില്‍ മടങ്ങിപ്പോകുന്നവര്‍ നിര്‍ബന്ധമായും കൂടെ കരുതേണ്ട ഒന്നാണ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (PCC). യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ആസ്‌ട്രേലിയയിലും ജോലി ചെയ്യുന്നതിന് ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
ഭാഗം: 3
ചോദ്യം: 1
50 വയസ്സുള്ള എന്റെ അമ്മ രണ്ടു വര്‍ഷത്തിലേറെയായി റിയാദിലെ ഷിഫ എന്ന സ്ഥലത്തെ ഒരു സൗദി കുടുംബത്തില്‍ ശാരീരികപീഡനങ്ങള്‍ സഹിച്ചുകൊണ്ട് വീട്ടുജോലി ചെയ്യുകയാണ്. ഗവണ്‍മന്റ്റ് ജോലിക്കാരനായ മകന്‍ ഒരു കാരണവും കൂടാതെ എന്റെ അമ്മയെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുന്നു. ഷൂസിട്ട കാല്‍ കൊണ്ട് ചവിട്ടുകയും മുതുകത്ത് ഇടിക്കുകയും തുപ്പുകയും ചെയ്യുന്നു. അവധി നല്കണമെന്നും അല്ലെങ്കില്‍ നാട്ടിലയക്കണമെന്നും എന്റെ അമ്മ ആവശ്യപ്പെടുന്നെങ്കിലും സ്‌പോണ്‍സര്‍ കേള്‍ക്കുന്നില്ല. മാത്രമല്ല വീട്ടിനു പുറത്തു പോകാന്‍ അമ്മയെ അവര്‍ അനുവദിക്കുന്നില്ല.
ഈ വീട്ടിലെ താമസക്കാര്‍ ഈജിപ്ത് വംശജരായ സൗദികളാണ്. സൗദി ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയ സ്ത്രീയും അവരുടെ മകനുമാണ് അവര്‍. ഇവര്‍ ഉടനെ തന്നെ ഈജിപ്തിലേക്ക് സ്ഥിര താമസത്തിന് പോകുമെന്നും അമ്മയെ കൂടി കൊണ്ടുപോകുമെന്നുമാണ് അവരുടെ സംഭാഷണങ്ങളില്‍നിന്നും എന്റെ അമ്മക്ക് മനസ്സിലായത്. ഈജിപ്തില്‍ പോയാല്‍ തിരിച്ചു വരില്ലന്നും പറയുന്നു.
തിരുവനന്തപുരത്തു നോര്‍ക്കയുടെ ഓഫീസില്‍ വച്ച് പരിചയപ്പെട്ട സഫിയ എന്ന സ്ത്രീ കൊടുത്ത വിസയിലാണ് അമ്മ സൗദിയില്‍ പോയത്. മഞ്ചേരിയില്‍ അക്ബര്‍ ട്രാവല്‍സ് എന്ന ഏജന്‍സിയിലെ അഷ്‌റഫ് എന്ന ആളാണ് മെഡിക്കല്‍ എടുത്ത് അമ്മയെ കയറ്റി അയച്ചത്. സഫിയയുടെ അഡ്രസ് അറിയില്ല. ഫോണ്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അഷ്രഫിനെ ഫോണില്‍ പലതവണ ബന്ധപ്പെട്ടെങ്കിലും സഹായകരമായ മറുപടി അല്ല കിട്ടുന്നത്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അമ്മയുടെ കഷ്ടപ്പാടുകള്‍ ഒരു മലയാളം ടെലിവിഷന്‍ പരിപാടിയിലും വന്നിരുന്നു.
അമ്മക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കാത്തതിനാല്‍ നേരിട്ട് ബന്ധപ്പെടാന്‍ കഴിയുന്നില്ല. സ്‌പോണ്‍സറും മകനും ഉറങ്ങുന്ന സമയം നോക്കി ലാന്‍ഡ് ഫോണില്‍ നിന്നാണ് വല്ലപ്പോഴും വീട്ടില്‍ വിളിക്കുന്നത്.
ഞാനിപ്പോള്‍ അപ്പുപ്പന്റെയും അമ്മുമ്മയുടെയും ഒപ്പമാണ് കഴിയുന്നത്. ഞങ്ങളെല്ലാം വളരെ ദുഃഖത്തിലാണ് കഴിയുന്നത്. അമ്മയുടെ ഈ അവസ്ഥ കാരണം എന്റെ പഠിത്തവും മുടങ്ങിയിരിക്കയാണ്. എന്റെ അമ്മയെ രക്ഷിക്കാന്‍ എന്താണ് ചെയ്യേണ്ടത്?
