| Tuesday, 28th October 2014, 7:41 am

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു... അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

ഡൂള്‍ന്യൂസ് ഡെസ്‌ക്


സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്.   സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും  സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.


ഭാഗം: 2


ചോദ്യം: 1

എന്റെ മകള്‍ ഷെര്‍ലി  മാത്യു സൗദി അറേബ്യയില്‍  ഒരു സ്വകാര്യ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്‌സ് ആയിരിക്കെ 2012 ഒക്ടോബര്‍ മാസത്തില്‍ അല്‍ ഖര്‍ജില്‍ വച്ചുണ്ടായ ഒരു വാഹനാപകടത്തില്‍ മരണപ്പെടുകയുണ്ടായി. റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കെ ഡ്രൈവിംഗ് ലൈസന്‍സ് പോലുമില്ലാത്ത 14 വയസ്സുകാരനായ സൗദി ബാലന്‍ ഓടിച്ച വാഹനം ഇടിച്ചായിരുന്നു മരണം സംഭവിച്ചത്. 75 ശതമാനം ബാലന്റെയും 25 ശതമാനം എന്റെ മകളുടെയും കുറ്റമാണ് എന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. മറ്റു ബന്ധുക്കളോ സുഹൃത്തുക്കളോ ആരും സൗദിയില്‍ ഇല്ലാതിരുന്നതിനാല്‍ മൃതദേഹം നാട്ടിലയക്കുന്നതിനും നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുന്നതിനും ഇന്ത്യന്‍ എംബസ്സിക്കായിരുന്നു വക്കാലത്ത് (പവ്വര്‍ ഓഫ് അറ്റോര്‍ണി) കൊടുത്തിരുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് റിയാദ് ഇന്ത്യന്‍ എംബസ്സി അയച്ച 66,327 ഇന്ത്യന്‍ രൂപ കോട്ടയം കളക്ടറേറ്റ് വഴി ഞങ്ങള്‍ക്ക് കിട്ടി. “payments of legal dues/compensation amount” എന്നായിരുന്നു ഈ തുകയോടോപ്പമുള്ള കത്തില്‍ എംബസ്സി പറഞ്ഞിരുന്നത്. ഈ തുക സൗദി കോടതി അനുവദിച്ച നഷ്ട പരിഹാരത്തുകയാണോ? എങ്കില്‍ എന്തുകൊണ്ടാണ് തുക ഇത്രയും കുറഞ്ഞുപോയത്? മരണമടഞ്ഞ മകള്‍ മാത്രമായിരുന്നു എന്റെയും ഭര്‍ത്താവിന്റെയും ഒരേ ഒരാശ്രയം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന  ഗുരുതരമായ കാന്‍സര്‍ രോഗത്താല്‍ ഞാന്‍ കഷ്ടപ്പെടുകയാണ്. കീമോതെറാപ്പി 12 കോഴ്‌സ് എടുത്തിട്ടും ഫലം കാണാത്തതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും കിട്ടുന്ന വേദന സംഹാരി മരുന്നുകളുടെ സഹായത്താല്‍ ജീവിതത്തിന്റെ അവസാന ദിവസങ്ങള്‍ എണ്ണി തിരുവല്ലയിലെ വാടക വീട്ടില്‍ കഴിയുകയാണ് ഞാനും ഭര്‍ത്താവ് മത്യൂവും . എന്റെ മരണത്തിനു മുന്‍പെങ്കിലും ഞങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരത്തുക സൗദി കോടതിയില്‍നിന്നും നേടിത്തരാന്‍ ഇന്ത്യന്‍ എംബസ്സിക്കാവുമൊ?

