രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?
News of the day
രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th December 2014, 11:41 am

പാര്‍ലമെന്റ് പാസ്സാക്കിയ ഈ നിയമം അതേപോലെ നടപ്പാക്കാന്‍ രാജ്യത്തെ എല്ലാ പാസ്‌പോര്‍ട്ട് ഓഫീസിലെയും വിദേശങ്ങളിലെ ഇന്ത്യന്‍ കാര്യാലയങ്ങ ളിലെയും ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്.


 


ഭാഗം: 10


ചോദ്യം: 1

15 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയിലെ അല്‍ ബഹയില്‍ ഒരു ഫര്‍ണിച്ചര്‍ കടയില്‍ ഞാന്‍ ഏകദേശം രണ്ട് വര്‍ഷത്തോളം ജോലി ചെയ്തിരുന്നു. ചെറിയ ശമ്പളം ആയതിനാല്‍ തായിഫില്‍  ജോലി ചെയ്തിരുന്ന എന്റെ ഭാര്യാ സഹോദരന്‍ മറ്റൊരു ജോലിക്ക് ശ്രമിച്ചു. വിസ കിട്ടിയെങ്കിലും എന്റെ സ്‌പോണ്‍സര്‍ എനിക്ക് റിലീസ് തരാന്‍ തയ്യാറായില്ല. ഇതിനിടക്ക് ഞാന്‍ അച്ഛനു  സുഖമില്ലന്നു കള്ളം പറഞ്ഞ് ഒരു മാസത്തെ എമര്‍ജന്‍സി അവധിക്ക് പുതിയ വിസയുമായി നാട്ടില്‍ പോയി. എന്‍.ഒ.സി കിട്ടാത്തതിനാല്‍ എന്റെ സ്വന്തം പാസ്‌പോര്‍ട്ടില്‍ വിസ അടിക്കാന്‍ കഴിയില്ലെന്ന് ഏജന്റ് പറഞ്ഞു.

ഏജന്റിന്റെ ഉപദേശം അനുസരിച്ച് തമിഴ് നാട്ടിലെ തിരുന്നല്‍ വേലിയില്‍ നിന്നും മറ്റൊരു പാസ്‌പോര്‍ട്ട് എടുത്തു. പുതിയ പാസ്‌പോര്‍ട്ടില്‍ പേര് എന്റേതാണെങ്കിലും മേല്‍വിലാസവും അച്ഛന്റെ പേരും വേറെയാണ്. പുതിയ പാസ്‌പോര്‍ട്ടില്‍ വിസ അടിച്ച് ഉടനെ തന്നെ തായിഫിലെ ഫര്‍ണിച്ചര്‍ കടയില്‍ ഞാന്‍ ജോലിക്ക് ചേര്‍ന്നു. പ്രശ്‌നമൊന്നുമില്ലാതെ പല തവണ ഈ പാസ്‌പോര്‍ട്ടില്‍ തന്നെ നാട്ടില്‍ പോയി വന്നു. ഒരു തവണ പുതുക്കുകയും ചെയ്തു.

ഇതിനിടക്ക് രണ്ട് പാസ്‌പോര്‍ട്ടുള്ളവര്‍ ഒരെണ്ണം കോണ്‍സുലേറ്റില്‍ കൊടുത്ത് ഫൈന്‍ കൊടുത്താല്‍ ക്രമപ്പെടുത്തിത്തരുമെന്ന് പത്രവാര്‍ത്ത കണ്ടെങ്കിലും എനിക്ക് കോണ്‍സുലേറ്റില്‍ കൊടുക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അതിന്റെ സമയം കഴിഞ്ഞതായി സുഹൃത്തുക്കള്‍ പറയുന്നു. ഇനി അടുത്തെങ്ങാനും അതിന് സാധ്യത ഉണ്ടോ? പഴയ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതിനാല്‍ സറണ്ടര്‍ ചെയ്തില്ലെങ്കില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ?

