പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?
Daily News
പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd December 2014, 1:50 pm

പ്രാദേശിക മന്ത്രാലയങ്ങളില്‍ നിന്നുള്ള ക്ലിയറന്‍സ് എളുപ്പത്തില്‍ കിട്ടുന്നതിന്  നമ്മുടെ എംബസ്സി ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്താം.


 


ഭാഗം: 7


ചോദ്യം: 1

 

എന്റെ ഭര്‍ത്താവ് നവാസ് ഉള്‍പ്പെടെ മൂന്നു മലയാളികള്‍ സൗദി അറേബ്യയിലെ അല്‍ ഹയിര്‍ ജയിലില്‍ കഴിഞ്ഞ 5 വര്‍ഷത്തിലേറെയായി  ജയില്‍ ശിക്ഷ അനുഭവിച്ചുവരുകയാണ്. ഒരു കൊലപാതക കേസിലെ പ്രതികളെ സഹായിച്ചു എന്നായിരുന്നു മൂന്നു പേര്‍ക്കും എതിരെയുള്ള ആരോപണം. കീഴ്‌ക്കോടതി 2 വര്‍ഷം ശിക്ഷിച്ചത് സര്‍ക്കാരിന്റെ അപ്പീലില്‍ സുപ്രീം കോടതി 5 വര്‍ഷമായി ഉയര്‍ത്തുകയാണുണ്ടായത്. 5 വര്‍ഷത്തെ ജയില്‍വാസം  എന്നായിരുന്നു ശിക്ഷ വിധിച്ച ജഡ്ജി അവരോട് പറഞ്ഞിരുന്നത്. എന്നാല്‍ 5 വര്‍ഷവും 3 മാസവും കഴിഞ്ഞിട്ടും അവരെ മോചിപ്പിക്കാനുള്ള ഒരു നടപടിയും എടുക്കുന്നതായി കാണുന്നില്ല.

കുറച്ചുനാള്‍ മുമ്പ് സൗദിയിലെ ഞങ്ങളുടെ നാട്ടുകാരനായ  ഒരു മലയാളി സാമൂഹ്യ പ്രവര്‍ത്തനോട് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. അദ്ദേഹം അന്വേഷിച്ചപ്പോള്‍ മൂന്നു പേരുടെയും ശിക്ഷാ കാലാവധി 6 വര്‍ഷം വീതമാണെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി അറിയിച്ചു. അത് ശരിയല്ലെന്നും 5 വര്‍ഷമാണ് തങ്ങളുടെ ശിക്ഷാ കാലാവധിയെന്നും എന്റെ ഭര്‍ത്താവ് തറപ്പിച്ച് പറയുന്നു. ഏതാണ് ശരി? വാസ്തവം അറിയുന്നതിന് ഞാന്‍ എന്ത് ചെയ്യണം? നിരപരാധിയായ എന്റെ ഭര്‍ത്താവ് ഒരു കാരണവുമില്ലാതെ 5 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു. ഇനിയും ഒരു നിമിഷംപോലും ജയിലില്‍ കിടക്കാന്‍ വയ്യ. എന്റെ ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും?

നജീയ, കരുനാഗപ്പള്ളി


ഉത്തരം


ശിക്ഷാകാലാവധി തീര്‍ന്നാല്‍ ഒരു നിമിഷം പോലും വൈകാതെ തടവുകാരെ മോചിപ്പിക്കണമെന്നാണ് നിയമം നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ പ്രായോഗികതലത്തില്‍ ഇത് പലപ്പോഴും നടപ്പിലായി കാണുന്നില്ല. കാലാവധി കഴിഞ്ഞ നിരവധി തടവുകാര്‍ പ്രാദേശിക സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള രേഖകള്‍ യഥാസമയം കിട്ടാത്തതു കാരണം തങ്ങളുടെ തടവ് തുടര്‍ന്നുകൊണ്ടേയിരിക്കുന്നത് സൗദിയില്‍ പതിവ് കാഴ്ചയാണ്. ഈ അവസ്ഥക്ക് ഒരു പരിഹാരം കാണണമെന്ന് പലതവണ എംബസ്സിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും നാളിതുവരെ കാര്യമായ ഒന്നും സംഭവിച്ചിട്ടില്ല.