ഹരിഷ്മ, പത്തനംതിട്ട
ഉത്തരം
ഇന്ത്യയില്‍ നിന്നും വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് കര്‍ശന നിബന്ധനകള്‍ നിരവധി വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ എംബസ്സി നടപ്പില്‍ വരുത്തിയിട്ടുണ്ട്. ഇതൊന്നും പാലിക്കാതെ ഒരു മുന്‍കാല പരിചയവുമില്ലാത്ത തട്ടിപ്പുകാരി സ്ത്രീയില്‍ നിന്നും വിസ സംഘടിപ്പിച്ച് സൗദിയില്‍ വന്നതാണ് ഹരിഷ്മയുടെ അമ്മക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം. എന്തായാലും എല്ലാ കാര്യങ്ങളും വിശദീകരിച്ചു കൊണ്ട് ഒരു പരാതി എംബസ്സിക്ക് അടിയന്തരമായി നല്‍കുക. പരാതിയുടെ കോപ്പി കേന്ദ്ര പ്രവാസ മന്ത്രാലയത്തിനും നോര്‍ക്കക്കും കൊടുക്കണം. ഈ അവസരത്തില്‍ എംബസ്സിക്ക് മാത്രമേ ഹരിഷ്മയുടെ അമ്മയെ സഹായിക്കാന്‍ കഴിയുകയുള്ളൂ. നേരിട്ട് സ്‌പോണ്‍സറെയും മകനെയും ബന്ധപ്പെട്ടു കാര്യങ്ങള്‍ അന്വേഷിക്കാനും സൗദി വിദേശമന്ത്രാലയം വഴി തുടര്‍ നടപടികള്‍ എടുക്കാനും എംബസ്സിക്കാകും.
ചോദ്യം: 2
2005 ആഗസ്റ്റ് മുതല്‍ 2007 മാര്‍ച്ച് വരെ ഞാന്‍ ഭര്‍ത്താവിനോടൊപ്പം സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്നു. ഞാന്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായും ഭര്‍ത്താവ് ഒരു സ്വകാര്യ കമ്പനിയിലുമാണ് ജോലി നോക്കിയിരുന്നത്. ഞങ്ങളോടൊപ്പം താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശിനിയായ വീട്ടുജോലിക്കാരിയുടെ ആകസ്മിക മരണവുമായി ബന്ധപ്പെട്ട് ഏതാനും മാസം ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും സൗദിയില്‍ ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. ഞങ്ങളുടെ നിരപരാധിത്വം ബോദ്ധ്യപ്പെട്ട കോടതി രണ്ടാളെയും വെറുതെ വിട്ടു. നാട്ടിലേക്ക് മടങ്ങിവന്ന ഞങ്ങള്‍ രണ്ടാളും ഒരു വര്‍ഷത്തിനു ശേഷം കുവൈറ്റില്‍ ജോലികിട്ടി പോയി. സൗദിയില്‍ ജയിലിലായിരുന്ന കാര്യം ഞങ്ങള്‍ ആരെയും അറിയിച്ചിരുന്നില്ല. ഇതിനിടയില്‍ എന്റെ ഇക്കാമ നിരവധി തവണ പ്രശ്‌നങ്ങളൊന്നുമില്ലാതെ തന്നെ പുതുക്കിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം കുവൈറ്റ് പാസ്‌പോര്‍ട്ട് ഓഫീസ് എന്റെ ഇക്കാമ തടഞ്ഞുവച്ചു. ഞാന്‍ സൗദിയില്‍ ജയിലിലായിരുന്നതിനാല്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി കൊടുക്കണമെന്നും ഇല്ലെങ്കില്‍ ജയിലിലാക്കുമെന്നും പറയുന്നു. ഞാന്‍ റിയാദിലെ ഇന്ത്യന്‍ എംബസ്സിയുമായും സൗദിയിലെ എന്റെ പഴയ ആശുപത്രിയുമായും ബന്ധപ്പെട്ടെങ്കിലും കൃത്യമായ ഒരു മാര്‍ഗ്ഗം രണ്ടുകൂട്ടരും പറയുന്നില്ല. എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?
ശ്രീജ, കോഴിക്കോട്
ഉത്തരം
സൗദി അറേബ്യയില്‍ നിന്നും എക്‌സിറ്റില്‍ മടങ്ങിപ്പോകുന്നവര്‍ നിര്‍ബന്ധമായും കൂടെ കരുതേണ്ട ഒന്നാണ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (PCC). യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ആസ്‌ട്രേലിയയിലും ജോലി ചെയ്യുന്നതിന് ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ചില സവിശേഷ സാഹചര്യങ്ങളില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും PCC ആവശ്യമാണെന്ന് ശ്രീജയുടെ അനുഭവം കാണിച്ചുതരുന്നു.
ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം സൗദിയില്‍ ഉള്ളപ്പോള്‍ ഇന്ത്യന്‍ എംബസ്സി വഴി സൗദി അഭ്യന്തര വകുപ്പില്‍ നിന്നും ഈ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാന്‍ എളുപ്പമാണെങ്കിലും സൗദി വിട്ടുകഴിഞ്ഞാല്‍ വളരെ വളരെ ബുദ്ധിമുട്ടാണ്. എങ്കിലും നിങ്ങളുടെ അഭാവത്തില്‍ സുഹൃത്തുക്കളുടെ/ബന്ധുക്കളുടെ സഹായത്തോടെ PCC കിട്ടുന്നതിനുള്ള നടപടി ക്രമങ്ങള്‍ താഴെ കൊടുക്കുന്നു:
1. ആദ്യമായി നിങ്ങള്‍ക്കുവേണ്ടി PCC സംഘടിപ്പിച്ചു തരുന്നതിനു സൗദി അറേബ്യയില്‍ ഒരു അടുത്ത സുഹൃത്തിനെ/ബന്ധുവിനെ കണ്ടെത്തുക.
