തന്റെ കീഴില്‍ ജോലി ചെയ്യുന്ന ഒരു വിദേശിയുടെ മേല്‍ സ്‌പോണ്‍സര്‍ക്ക് സൗദി നിയമം കൊടുത്തിരിക്കുന്ന വിശേഷാധികാരമായ “ഹുറൂബ് ” (സ്‌പോണ്‍സറുടെ ജോലിസ്ഥലത്തുനിന്നും ഒളിച്ചോടിയവന്‍/വള്‍ എന്നര്‍ത്ഥം) എന്ന മൂര്‍ച്ചയേറിയ വാള്‍ സ്ഥാനത്തും അസ്ഥാനത്തും ചില സൗദികള്‍ ഉപയോഗിക്കുന്നുണ്ട്.
ഭാഗം: 5
ഞാന്‍ സൗദിയില്‍ ഇരുപതു വര്‍ഷമായി മറൈന്‍ കോണ്ട്രാക്ടിംഗ് കമ്പനിയില്‍ ജോലിചെയ്തു വരുന്നു. ഇതൊരു ഷെയേര്‍ ഹോള്‌ടെര്‍ കമ്പനിയാന്നു മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കമ്പനിയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. മക്കളും അച്ഛനും തമ്മിലാന്നു കുഴപ്പം സ്ഥാപനം ഇപ്പോള്‍ അച്ഛന്റെ കയ്യിലാണ് ഞാനിപ്പോള്‍ അച്ഛന്റെ കൂടെയാന്നു അതിന്റെ പ്രതികാരം തീര്‍ക്കാന്‍ വേണ്ടി മക്കള്‍ എന്റെ ഇക്കാമ (Civil Id )ഹുറൂഭാക്കി ഇത്
വീണ്ടും ശരിയാക്കാന്‍ എന്താന്നു വഴി?
ദയവു ചെയുതു പേര് പ്രസിദ്ധീകരിക്കരുത്
മിസ്റ്റര്‍ എക്‌സ്, കമ്പനി തൊഴിലാളി
ഉത്തരം
സൗദിയിലെ ഒരു വിദേശ തൊഴിലാളിയെ സംബന്ധിച്ചിടത്തോളം ഹുറൂബ് എന്ന അവസ്ഥ കൊടിയ മാനസിക പീഡനമാണ് അയ്യാള്‍ക്ക് സമ്മാനിക്കുന്നത് . ഹുറൂബ് ആയ വ്യക്തി സൗദി നിയമത്തിന്റെ മുന്നില്‍ ഒരു കുറ്റവാളി ആണ്. ഹുറൂബായിരിക്കുമ്പോള്‍ ഇക്കാമ (resident permit) സസ്‌പെന്റ് ചെയ്യുകയും പാസ്‌പോര്‍ട്ട് തടഞ്ഞ് വക്കുകയും ചെയ്യും. ഈ അവസ്ഥയില്‍ എത്ര വലിയ അടിയന്തിര സാഹചര്യം ഉണ്ടായാലും അയ്യാള്‍ക്ക് നാട്ടില്‍ പോകാന്‍ സാധിക്കില്ല. ഉപജീവനത്തിന് പോലും ജോലി ചെയ്യാന്‍ കഴിയില്ല; ആരും അയ്യാള്‍ക്ക് ജോലി കൊടുക്കില്ല. അയ്യാളെ എപ്പോള്‍ വേണമെങ്കിലും ജയിലിലടക്കുകയോ നാടു കടത്തുകയോ ചെയ്യാം. ഹുറൂബ് പിന്‍വലിക്കാതെ നാടു കടത്തപ്പെട്ട വിദേശിക്ക് സൗദിയില്‍ മാത്രമല്ല, ഒരു ഗള്‍ഫ് രാജ്യത്തും തൊഴില്‍ വിസയില്‍ ഒരിക്കലും തിരിച്ചു വരാന്‍ സാദ്ധ്യമല്ല.
തന്റെ കീഴില്‍ ജോലി ചെയ്യുന്ന ഒരു വിദേശിയുടെ മേല്‍ സ്‌പോണ്‍സര്‍ക്ക് സൗദി നിയമം കൊടുത്തിരിക്കുന്ന വിശേഷാധികാരമായ “ഹുറൂബ് ” (സ്‌പോണ്‍സറുടെ ജോലിസ്ഥലത്തുനിന്നും ഒളിച്ചോടിയവന്‍/വള്‍ എന്നര്‍ത്ഥം) എന്ന മൂര്‍ച്ചയേറിയ വാള്‍ സ്ഥാനത്തും അസ്ഥാനത്തും ചില സൗദികള്‍ ഉപയോഗിക്കുന്നുണ്ട്. അപ്പനും മക്കളും തമ്മിലുള്ള അധികാര വടംവലിയില്‍ ഇവിടെ ബലിയാടായത് ജീവനക്കാരാണെന്നാണ് കത്തില്‍ നിന്നും മനസ്സിലാക്കുന്നത്. സാങ്കേതികമായി നിങ്ങള്‍ അപ്പന്റെ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെങ്കിലും നിയമപരമായി മക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണല്ലോ ജോലി ചെയ്യേണ്ടിയിരുന്നത്? അത് ചെയ്യാതിരുന്നപ്പോഴാണല്ലോ മക്കള്‍ നിങ്ങളെ ഹുറൂബ് ആക്കിയത്?