ലിസ്സി മാത്യു, തിരുവല്ല


ഉത്തരം


കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന  മകള്‍ നഷ്ടപ്പെടുകയും അര്‍ബുദ രോഗത്താല്‍ ദുരിതമനുഭവിക്കുകയും ചെയ്യുന്ന നിങ്ങളുടെയും കുടുംബത്തിന്റെയും ദുരിതപൂര്‍ണ്ണമായ അവസ്ഥയില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

സൗദി നിയമമനുസരിച്ച് 37,500 സൗദി റിയാലിന് തുല്യമായ തുകയാണ് (ഏകദേശം 6 ലക്ഷം ഇന്ത്യന്‍ രൂപ) കൃസ്ത്യാനിയായതിനാലും പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച് 25 ശതമാനം “തെറ്റ്” ഷെര്‍ലി മാത്യൂ ചെയ്തതിനാലും  നിങ്ങള്‍ക്ക് കിട്ടാവുന്ന പരമാവധി നഷ്ടപരിഹാരത്തുക.  ഇവിടെ ഷെര്‍ലി മാത്യൂ ചെയ്ത 25 ശതമാനം തെറ്റ് എന്താണെന്ന് വ്യക്തമല്ല. എംബസ്സിക്ക് വക്കാലത്ത് കൊടുത്തതിനാല്‍ ഈ കേസിനുവേണ്ടി കോടതിയില്‍ ഹാജരാകുന്ന എംബസ്സി പ്രതിനിധിക്ക് പോലീസ് റിപ്പോര്‍ട്ട് വായിക്കാനാകും. എന്നാല്‍ 25 ശതമാനം തെറ്റ് ഒഴിവാക്കുന്നതിനുവേണ്ടി കോടതിയില്‍ വാദിക്കാന്‍ എംബസ്സി അയക്കുന്ന പരിഭാഷകന് സാധിക്കില്ല. എംബസ്സിക്ക് വേണ്ടി കോടതിയില്‍ വാദിക്കാന്‍ സൗദി അഭിഭാഷകനെ ഇതുവരെ നിയമിച്ചിട്ടില്ലാത്തസ്ഥിതിക്ക്  കോടതി വിധിക്കുന്ന തുക വാങ്ങി കളക്ടറേറ്റ് വഴി നിങ്ങള്‍ക്ക് അയച്ചുതരാനേ ഇപ്പോഴത്തെ സാഹചര്യത്തില്‍ എംബസ്സിക്കാവൂ.

ഇപ്പോള്‍ നിങ്ങള്‍ക്ക് കളക്ടറേറ്റ് വഴി കിട്ടിയ തുക (66,327 ഇന്ത്യന്‍ രൂപ) എന്ത് മാനദണ്ഡം വച്ചായാലും കോടതി വിധിച്ച നഷ്ട പരിഹാരം ആകാന്‍ വഴിയില്ല. ശമ്പള ബാക്കിയായോ ഗ്രാറ്റിയുറ്റിയായോ  ഷെര്‍ലി മാത്യു ജോലി ചെയ്തിരുന്ന ക്ലിനിക്കില്‍നിന്നും കിട്ടേണ്ട തുകയായിരിക്കാനാണ് സാധ്യത. എന്തായാലും നിങ്ങളുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിശദീകരിച്ചുകൊണ്ടും  കേസിന്റെ തുടര്‍നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീ കരിക്കുന്നതിന്  വേണ്ട നടപടികള്‍ എടുക്കുന്നതിനും അഭ്യര്‍ത്ഥിച്ചുകൊണ്ടുമുള്ള ഒരു കത്ത് എംബസ്സി ക്ഷേമ വിഭാഗത്തിന് ഉടനെ  അയച്ചുകൊടുക്കുക (Telephone : 0096611488 4032, Fax:0096611481 0742, Emai: wel.riyadh@mea.gov.in, cw@indianembassy.org.sa)

