ഭാഗം: 13
ചോദ്യം: 1
കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ ജിദ്ദയില്‍ ജോലി ചെയ്യുന്നു. നിതാക്കത് രൂക്ഷമായി നിന്ന സമയത്തായിരുന്നു ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ഞാന്‍ സ്‌പോണ്‍സര്‍ഷിപ് മാറ്റിയത്. ഈ കഫീലുമായി പുതിയ കരാര്‍ ഉണ്ടാക്കാനൊന്നും അന്ന് കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ കഴിഞ്ഞ മൂന്നാഴ്ചയായി കഫീല്‍ ചുവപ്പ് വിഭാഗത്തിലാണ്. എന്റെ ശമ്പളം വളരെ കുറവാണ്. രണ്ടു മാസത്തെ ശമ്പളം തരാനുണ്ട്. ഞാന്‍ നല്ല വിദ്യാഭ്യാസ യോഗ്യതയും ജോലി പരിചയവുമുള്ള യുവാവാണ്. മറ്റൊരു സ്ഥാപനത്തിലേക്ക് മാറാനുള്ള അനുമതി ചോദിച്ചപ്പോള്‍ കഫീല്‍ 10,000 റിയാല്‍ ആവശ്യപ്പെടുന്നു. എനിക്ക് അതൊന്നും കൊടുക്കാനുള്ള കഴിവില്ല. എന്താണ് ചെയ്യേണ്ടത്?
രാജേഷ്‌കുമാര്‍, ജിദ്ദ
ഉത്തരം
മഞ്ഞയോ ചുവപ്പോ വിഭാഗങ്ങളില്‍പെടുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കഫീലിന്റെ അനുവാദം കൂടാതെ തന്നെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറാമെന്നത് നിതാക്കത്തിന്റെ ഒരു പ്രത്യേകതയാണ്. കഫീലിന്റെ ഇപ്പോഴത്തെ നിതാക്കത്ത് പദവി ഏതാണെന്ന് മനസ്സിലാക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ സൈറ്റ് വഴി (http://www.mol.gov.sa/services/inquiry/nonsaudiempinquiry.aspx) കഴിയും. കഫീലിന്റെ നിതാക്കത്ത് പദവി ചുവപ്പാണെന്ന് ഉറപ്പിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു:
(1) പുതിയ ജോലി അന്വേഷിക്കുക. പുതിയ കഫീലിന്റെ നിതാക്കത് പദവി “പച്ച” അല്ലെങ്കില്‍ “പ്ലാറ്റിനം” വിഭാഗങ്ങളില്‍ പെടുന്നതാണെന്ന് ഉറപ്പ് വരുത്തുക (ഇത് രണ്ടും അല്ലാത്ത വിഭാഗങ്ങളിലേക്ക് മാറ്റം നടക്കില്ല). ശമ്പളവും മറ്റാനുകൂല്യങ്ങളും വാര്‍ഷികാവധിയും എല്ലാം ഉള്‍പ്പെടുന്ന ഓഫര്‍ ലെറ്റര്‍ പുതിയ സ്ഥാപനത്തില്‍ നിന്നും നിര്‍ബന്ധമായും വാങ്ങിയിരിക്കണം
(2) ഒരു മാസത്തെ നോട്ടീസില്‍ രാജിക്കത്ത് കഫീലിന് കൊടുക്കുക. സ്‌പോണ്‍സര്‍ഷിപ് മാറ്റം ആവശ്യമുണ്ടെന്ന കാര്യം രാജിക്കത്തില്‍ പ്രത്യേകം എഴുതിയിരിക്കണം. അതുപോലെ താങ്കള്‍ക്ക് കിട്ടാനുള്ള ശമ്പള ബാക്കിയും ഗ്രാറ്റ്വിറ്റിയും ആവശ്യപ്പെടണം.
(3) കഫീല്‍ രാജി അംഗീകരിക്കുകയോ അല്ലെങ്കില്‍ നോട്ടീസ് കാലാവധി അവസാനിക്കുകയോ ചെയ്താലുടനെ പാസ്‌പോര്‍ട്ടും ഇക്കാമയും (resident permit) പുതിയ സ്ഥാപനത്തില്‍ സമര്‍പ്പിക്കണം. (ഇനി അഥവാ പാസ്‌പോര്‍ട്ട് കഫീല്‍ തരുന്നില്ലെങ്കില്‍ പുതിയ പാസ്‌പോര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ ലഭിക്കാവുന്നതേയുള്ളൂ)
(4) ബാക്കിയുള്ള കാര്യങ്ങളെല്ലാം പുതിയ സ്ഥാപനം (കഫീല്‍) നോക്കിക്കൊള്ളും. നിങ്ങളുടെ പഴയ കഫീല്‍ ചുവപ്പ് വിഭാഗത്തില്‍ ആയതിനാല്‍ അയ്യാളുടെ അനുവാദം വാങ്ങേണ്ട കാര്യം ഇല്ല.