ഹുറൂബ് പിന്‍വലിക്കുന്നതിന് താഴെപ്പറയുന്ന മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് അവലംബിക്കാവുന്നതാണ്:
(a) മക്കളുടെ സ്ഥാപനത്തില്‍ നിങ്ങള്‍ക്ക് ഉചിതമായ ജോലി ലഭ്യമാണെങ്കില്‍ അവരോടൊപ്പം ചേരുന്നതിനുള്ള നിങ്ങളുടെ സന്നദ്ധത അവരെ അറിയിക്കുകയും ഹുറൂബ് പിന്‍വലിക്കാന്‍ അവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. ഉചിതമായ ജോലി ലഭ്യമല്ലെങ്കില്‍ ഹുറൂബ് പിന്‍വലിക്കുന്നതിനും നാട്ടിലേക്ക് പോകാനോ സൗദിയില്‍ തന്നെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറുന്നതിനോ ഉള്ള സാഹചര്യം ഉണ്ടാക്കുന്നതിനും മക്കളോട് അഭ്യര്‍ത്ഥിക്കുക.
(b) മക്കള്‍ തങ്ങളെ ഹുറൂബ് ആക്കിയത് അന്യായമാണെന്ന് കാണിച്ച് അടുത്ത ലേബര്‍ ഓഫീസില്‍ പരാതി കൊടുക്കുക. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ ലേബര്‍ വകുപ്പ് തന്നെ മുന്‍കൈയെടുത്ത് നിങ്ങളുടെ ഹുറൂബ് പിന്‍വലിക്കും.
(c) മേല്‍പ്പറഞ്ഞ രണ്ട് കാര്യങ്ങളും നടന്നില്ലെങ്കില്‍ പാസ്‌പോര്‍ട്ട് ഓഫീസിലെ നാടുകടത്തല്‍ കേന്ദ്രത്തെ (deportation cetnre) സമീപിക്കുക. സ്‌പോണ്‍സര്‍ക്ക് സാമ്പത്തിക ബാധ്യത ഒന്നും നിങ്ങള്‍ വരുത്തിയിട്ടില്ലെങ്കിലോ മറ്റ് കേസുകള്‍ ഒന്നും ഇല്ലെങ്കിലോ ഹുറൂബ് പിന്‍വലിക്കാതെ തന്നെ നിങ്ങളെ അവര്‍ നാട്ടിലേക്ക് കയറ്റിയയക്കും. എന്നാല്‍ ഇങ്ങനെ പോയാല്‍ പിന്നെ ജോലിക്കുവേണ്ടി സൗദി അറേബ്യയിലോ മറ്റ് ഗള്‍ഫ് നാടുകളിലെക്കോ വരാന്‍ കഴിയില്ലന്നൊരു പ്രശ്‌നമുണ്ട്.
ചെറിയ വാഹനം ഒടിക്കാനുള്ള സൗദി ഡ്രൈവിങ് ലൈസന്‍സുള്ള ഞാന്‍ കമ്പനിയുടെ നിര്‍ബന്ധപ്രകാരം വലിയ വാഹനങ്ങളാണ് ഓടിക്കുന്നത്. എന്റെ വാഹനം വല്ല അപകടത്തിലും പെട്ട് ഞാന്‍ മരണപ്പെട്ടാല്‍ എന്റെ കുടുബത്തിന് എന്തെങ്കിലും ആനുകൂല്യം ലഭിക്കുമോ?
എന്റെ വാഹനം അപകടത്തില്‍ പെട്ട് മറ്റൊരാള്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ ആ കുടുംബത്തിനു ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുമോ?
പല പ്രാവശ്യം എന്നെ പോലീസ് പിടിച്ചുവെങ്കിലും വെറുതെ വിടുകയാണ് ചെയ്തത്. നിയമ വിരുദ്ധമായി ഹെവി വെഹിക്കിള്‍ ഓടിക്കാന്‍ നിര്‍ബന്ധിക്കുന്ന കമ്പനിക്കെതിരെ എവിടെയാണ് ഞാന്‍ പരാതിപ്പെടെണ്ടത് ?