സുധീപ്, തായിഫ്


ഉത്തരം


ഒരേ സമയം രണ്ടു ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ ഒരു ഇന്ത്യന്‍ പൗരന്‍ കൈവശം വക്കുന്നതിനെ സംബന്ധിച്ച്  പൊടിപ്പും തൊങ്ങലും വച്ച നിരവധി കഥകള്‍ മാധ്യമങ്ങളില്‍ അച്ചടിച്ച് വരാറുണ്ട്. പലതും അസത്യങ്ങളോ അര്‍ത്ഥസത്യങ്ങളോ ആണ്. അത്തരത്തിലൊരു കഥയാണ് 2004 മുതല്‍ 2008 വരെയുള്ള കാലയളവില്‍  രണ്ടു പാസ്‌പോര്‍ട്ടുകളുള്ളവര്‍ക്ക് ഉപാധികളൊന്നുമില്ലാതെ  ഒരെണ്ണം തിരിച്ചു കൊടുത്ത് പദവി ശരിയാക്കാന്‍ സര്‍ക്കാര്‍ അവസരം ചെയ്തുകൊടുത്തിരുന്നു എന്ന പ്രചരണം. മേല്‍പ്പറഞ്ഞ കാലയളവിലെപ്പഴോ അന്നത്തെ വിദേശകാര്യ സഹമന്ത്രി ശ്രീ ഇ അഹമ്മദ് പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ച് റിപ്പോര്‍ട്ട് എഴുതുകയായിരുന്നു പത്രക്കാര്‍ ചെയ്തത്.

വാസ്തവത്തില്‍ ഉപാധികളോടെയുള്ള ഒരു നടപടി മാത്രമായിരുന്നു ഈ പത്രവാര്‍ത്തകള്‍ക്ക് ആധാരം. ഒരാളിന്റെ പേരില്‍ ഒരേസമയം രണ്ട് പാസ്‌പോര്‍ട്ട് ഉള്ളതുകൊണ്ടുമാത്രം അതൊരു ഗുരുതരമായ കുറ്റമാകുന്നില്ല. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിയമം പന്ത്രണ്ടാം വകുപ്പും അതിന്റെ ഉപ വകുപ്പുകളും പ്രകാരമുള്ള കുറ്റം ചെയ്തിട്ടാണോ രണ്ടാം പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചത് എന്നതാണ് പ്രസക്തമായ കാര്യം. പാര്‍ലമെന്റ് പാസ്സാക്കിയ ഈ നിയമം അതേപോലെ നടപ്പാക്കാന്‍ രാജ്യത്തെ എല്ലാ പാസ്‌പോര്‍ട്ട് ഓഫീസിലെയും വിദേശങ്ങളിലെ ഇന്ത്യന്‍ കാര്യാലയങ്ങ ളിലെയും ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്.

ഒരു മന്ത്രിക്കോ ഉദ്യോഗസ്ഥനോ  ഈ നിയമത്തില്‍ ഇളവു കൊടുക്കാന്‍ അനുവാദമില്ല. നമ്മുടെ പത്രക്കാര്‍ ആഘോഷിച്ചു നടത്തുന്ന പ്രചരണം ഒരു പക്ഷെ പന്ത്രണ്ടാം വകുപ്പിന്റെ പരിധിയില്‍ വരാത്ത ചെറിയ പിശകുകള്‍ തിരുത്തി പാസ്‌പോര്‍ട്ട് ക്രമപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരിക്കണം.

ഇനി നിങ്ങളുടെ വിഷയത്തിലേക്ക് വരാം.

ഒരു പാസ്‌പോര്‍ട്ട് നിലവിലിരിക്കെ അച്ഛന്റെ പേരും യഥാര്‍ത്ഥ മേല്‍വിലാസവും മറച്ചുവച്ചുകൊണ്ട് മറ്റൊരു സംസ്ഥാനത്തിലെ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും രണ്ടാമതൊരു പാസ്‌പോര്‍ട്ട് എടുത്തത് പന്ത്രണ്ടാം വകുപ്പിന്റെ പരിധിയില്‍ വരുന്ന ഗുരുതരമായ തെറ്റാണ്. ഇത് തെളിയിക്കപ്പെട്ടാല്‍ രണ്ടു വര്‍ഷം വരെ തടവോ 5000 രൂപ വരെ പിഴയോ  രണ്ടും കൂടിയോ നിങ്ങള്‍ക്കും നിങ്ങളെ സഹായിച്ച എജന്റിനും  കിട്ടിയേക്കാം. പലതവണ നിര്‍ബാധം നാട്ടില്‍ പോയി വരുകയും ഒരു തവണ പുതുക്കുകയും ചെയ്തിട്ടും ഒരു പ്രശ്‌നവുമുണ്ടാകാത്തതുകൊണ്ട് ഇനി ഭാവിയിലും ഒരു പ്രശ്‌നവുമുണ്ടാവില്ലെന്നു പ്രവചിക്കാനാവില്ല. ആദ്യത്തെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതുകൊണ്ട് ഒരിക്കല്‍ ചെയ്തുപോയ ക്രിമിനല്‍ കുറ്റത്തില്‍ നിന്ന് ഒഴിവാകുന്നില്ല.