2. കുവൈറ്റിലെ നിങ്ങളുടെ താമസസ്ഥലത്തെ/ജോലിസ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെയും വിരലടയാള കാര്‍ഡിന്റെയും അറബി പരിഭാഷ എടുത്ത് സൗദി എംബസ്സിയെക്കൊണ്ട് അറ്റസ്റ്റ് ചെയ്യിപ്പിക്കുക. PCC ആവശ്യപ്പെടുന്ന വ്യക്തിയുടെ താദാദ്മ്യം ഉറപ്പു വരുത്താനാണിത്.
3. സൗദി അറേബ്യയില്‍ മുന്‍പ് ജോലി ചെയ്തിരുന്ന സ്‌പോണ്‍സറില്‍ നിന്നും/സ്ഥാപനത്തില്‍ നിന്നും ബാദ്ധ്യത ഒന്നും ഇല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങുക
4. നിങ്ങള്‍ക്കുവേണ്ടി PCC എടുക്കുന്നതിന് സൗദി അറേബ്യയിലെ സുഹൃത്തിനെ/ബന്ധുവിനെ അധികാരപ്പെടുത്തിക്കൊണ്ടുള്ള കത്ത് സൗദിയിലെ ഇന്ത്യന്‍ എംബസ്സിക്ക് അയക്കുക. ഒപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, സൗദി ഇക്കാമയുടെ കോപ്പി, സൗദിയിലായിരുന്നപ്പോള്‍ എക്‌സിറ്റ്‌റിഎന്‍ട്രി അടിച്ച എല്ലാ പാസ്‌പോര്‍ട്ട് പേജുകളുടെ കോപ്പികളും വയ്ക്കുക.
5. ഇനിയെല്ലാം സൗദിയില്‍ നിങ്ങള്‍ അധികാരപ്പെടുത്തിയ ആളാണ് ചെയ്യേണ്ടത്. ഇന്ത്യന്‍ എംബസ്സി ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സി ആയ VFS-ല്‍ നിന്നും കിട്ടുന്ന ഫോറം2 (http://www.indianembassy.org.sa/WebFiles/Form2.pdf) പൂരിപ്പിച്ച്, 117 റിയാല്‍ ഫീസും കൊടുത്താല്‍ സൗദി അഭ്യന്തര വകുപ്പില്‍ നിന്നും PCC വാങ്ങുന്നതിനുള്ള അധികാര പത്രം നിങ്ങളുടെ സുഹൃത്തിന് കിട്ടും.
6. അധികാരപത്രവും ബന്ധപ്പെട്ട രേഖകളുമായി സൗദി വിദേശമന്ത്രാലയ ഓഫീസിനെ (WAZARAT AL KHARIJIYA) സമീപിക്കുക. ഇവിടെ ഒരു ഫോറം പൂരിപ്പിച്ച് കൊടുത്ത് (അറബിയില്‍) 30 റിയാല്‍ ഫീസും ഒടുക്കിയാല്‍ എംബസ്സിയില്‍ നിന്നും കിട്ടിയ അധികാരപത്രം അറ്റസ്റ്റ് ചെയ്തു തരും.
7. തുടര്‍ന്ന് വിദേശ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ അധികാരപത്രത്തിന്റെ ഒറിജിനലും (കുവൈറ്റിലെ പോലീസില്‍ നിന്നും ലഭിച്ച PCC യും, വിരലടയാള കാര്‍ഡും, സൗദി ഇക്കാമ, പാസ്‌പോര്‍ട്ട്, തുടങ്ങിയ രേഖകളുടെ കോപ്പികളും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി റിയാദ് ധീരയിലെ പോലീസ് സ്റ്റേഷനില്‍ പോവുക. എല്ലാ വിവരവും രേഖപ്പെടുത്തിയശേഷം PCC ശേഖരിക്കുന്നതിനുള്ള കുറിപ്പ് ഇവിടുന്ന് ലഭിക്കും.
8. ധീര പോലീസ് സ്റ്റേഷനില്‍ നിന്നും കിട്ടിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് 30 റിയാല്‍ കൊടുത്ത് വീണ്ടും സൗദി വിദേശ മന്ത്രാലയത്തില്‍ നിന്നും (WAZARAT AL KHARIJIYA) സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.
ഈ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അടിയന്തിരമായി കുവൈറ്റിലെ പാസ്‌പോര്‍ട്ട് ഓഫീസില്‍ സമര്‍പ്പിച്ചാല്‍ നിങ്ങളുടെ പ്രശ്‌നം പരിഹരിക്കുമെന്ന് കരുതുന്നു.
സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം
സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.
ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:
Saudi Post
Doolnews.com
UKS Road, Calicut 1