ഹാരിസ് എം
മക്കിയ, റിയാദ്
ഉത്തരം
സൗദി അറേബ്യയിലെ വിദേശ ഡ്രൈവിംഗ് തൊഴിലാളികള്‍ ദീര്‍ഘകാലമായി പറഞ്ഞു കൊണ്ടിരിക്കുന്നതും ഇതുവരെയും പരിഹാരം കാണാന്‍ കഴിയാത്തതുമായ പരാതികളാണ് ഹാരിസ് തന്റെ ചോദ്യങ്ങളിലൂടെ ഉന്നയിക്കുന്നത്. ഈ വിഷയത്തില്‍ തൊഴിലാളികള്‍ക്ക് ശക്തമായ ബോധവല്‍ക്കരണം നടത്തുകയും എമിഗ്രേഷന്‍ ചട്ടങ്ങളില്‍ അടിയന്തരമായ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുകയും വേണം.
ആരൊക്കെ നിര്‍ബന്ധിച്ചാലും എന്തൊക്കെ സമ്മര്‍ദ്ദങ്ങളുണ്ടായാലും സൗദി ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെയോ അപകട ഇന്‍ഷുറന്‍സ് എടുക്കാതെയോ ഒരു നിമിഷം പോലും വാഹനം നിരത്തിലിറക്കാന്‍ പാടില്ല. ഇതുവരെ പോലീസ് തടഞ്ഞിട്ടില്ലെങ്കില്‍ പോലും ചെറിയ വാഹനത്തിന്റെ ലൈസന്‍സില്‍ (ലൈറ്റ് ഡ്യൂട്ടി) വലിയ വാഹനം (ഹെവി ഡ്യൂട്ടി) ഓടിക്കുന്നത് നിയമ വിരുദ്ധമാണ്. പുതുതായി സൗദിയില്‍ വന്നവര്‍ക്കും വര്‍ഷങ്ങളുടെ പരിചയം ഉള്ളവര്‍ക്കും ഈ സുവര്‍ണ്ണ നിയമം ഒരുപോലെ ബാധകമാണ്. സ്‌പോണ്‍സറുടെ നിര്‍ബന്ധപ്രകാരം അല്ലെങ്കില്‍ ഭീഷണിയുടെമേല്‍ (ഹുറൂബാക്കും, ശമ്പളം തരില്ല, ദേഹോപദ്രവം എല്‍പ്പിക്കും, താമസ സ്ഥലത്തുനിന്നു ഇറക്കി വിടും തുടങ്ങിയ ഭീഷണികള്‍) ഇങ്ങനെ ചെയ്യുന്നവര്‍ തങ്ങള്‍ക്കു ചിന്തിക്കാന്‍ പോലും പറ്റാത്തത്ര വലിയ അപകടത്തിലേക്കാണ് വാഹനമോടിക്കുന്നത് എന്ന് ഓര്‍ക്കുക. എത്രയെത്ര നിരപരാധികളാണ് ഇത്തരത്തില്‍ അപകടത്തില്‍ പെട്ട് ഭീമമായ നഷ്ട പരിഹാരം കൊടുക്കാന്‍ കഴിയാതെ സൗദിയിലെ ജയിലറകളില്‍ കഴിയുന്നതെന്നറിയാമോ? എന്തെങ്കിലും അപകടം സംഭവിച്ചാല്‍ “ഞാന്‍ നോക്കിക്കോളാം” എന്ന് സത്യം ചെയ്യുന്ന സൗദി സ്‌പോണ്‍സറെ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കുകയോ അയ്യാളുടെ വാക്കുകള്‍ മുഖവിലക്കെടുക്കുകയോ ചെയ്യരുത്. കാരണം എന്തെങ്കിലും അപകടം സംഭവിച്ചാല്‍ സ്‌പോണ്‍സര്‍ക്കു ഒരുവിധത്തിലും നിങ്ങളെ സഹായിക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം.
ചെറിയ വാഹനം ഓടിക്കാനുള്ള ലൈസന്‍സില്‍ വലിയ വാഹനം ഓടിക്കുന്ന ഹാരിസിന്റെ വാഹനം അപകടത്തില്‍ പെട്ടാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. അതുപോലെ തന്നെ സൗദി ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ ഓടിക്കുന്ന വണ്ടി അപകടത്തില്‍ പെട്ടാലും ഇന്‍ഷുറന്‍സ് ലഭിക്കില്ല.
കമ്പനി നിങ്ങളെ നിയമ വിരുദ്ധമായി വലിയ വണ്ടി ഓടിക്കാന്‍ നിര്‍ബന്ധി ക്കുകയാണെങ്കില്‍ തൊട്ടടുത്ത ലേബര്‍ ഓഫീസില്‍ പരാതിപ്പെടണം.
സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം
സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.
ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:
Saudi Post
Doolnews.com
UKS Road, Calicut 1