നിലവിലുള്ള ചട്ടങ്ങളനുസരിച്ച് റീ എന്‍ട്രി വിസയുടെ സമയ പരിധി കഴിഞ്ഞാലും, ഇക്കാമ സാധുവാണെങ്കില്‍, 7 മാസത്തിനുള്ളില്‍ ഇന്ത്യയിലെ സൗദി കോണ്‍സുലെറ്റില്‍/എംബസ്സിയില്‍ അപേക്ഷിച്ചാല്‍ കാലാവധി നീട്ടി കിട്ടും.
ഭാഗം: 6
സൗദിയിലെ അല്‍ ഖൊദരി കമ്പനിയില്‍ ഞാന്‍ ജോലി ചെയ്ത് വരുന്നു. ഫാമിലി സ്റ്റാറ്റസ് ഉള്ള ജോലി ആണ്. ഭാര്യ എന്നോടൊപ്പം ഇവിടെ ഉണ്ടായിരുന്നു. പ്രസവത്തിനായി കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയി. 21 മാര്‍ച്ച് വരെ റീ എന്‍ട്രി വിസ ഉണ്ടായിരുന്നു. എന്നാല്‍ ഈ സമയത്തിനുള്ളില്‍ തിരിച്ചു വരാനോ റീ എന്‍ട്രി വിസ നീട്ടാനോ കഴിഞ്ഞില്ല. ഇനി അതിന് സാധിക്കുമോ? സാധിക്കുമെങ്കില്‍ നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്? ഭാര്യയുടെ ഇക്കാമ (resident permit) 2015 മാര്‍ച്ച് 20 വരെ സാധുവാണ്.
അരുണ്‍, റിയാദ്
ഉത്തരം
നിലവിലുള്ള ചട്ടങ്ങളനുസരിച്ച് റീ എന്‍ട്രി വിസയുടെ സമയ പരിധി കഴിഞ്ഞാലും, ഇക്കാമ സാധുവാണെങ്കില്‍, 7 മാസത്തിനുള്ളില്‍ ഇന്ത്യയിലെ സൗദി കോണ്‍സുലെറ്റില്‍/എംബസ്സിയില്‍ അപേക്ഷിച്ചാല്‍ കാലാവധി നീട്ടി കിട്ടും. നിങ്ങളുടെ കാര്യത്തില്‍ റീ എന്‍ട്രി വിസയുടെ സമയ പരിധി ഒക്ടോബര്‍ 21ന് കഴിഞ്ഞുപോയതിനാല്‍ ഇനി അത് സാധ്യമല്ല. ഫാമിലി സ്റ്റാറ്റസ് ഉള്ളതിനാല്‍ പുതിയ വിസക്ക് അപേക്ഷിക്കാം. എന്നാല്‍ അതിന് മുന്‍പ് റീ എന്‍ട്രി വിസ പ്രയോജനപ്പെടുത്താത്തതിന് 1000 റിയാല്‍ പിഴ ഒടുക്കേണ്ടി വരും.
ഞാന്‍ ഇപ്പോള്‍ സൗദിയില്‍ ഒരു ചെറിയ കമ്പനിയില്‍ റിസപ്ഷനിസ്റ്റ് ആയി ജോലി നോക്കുന്നു. എന്റെ ഇക്കാമയിലെ പ്രൊഫഷന്‍ “ലേബര്‍” എന്നാണ്. ഇപ്പോള്‍ എനിക്ക് ഇവിടത്തെ വലിയ ഒരു സ്ഥാപനത്തില്‍ നിന്നും നല്ലൊരു ഓഫര്‍ ലഭിച്ചിട്ടുണ്ട്. പ്രൊഫഷന്‍ മാറ്റത്തിനായി സൗദി വിദേശ മന്ത്രാലയത്തില്‍ പോയപ്പോള്‍ ആദ്യം ഇക്കാമയിലെ പ്രൊഫഷന്‍ മാറ്റാനാണ് അവര്‍ ആവശ്യപ്പെട്ടത്. എന്താണ് ഇക്കാമയിലെ പ്രൊഫഷന്‍ മാറ്റാനുള്ള നടപടി ക്രമങ്ങള്‍? ഇപ്പോഴത്തെ എന്റെ കഫീല്‍ എല്ലാ സഹായവും ചെയ്യാമെന്നേറ്റിട്ടുണ്ട്.
മഹേഷ്. ദമ്മാം
ഉത്തരം
സൗദിയില്‍ നിങ്ങള്‍ ചെയ്യുന്ന ജോലിയും നിങ്ങളുടെ ഇക്കാമയിലെ പ്രൊഫഷനും ഒന്നായിരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. അങ്ങനെയല്ലെങ്കില്‍ ഏതു നിമിഷവും നിങ്ങള്‍ പിടിക്കപ്പെടാനും നാടുകടത്തപ്പെടാനും സാധ്യതയുണ്ട്.
എന്നാല്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങള്‍ക്ക് സൗദിയിലെ എല്ലാ ജോലികളും ചെയ്യാനുള്ള അനുമതി ഇല്ലെന്നതാണ്. നിലവില്‍ പതിനെട്ടോളം ജോലികള്‍ സൗദി കള്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. റിസപ്ക്ഷണിസ്റ്റ് സംവരണ വിഭാഗത്തില്‍ പെടുന്ന ഒരു തസ്തിക ആയതിനാല്‍ കഫീല്‍ വിചാരിച്ചാല്‍ പോലും പ്രൊഫഷന്‍ മാറ്റം സാധ്യമല്ല.
സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം
സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.
ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:
Saudi Post
Doolnews.com
UKS Road, Calicut 1