നിങ്ങളുടെ ഭര്‍ത്താവിന്റെ ശിക്ഷാ കാലാവധി  ഉയര്‍ത്തിക്കൊണ്ട് അന്തിമവിധി പ്രസ്താവിച്ച അപ്പീല്‍ കോടതിയുടെ വിധിന്യായത്തില്‍ എല്ലാ കാര്യങ്ങളും വിശദമായി പ്രതിപാദിച്ചിട്ടുണ്ടാകണം. വിധിന്യായത്തിന്റെ പകര്‍പ്പ് തടവുകാരന്‍ ആവശ്യപ്പെട്ടാല്‍ കോടതിയില്‍ നിന്നും കിട്ടേണ്ടതായിരുന്നു. എന്തായാലും കാര്യങ്ങളെല്ലാം വിശദമാക്കിക്കൊണ്ടുള്ള  ഒരു നിവേദനം റിയാദിലെ ഇന്ത്യന്‍ എംബസ്സിക്ക് കൊടുക്കുക. ഒരു കോപ്പി ന്യൂ ഡല്‍ഹിയിലെ പ്രവാസി മന്ത്രാലയത്തിനും കൊടുക്കുക.

എംബസ്സി ഉദ്യോഗസ്ഥര്‍ കൂടെക്കൂടെ ജയിലുകള്‍ സന്ദര്‍ശിക്കാറുണ്ട്. പോരാത്തതിന് ഇപ്പോള്‍ എംബസ്സിയില്‍ സൗദി അഭിഭാഷകന്റെ സേവനവും ലഭ്യമാണ്. ഏതുവിധത്തിലും വിധിന്യായത്തിന്റെ പകര്‍പ്പ് കിട്ടുന്നതിനു ബുദ്ധിമുട്ടില്ല. അത് കിട്ടിയാല്‍ എല്ലാ കാര്യങ്ങളും വ്യക്തമാകും. പ്രാദേശിക മന്ത്രാലയങ്ങളില്‍ നിന്നുള്ള ക്ലിയറന്‍സ് എളുപ്പത്തില്‍ കിട്ടുന്നതിന്  നമ്മുടെ എംബസ്സി ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്താം. റിയാദില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ എംബസ്സിയില്‍ ജയിലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുക. എങ്കില്‍ കാര്യങ്ങള്‍ കുറച്ച് വേഗത്തില്‍ നടന്നെന്ന് വരും.

 

ചോദ്യം: 2

 

ഞാന്‍ B.Com, കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്‌ളോമ യോഗ്യതയുള്ള 27 വയസ്സുള്ള യുവാവാണ്. ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത സി വിയുടെ അടിസ്ഥാനത്തില്‍ 6 മാസങ്ങള്‍ക്ക് മുന്‍പ് ദമ്മാമിലെ ഒരു നിര്‍മ്മാണ കമ്പനിയുടെ ഉടമ എന്നെ ഫോണില്‍ വിളിച്ച് ഇന്റര്‍വ്യൂ ചെയ്തു “അക്കൌണ്ടന്റ്” എന്ന തസ്തികയിലേക്ക് തിരഞ്ഞെടുത്തതായി അറിയിച്ചു. രണ്ടു വര്‍ഷത്തെ കരാറില്‍ 5000 റിയാല്‍ ശമ്പളം, ഫാമിലി വിസ, 20,000 റിയാല്‍ പ്രതിവര്‍ഷ വീട്ടുവാടക അലവന്‍സ്, വര്‍ഷത്തില്‍ ഒരു മാസം ശമ്പളത്തോടെ അവധി, ചികിത്സാഅപകട ഇന്‍ഷുറന്‍സ് എന്നിവ വ്യവസ്ഥ ചെയ്തിട്ടുണ്ടായിരുന്നു. ഈ വ്യവസ്ഥകള്‍  അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‌പോണ്‍സര്‍ എനിക്ക് വിസയും ഫ്‌ളൈറ്റ് ടിക്കറ്റും അയച്ചുതന്നു.

ന്യൂ ദല്‍ഹിയിലെ സൗദി എംബസ്സിയില്‍ നിന്ന് എന്റെ വിസ സ്റ്റാമ്പ് ചെയ്തു. മെയ് അവസാനവാരം ഞാന്‍ ദാമ്മാമിലെത്തി. പിറ്റേ ദിവസം തന്നെ സ്ഥാപനത്തില്‍ ജോലിക്ക് റിപ്പോര്‍ട്ട് ചെയ്തു. തല്‍ക്കാലം സുഹൃത്തിനോടൊപ്പം താമസിക്കണമെന്നും രണ്ടാഴ്ച്ചക്ക് ശേഷം ജോലിക്ക് വന്നാല്‍ മതിയെന്നും സ്‌പോണ്‍സര്‍ പറഞ്ഞു. സ്‌പോണ്‍സറുടെ വാക്ക് വിശ്വസിച്ച് എന്റെ സുഹൃത്തിനോടൊപ്പം താമസമാക്കി. 15 ദിവസം കഴിഞ്ഞു ഓഫീസില്‍ എത്തിയപ്പോള്‍ ഒരു മാസം കൂടി കഴിഞ്ഞിട്ട് വരാന്‍ സ്‌പോന്‍സര്‍ പറഞ്ഞു.

