ഭാഗം: 9
ചോദ്യം: 1
ഇപ്പോള്‍ യു.എ.ഇയില്‍ കുടുംബസമേതം താമസിക്കുന്ന എന്റെ ബാല്യകാല സുഹൃത്തിന് അവളുടെ വിന്റര്‍ വെക്കേഷന്‍ റിയാദില്‍ കുടുംബമായി താമസിക്കുന്ന എന്നോടൊപ്പം ചെലവഴിക്കാന്‍ താല്‍പര്യമുണ്ട്. ഭര്‍ത്താവിന് അവളുടെ കൂടെ വരാന്‍ കഴിയില്ല. അതിനാല്‍ അവള്‍ ഒറ്റക്കാണ് വരാന്‍ ഉദ്ദേശിക്കുന്നത്. അവള്‍ക്ക് വിസ കിട്ടുമോ?
ഫാത്തിമ, റിയാദ്
ഉത്തരം
സൗദിയില്‍ നിങ്ങളോടൊപ്പം അവധിക്കാലം ചെലവഴിക്കാനുള്ള യു.എ.ഇ സുഹൃത്തിന്റെ ആഗ്രഹം അത്ര എളുപ്പം പൂവണിയില്ലെന്നു തന്നെ പറയാം. കുറച്ചു വളഞ്ഞ വഴികള്‍ അവലംബിച്ചാല്‍ ചിലപ്പോള്‍ നടന്നേക്കാം. അതിന്റെ കാരണങ്ങള്‍ പലതാണ്.
ഒരു സ്‌പോണ്‍സര്‍ ഇല്ലാതെ സൗദിയില്‍ ആര്‍ക്കും വരാനാകില്ല. ഒറ്റയ്ക്ക് സൗദി സന്ദര്‍ശിക്കുന്നതിന് ഒരു സ്ത്രീക്ക് സാധാരണ ഗതിയില്‍ വിസ കിട്ടില്ല. ഒരു സ്ത്രീ സൗദിയില്‍ പ്രവേശിക്കുന്നത് ഒന്നുകില്‍ ഭര്‍ത്താവിനോടൊപ്പം അല്ലെങ്കില്‍ ഒരു മഹ്രത്തോടൊപ്പം (Mahrem-രക്ഷിതാവ്) ആയിരിക്കണം. യുവതിയുടെ അടുത്ത ബന്ധുക്കളായ സ്ത്രീകളോ അല്ലെങ്കില്‍ യുവതിയെ നിയമപരമായി വിവാഹം കഴിക്കാന്‍ സാധിക്കാത്ത രക്തബന്ധുക്കളായ പുരുഷന്മാരോ ആണ് മഹ്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സൗദിയില്‍ തൊഴില്‍ വിസയില്‍ പോകുന്ന സ്ത്രീകളുടെ കാര്യത്തില്‍ സ്‌പോണ്‍സര്‍ (കഫീല്‍) ആണ് താല്‍ക്കാലിക മഹ്രം. സൗദിയില്‍ ബിസിനസ് ആവശ്യത്തിനോ കോണ്‍ഫറന്‍സിനോ ഒറ്റക്ക് പോകുന്നതില്‍ സ്ത്രീകള്‍ക്ക് വിലക്കില്ല. അവരുടെ മഹ്രം അവര്‍ക്ക് വിസ കൊടുക്കുന്ന ബിസിനസ് സ്ഥാപനമായിരിക്കും.
സൗദി അറേബ്യയില്‍ ഇപ്പോള്‍ ടൂറിസ്റ്റ് വിസ കൊടുക്കുന്നില്ല. നിങ്ങളുടെ സുഹൃത്തിന്റെ അടുത്ത രക്തബന്ധുക്കള്‍ റിയാദില്‍ ഉണ്ടെങ്കില്‍ അവര്‍ വഴി ചിലപ്പോള്‍ വരാന്‍ കഴിഞ്ഞെന്നിരിക്കും. അതുപോലെ പരിചയമുള്ള കമ്പനികള്‍ ഉണ്ടെങ്കില്‍ അവരുടെ ബിസിനസ് വിസയിലും വരാം.