(5) സ്‌പോണ്‍സര്‍ഷിപ് മാറ്റത്തിന്റെ അവസ്ഥ അറിയാന്‍ കൂടെക്കൂടെ തൊഴില്‍ മന്ത്രാലയത്തിന്റെ സൈറ്റ് (http://mol.gov.sa/services/inquiry/laborofficeservicesinquiry.aspx) നോക്കിയാല്‍ മതിയാകും. എല്ലാ കടലാസുകളും ശരിയാകുന്നതിന് സാധാരണ ഗതിയില്‍ ഒന്നര മാസത്തോളം എടുക്കും.
(6) ശമ്പള ബാക്കിയും ഗ്രാറ്റ്വിറ്റിയും പഴയ കഫീല്‍ തന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ലേബര്‍ ഓഫീസിനെ സമീപിക്കാം.
പഴയ എക്‌സിറ്റ് റീ എന്ട്രി വിസ ക്യാന്‍സല്‍ ചെയ്തില്ല; പുതിയ ജോലിയെ ബാധിക്കുമോ?
ചോദ്യം: 2
രണ്ട് വര്‍ഷം ഞാന്‍ സൗദി ആരോഗ്യമന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തിരുന്നു.. എന്നാല്‍ 2012 മാര്‍ച്ച് മാസത്തില്‍ മൂന്നു മാസത്തെ എക്‌സിറ്റ് റീ എന്ട്രി വിസയില്‍ നാട്ടില്‍ പോയ എനിക്ക് ഉപരിപഠനത്തിന് അഡ്മിഷന്‍ കിട്ടിയതിനാല്‍ തിരിച്ച് പോകാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ആരോഗ്യ മന്ത്രാലയത്തില്‍ തന്നെ വീണ്ടും എനിക്ക് ജോലി വാഗ്ദാനം ചെയ്തിരിക്കുകയാണ്. അധികം വൈകാതെ വിസ ലഭിക്കും. എന്റെ ചോദ്യം ഇതാണ്: 2012ല്‍ എക്‌സിറ്റ് റീ എന്ട്രിയില്‍ വന്നിട്ട് തിരിച്ച് പോകാത്തതിനാല്‍ പുതിയ വിസയില്‍ സൗദിയില്‍ പോകുന്നതിന് എന്തെങ്കിലും നിയമതടസ്സം ഉണ്ടോ?
ജിജി, പത്തനംതിട്ട
ഉത്തരം
കുറ്റകൃത്യങ്ങളിലൊന്നും ഏര്‍പ്പെട്ടിട്ടല്ല നിങ്ങള്‍ തിരിച്ചുവന്നതെങ്കില്‍ പുതിയ വിസയില്‍ സൗദിയിലേക്ക് തിരിച്ചു പോകുന്നതിന് ഒരു പ്രശ്‌നവും ഞാന്‍ കാണുന്നില്ല. എക്‌സിറ്റ് റീ എന്ട്രിയില്‍ സൗദിയില്‍ നിന്നും പുറത്തു പോകുന്നവര്‍ ഏതെങ്കിലും കാരണവശാല്‍ തിരിച്ചു ചെന്നില്ലെങ്കില്‍ വിസ ക്യാന്‍സല്‍ ചെയ്യേണ്ടതാണ്. ഇത് സൗജന്യമായി ഓണ്‍ലൈന്‍ ആയിത്തന്നെ ചെയ്യാന്‍ കഴിയും. എന്നാല്‍ വിസ കാലാവധി കഴിഞ്ഞാല്‍ ക്യാന്‍സല്‍ ചെയ്യുന്നതിന് പിഴ (1000 റിയാല്‍) ഒടുക്കേണ്ടിവരും. എന്നാല്‍ 2 വര്‍ഷത്തെ കാത്തിരിപ്പ് കാലത്തിനുശേഷം പുതിയ വിസയില്‍ വരുന്നവര്‍ക്ക് 1000 റിയാല്‍ പിഴ ഒടുക്കേണ്ടതില്ല.
സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം
സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.
ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:
Saudi Post
Doolnews.com
UKS Road, Calicut 1