ഏതെങ്കിലും സാഹചര്യത്തില്‍ പിടിക്കപ്പെട്ടാല്‍ സ്വാഭാവികമായും തിരുന്നല്‍വേലി പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് പരിശോധനക്ക് അയക്കും. പ്രാദേശിക സ്റ്റേഷനിലെ പോലീസായിരിക്കും അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൊടുക്കുക.  പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാസ്‌പോര്‍ട്ട് എടുത്ത സമയത്ത് കൊടുത്ത മേല്‍വിലാസവും മറ്റു വിവരങ്ങളും ശരിയായിരുന്നുവെന്ന് തിരുന്നല്‍വേലി പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് ബോദ്ധ്യപ്പെട്ടാല്‍ പ്രശ്‌നമില്ല. ശിക്ഷയില്‍ നിന്നും ഒഴിവാകാം.

പാസ്‌പോര്‍ട്ട് ക്രമപ്പെടുത്താനായി സ്വമേധയാ ജിദ്ദാ കോണ്‍സുലേറ്റില്‍ കൊടുത്താലും നടപടിക്രമങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയാണ്. തിരുന്നല്‍വേലി പാസ്‌പോര്‍ട്ട് ഓഫീസറുടെ റിപ്പോര്‍ട്ട് എതിരാണെങ്കില്‍ നിങ്ങള്‍ക്ക് നാട്ടിലേക്ക് ഒറ്റ യാത്രക്ക് മാത്രമായുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റായിരിക്കും കോണ്‍സുലേറ്റ് നല്‍കുക. കേസ് പിന്നാലെ വരും.

ഇത്രയും പറഞ്ഞത് സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യം. ഇതിനു പുറമേ ഒരു തിരിച്ചറിയല്‍ രേഖ എന്ന അര്‍ത്ഥത്തില്‍ പാസ്‌പോര്‍ട്ട് നാട്ടിലോ വിദേശത്തോ ഉപയോഗിക്കാന്‍ കഴിയില്ല. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ക്ഷേമ പദ്ധതി കളില്‍ ഒന്നും തന്നെ ചേരാന്‍ കഴിയില്ല. ഒരു യാത്രാ രേഖ മാത്രമായി കഷ്ടിച്ച് ഉപയോഗിക്കാമെന്ന് മാത്രം. അതും എപ്പോഴും പിടിക്കപ്പെടാമെന്ന ഭീതിയുടെ നിഴലില്‍.

എന്തായാലും വല്ലാത്തൊരു വിഷമവൃത്തത്തിലാണ് നിങ്ങള്‍ അകപ്പെട്ടിരിക്കുന്നതെന്ന് പറയാം. എക്‌സിറ്റില്‍ എത്രയും പെട്ടെന്ന് നാട്ടില്‍ പോകുന്നതായിരിക്കും ഏറ്റവും ഉത്തമം.

 

ചോദ്യം: 2

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗദിയിലെ ഒരു നമ്പറില്‍ നിന്നും എന്റെ സുഹൃത്തിനെ സ്ഥിരമായി വിളിച്ച് ഒരാള്‍ (മലയാളി) അസഹനീയമായ രീതിയില്‍ തെറി പറയുന്നു. ഇയ്യാളുടെ ഫോണ്‍ നമ്പറും ഫേസ്ബുക്ക് പേജും അറിയാം. എന്താണ് പ്രതിവിധി?

ഷഫീക്, കോഴിക്കോട്


ഉത്തരം


രണ്ട് പരിഹാര മാര്‍ഗങ്ങള്‍ അവലംബിക്കാം. ഒന്ന്, ഏറ്റവും ലളിതമായത്, ഈ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയെന്നതാണ്. ഇത് ഫോണ്‍ സേവനദാതാവ് വഴിയോ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചോ ചെയ്യാം. രണ്ടാമത്തെ മാര്‍ഗ്ഗം പോലീസിനെ വിവരമറിയിക്കുകയാണ്. സുഹൃത്തിന്റെ വീടിനടുത്ത പോലീസ് സ്റ്റേഷനില്‍ എല്ലാ വിവരങ്ങളും വച്ച് ഒരു പരാതി കൊടുക്കുക. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ പ്രാദേശിക പോലീസ് അത് കേരള പോലീസിന്റെ ജില്ലാ തലത്തിലുള്ള സൈബര്‍ കുറ്റാന്വേഷണ സെല്ലിലേക്കൊ അല്ലെങ്കില്‍ പോലീസ് ആസ്ഥാനത്തുള്ള ഹൈടെക് സെല്ലിലേക്കൊ കൈമാറുകയും അന്വേഷിച്ച് വേണ്ട നടപടികള്‍ എടുക്കുകയും ചെയ്യും. ഹൈടെക് സെല്ലില്‍ സാധാരണഗതിയില്‍ പരാതികള്‍ നേരിട്ട് സ്വീകരിക്കാറില്ല.


സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1