ചോദ്യം: 2
ഞാന്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ വിസയില്‍ ദമ്മാമിലെ ഒരു ആട്ടോമൊബൈല്‍ കമ്പനിയില്‍ ഒക്ടോബര്‍ 20നു ജോലിക്ക് ചേര്‍ന്നു. എന്നാല്‍ ഇതുവരെ എനിക്ക് ഇക്കാമ (resident permit) കിട്ടിയിട്ടില്ല. സൗദി എഞ്ചിനീയറിംഗ് കൗണ്‍സിലിന്റെ രജിസ് ട്രേഷന്‍ ഉണ്ടെങ്കിലെ എനിക്ക് resident permit കിട്ടൂവെന്നാണ് എന്റെ കമ്പനിയുടെ മന്ദൂബ് (liaison officer) പറയുന്നത്. എങ്ങനെയാണ് സൗദി എഞ്ചിനീയറിംഗ് കൗണ്‍സിലില്‍ രജിസ്ടര്‍ ചെയ്യേണ്ടത്? രജിസ്‌ട്രേഷന്‍ കിട്ടുന്നതിന് പരീക്ഷ ഉണ്ടോ? എനിക്ക് തിരുവനന്തപുരം സി.ഇ.ടിയില്‍ നിന്നും ബിരുദവും 3 വര്‍ഷത്തെ പരിചയവുമുണ്ട്. എന്റെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും നോര്‍ക്കയും ഡല്‍ഹിയിലെ സൗദി എംബസ്സിയും അറ്റസ്റ്റ് ചെയ്തിട്ടുണ്ട്.
മുനീര്‍, ദമാം
ഉത്തരം
നിങ്ങളുടെ മന്ദൂബ് പറഞ്ഞത് ശരിയാണ്. സൗദി എഞ്ചിനീയറിംഗ് കൗണ്‍സിലില്‍ രജിസ്ടര്‍ ചെയ്താലേ നിങ്ങള്‍ക്ക് പുതിയ resident permit കിട്ടുകയുള്ളൂ. അവരുടെ വെബ് സൈറ്റില്‍ വിവരങ്ങള്‍ കൊടുത്തിട്ടുണ്ട് (http://www.saudieng.sa/English/Pages/default.aspx). ഇപ്പോള്‍ നാല് ഗ്രേഡ്കളിലുള്ള എഞ്ചിനീയറിംഗ് രജിസ്‌ട്രേഷ നാണ് കൌണ്‍സില്‍ കൊടുക്കുന്നത്. എഞ്ചിനീയര്‍ (E), അസോസിയേറ്റ് എഞ്ചിനീയര്‍ (AE) പ്രൊഫഷണല്‍ എന്‍ജിനീയര്‍ (PE), കണ്‍സള്‍ട്ടന്റ് എങ്ങിനീയര്‍ (CE) എന്നിവ. ഇതില്‍ എങ്ങിനീയര്‍ (E) ഗ്രേഡ് ഒഴികെ എല്ലാത്തിനും പരീക്ഷയോ ഇന്റര്‍വ്യൂവോ ഉണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട്, കൗണ്‍സിലിലേക്കുള്ള കമ്പനി ലെറ്റര്‍ എന്നിവ സ്‌കാന്‍ ചെയ്ത് ഓണ്‍ലൈനായി സബ്മിറ്റ് ചെയ്യണം. കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ അംഗീകരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അറിയിപ്പ് കിട്ടും. അതിനുശേഷം ഇക്കാമക്ക് അപേക്ഷിക്കാം.
സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം
സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.
ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:
Saudi Post
Doolnews.com
UKS Road, Calicut 1