ചോദ്യം: 2

സര്‍, ഞാന്‍ 2002 മുതല്‍ സൗദിയില്‍ ജോലി ചെയ്യുന്നു. ഞാന്‍ ഒരു ഫ്രീ വിസയില്‍ ആണ് ഇവിടെ വന്നത്. ആ കഫീല്‍ കഫാല മാറണം എന്ന് നിര്‍ബന്ധം പിടിച്ചപോള്‍ ഒരു എഗ്രിമെന്റുമില്ലാതെ ഞാന്‍ ജോലി ചെയുന്ന സ്ഥാപനത്തിലേക്ക് കഫാല മാറി. ഇപ്പോള്‍ നിതാഖാത്തില്‍പ്പെട്ട് എന്റെ കഫീല്‍ അവര്‍ എന്നോട് ചോദികാതെ അവരുടെ സഹോദരന്റെ പേരില്‍ കഫാല മാറ്റി. ഇപോഴും ഒരു എഗ്രിമെന്റും ഇല്ല . 2 വര്‍ഷം കഴിഞ്ഞു. ഞാന്‍ വിസ കാന്‍സല്‍ ചെയ്തു പോവുകയാണെങ്കില്‍ എന്റെ പത്തു വര്‍ഷത്തെ ആനുകൂല്യം തരാന്‍ ഇപോഴത്തെ കഫീല്‍ ബാദ്ധ്യസ്ഥന്‍ ആണോ?

സ്‌നേഹം പൂര്‍വ്വം
ഷിഹാബ് എ.പി
കളിക്കാവ്


ഉത്തരം


1. മുന്‍ കഫീലുമായുള്ള  എല്ലാ ബാദ്ധ്യതകളും കൊടുക്കല്‍ വാങ്ങലുകളും തീര്‍ത്തതിനു ശേഷം മാത്രമേ (ചുരുങ്ങിയത് കടലാസ്സിലെങ്കിലും) പുതിയ കഫീലിന്റെ കീഴിലേക്ക് സ്‌പോണ്‍സര്‍ഷിപ് നിയമപരമായി മാറുകയുള്ളൂ. ഇവിടെ നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് സ്‌പോണ്‍സര്‍ഷിപ് മാറിയതെങ്കില്‍പ്പോലും പഴയ കഫീലില്‍ നിന്നും കിട്ടേണ്ട എല്ലാ ആനുകൂല്യങ്ങളും കിട്ടിയതായി കണക്കാക്കേണ്ടിയിരിക്കുന്നു. രണ്ടു വര്‍ഷം കഴിഞ്ഞു എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങി പോകുമ്പോള്‍ പുതിയ കഫീലിന്റെ കീഴില്‍ വന്നതിനു ശേഷമുള്ള സര്‍വീസ് ആനുകൂല്യങ്ങള്‍ക്ക് മാത്രമേ നിങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ .

2. പുതിയ സ്‌പോണ്‍സറുമായി ഒരു കരാറുണ്ടാക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ അക്കാര്യം കഫീലുമായി  സംസാരിക്കുകയും പരസ്പരം ചര്‍ച്ച ചെയ്തു ഒരു കരാറുണ്ടാക്കുകയുമാകാം. കഫീലുമായി നിങ്ങള്‍ക്ക് നല്ല ബന്ധം ഉണ്ടെങ്കില്‍ മാത്രമേ അയ്യാള്‍ സാധാരണഗതിയില്‍ വഴങ്ങുകയുള്ളൂ. കഫീലിന് താല്പര്യമില്ലെങ്കില്‍ സമീപത്തെ ലേബര്‍ ഓഫീസില്‍ പരാതി കൊടുക്കുക. അവര്‍ നിങ്ങള്‍ രണ്ടാളെയും  ഓഫീസില്‍ വിളിച്ചുവരുത്തി ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍  ചര്‍ച്ച നടത്തുകയും രണ്ടു കൂട്ടര്‍ക്കും യോജിപ്പുള്ള ഒരു കരാറില്‍ എത്തുകയും ചെയ്യും.


സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്.   സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും  സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും  മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

We use cookies to give you the best possible experience. Learn more