ഒരു മാസം കഴിഞ്ഞു ചെന്നപ്പോള്‍ കമ്പനി നഷ്ടത്തിലാണെന്നും തല്‍ക്കാലം സ്വന്തം ചെലവില്‍ ഇക്കാമ (നിയമപരമായി താമസിക്കാനുള്ള അനുമതിപത്രം) എടുക്കണമെന്നും കമ്പനി ലാഭത്തിലാകുമ്പോള്‍ തിരികെ തരാമെന്നും പറഞ്ഞു. അതിന്‍പ്രകാരം സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കടം വാങ്ങി 6500 റിയാല്‍ സ്‌പോണ്‍സര്‍ക്ക് കൊടുത്തു. ഒരാഴ്ചക്കുള്ളില്‍ ഇക്കാമ കിട്ടി. വീണ്ടും പല തവണ സ്‌പോണ്‍സറെ ബന്ധപ്പെട്ടെങ്കിലും കമ്പനി ഇപ്പോഴും നഷ്ടത്തിലാണ് എന്നാണു പറയുന്നത്. താമസിക്കാനോ ശരിക്ക് ഭക്ഷണം കഴിക്കാനോ കഴിയാതെ ഞാന്‍ ബുദ്ധിമുട്ടുകയാണ്. എന്റെ വരുമാനം മാത്രം പ്രതീക്ഷിച്ചിരിക്കുന്ന നാട്ടിലെ കുടുംബാംഗങ്ങളും കഷ്ടപ്പെടുകയാണ്. എന്താണൊരു പ്രതിവിധി?

അന്‍വര്‍, ദമ്മാം


ഉത്തരം


6 മാസം ഒരു വരുമാനവുമില്ലാതെ സൗദി അറേബ്യയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരാളുടെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളു. സൗദിയില്‍ വന്ന ദിവസം മുതല്‍ ഇന്നേവരെയുള്ള കരാര്‍ പ്രകാരമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തരാന്‍ സ്‌പോണ്‍സര്‍ ബാദ്ധ്യസ്ഥനാണ്. ഇക്കാമയുടെ കാശും സ്‌പോണ്‍സര്‍ തന്നെയാണ് നല്‍കേണ്ടത്. ഇനിയും ഈ സ്‌പോണ്‍സറിലോ കമ്പനിയിലൊ ഒരു പ്രതീക്ഷയും വച്ചു പുലര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ താഴെ പറയുന്ന പ്രതിവിധികള്‍ അവലംബിക്കാവുന്നതാണ്:

(എ) റിയാദിലെ ഇന്ത്യന്‍ എംബസ്സിക്ക് ഒരു പരാതി കൊടുക്കുക. അവരുടെ സഹായത്തോടെ ദമ്മാമിലെ ലേബര്‍ ഓഫീസിലും പരാതി കൊടുക്കണം. (ലേബര്‍ ഓഫീസിലെ പരാതിക്ക് ഉടനെയൊന്നും പരിഹാരം കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. ചിലപ്പോള്‍ മാസങ്ങള്‍ എടുത്തെന്ന് വരും. ലേബര്‍ ഓഫീസിന്റെ തീരുമാനം കഫീല്‍ അംഗീകരിച്ചില്ലെങ്കില്‍ പിന്നെ ലേബര്‍ കോടതിയില്‍ പോകേണ്ടി വരും. അവിടെ ഒരു കേസ് തീര്‍പ്പാകാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ എടുത്തെന്ന് വരും. വസ്തുതകള്‍ ഇതൊക്കെയാണെങ്കിലും സ്‌പോണ്‍സറെ ചുരുങ്ങിയപക്ഷം സമ്മര്‍ദ്ദത്തിലാക്കാനെങ്കിലും ഈ നടപടി ഉപകരിക്കും)

(ബി) കമ്പനിയുടെ നിതാക്കത് സ്റ്റാറ്റസ് പരിശോധിക്കുക. പച്ച വിഭാഗത്തിലാണ് കമ്പനിയെങ്കില്‍ സ്‌പോണ്‍സറോട് നിങ്ങളുടെ അവസ്ഥ വിശദീകരിച്ച് സ്‌പോന്‍സര്‍ഷിപ് മാറ്റത്തിനായി ശ്രമിക്കുക. ഇനി കമ്പനി മഞ്ഞയോ ചുവപ്പോ വിഭാഗത്തിലാണെങ്കില്‍ സ്‌പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ സ്‌പോണ്‍സര്‍ഷിപ് മാറ്റാം. എന്നാല്‍ പച്ച വിഭാഗത്തിലുള്ള ഒരു സ്ഥാപനത്തിലേക്കേ സ്‌പോണ്‍സര്‍ഷിപ് മാറ്റാന്‍ കഴിയൂ എന്ന കാര്യം മറക്കരുത്.


സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1