| Tuesday, 10th February 2015, 8:38 pm

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭാഗം: 15



ചോദ്യം 1

കൊല്ലം ജില്ലക്കാരായ ഞങ്ങള്‍ 4 പേര്‍ 2013 ഫെബ്രുവരി മാസം റിയാദില്‍ എത്തി. സൗദിയില്‍ തന്നെ ജോലി ചെയ്യുന്ന നാട്ടുകാരനായ അഷറഫ് എന്ന ആളാണ് ഞങ്ങള്‍ക്ക് വിസ തന്നത്. ഫ്രീ വിസ എന്നാണു പറഞ്ഞത്. റിയാദില്‍ എത്തിയാലുടനെ ഞങ്ങള്‍ക്ക് ഇക്കാമ തന്ന് പുറത്ത് ഇഷ്ടപ്പെട്ട ജോലി ചെയ്യാമെന്ന് എജന്റ് ഉറപ്പ് പറഞ്ഞിരുന്നു. ഓരോരുത്തരും 145000 രൂപ വീതമാണ് ഏജന്റിന്റെ നാട്ടിലെ ബന്ധുവിന് കൊടുത്തത്.

റിയാദില്‍ എത്തിയ ഞങ്ങളെ എജന്റ് ഒരു ഫ്‌ലാറ്റില്‍ കൊണ്ടുപോയി താമസിപ്പിച്ചു. ചെലവിനായി എല്ലാര്‍ക്കും 100 റിയാല്‍ വീതം തന്നു. ഞങ്ങളുടെ പാസ്‌പോര്‍ട്ടുകളും അയാള്‍ കൊണ്ടുപോയി. ഉടനെ തന്നെ ഇക്കാമ കിട്ടുമെന്നും പുറത്ത് ജോലിക്ക് പോകാമെന്നും പറഞ്ഞു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ഇക്കാമ കിട്ടിയില്ല. പിന്നീട് അയാളെ ഫോണില്‍ കിട്ടാതായി.

അന്വേഷണത്തില്‍ അയാള്‍ ജയിലിലാണെന്ന് മനസ്സിലായി. ഞങ്ങള്‍ക്ക് തന്ന വിസ അയാള്‍ ജോലിചെയ്യുന്ന കമ്പനിയില്‍ നിന്നും മറ്റൊരു സുഡാനിയുടെ സഹായത്തോടെ മോഷ്ടിച്ചതാണെന്നും സ്‌പോണ്‍സര്‍ ഇക്കാര്യം അറിഞ്ഞപ്പോള്‍ രണ്ടാളെയും പോലീസില്‍ എല്‍പ്പിച്ചതായും മനസ്സിലായി. മാത്രമല്ല ഞങ്ങളെ സ്‌പോണ്‍സര്‍ ഹുറൂബ് (ഒളിച്ചോട്ടക്കാര്‍) ആയി പ്രഖ്യാപിച്ചെന്നും ഞങ്ങളെയും പോലീസില്‍ ഏല്‍പ്പിക്കാന്‍ അന്വേഷിക്കുന്നതായും മനസ്സിലായി.

ഇതറിഞ്ഞ ഉടനെ തന്നെ ഞങ്ങള്‍ ഒരു സുഹൃത്തിന്റെ ഉപദേശമനുസരിച്ച് റിയാദില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സ്ഥലത്ത് പോയി ചെറിയ ജോലികള്‍ ചെയ്ത് ജീവിച്ച് വരുകയാണ്. സൗദിയിലെ പുതിയ നിയമങ്ങള്‍ കാരണം ഞങ്ങള്‍ക്ക് നല്ല ജോലിയോ ശരിയായ ശമ്പളമോ കിട്ടുന്നില്ല. വലിയ ദുരിതത്തിലാണ് ഞങ്ങള്‍ കഴിയുന്നത്. എങ്ങനെയെങ്കിലും ഞങ്ങള്‍ക്ക് നാട്ടിലെത്തിയാല്‍ മതി. എന്താണ് മാര്‍ഗം?

സതീശന്‍, ശ്രീകുമാര്‍, സുമേഷ്, രഘു


ഉത്തരം


സൗദിയിലെ അധോലോക വിസക്കച്ചവടത്തിന്റെയും മനുഷ്യക്കടത്തിന്റെയും  നേര്‍സാക്ഷ്യപത്രമാണ് ഹതഭാഗ്യരായ ഈ യുവാക്കളുടെ കത്ത്.  സ്ഥാപനങ്ങളുടെ ഔദ്യോഗിക അറിവോ സമ്മതമോ ഇല്ലാതെ,  ചില ജീവനക്കാരുടെ ഒത്താശയോടെ, വിസ രേഖകള്‍ കൈക്കലാക്കുകയും, അനധികൃതമാര്‍ഗങ്ങളില്‍ കൂടി റിക്രൂട്ട്‌മെന്റ് നടത്തി നിരപരാധികളെ സൗദിയില്‍ കൊണ്ടുവന്ന് കഷ്ടപ്പെടുത്തുകയും ചെയ്യുന്ന പ്രവണത വ്യാപകമായി നടക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ ഇത് കണ്ടെത്തി പരിഹരിക്കുന്നതിന് ഫലപ്രദമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടില്ല.

ഈ ദയനീയമായ അവസ്ഥയില്‍ നിന്നും നിങ്ങളെ രക്ഷപ്പെടുത്താന്‍ നിങ്ങളെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സ്‌പോണ്‍സര്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. എത്രയും പെട്ടെന്ന് നിങ്ങള്‍ ആ സ്ഥാപനത്തിലേക്ക് ചെന്ന് നടന്ന സംഭവങ്ങള്‍ കൃത്യമായി സ്‌പോണ്‍സര്‍ക്ക് മുന്നില്‍ വിശദീകരിക്കുക.

നിങ്ങള്‍ നിരപരാധികളാണെന്നു ബോധ്യപ്പെട്ടാല്‍ ചിലപ്പോള്‍ നിങ്ങളുടെ ഹുറൂബ് പിന്‍വലിച്ച്, നിങ്ങളെ അയാളുടെ സ്ഥാപനത്തില്‍ നിയമിക്കുകയോ നാട്ടിലേക്ക് എക്‌സിറ്റില്‍ തിരിച്ചയക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്യും. നേരിട്ട് നിങ്ങള്‍ സ്‌പോണ്‍സറെ സമീപിക്കുന്നതിനേക്കാള്‍ നല്ലത്,  റിയാദിലെ ഇന്ത്യന്‍ എംബസ്സിയുടെ ക്ഷേമവിഭാഗവുമായി ബന്ധപ്പെട്ട് എംബസ്സിയുടെ മാധ്യസ്ഥതയില്‍ സ്‌പോണ്‍സറുമായി ഒരു ധാരണ ഉണ്ടാക്കുന്നതാണ്.

പുറമേ നിങ്ങളെ കബളിപ്പിച്ച് സൗദിയില്‍ കൊണ്ടുവന്ന എജന്റിനും കയറ്റിവിടാന്‍ കൂട്ടുനിന്ന ട്രാവല്‍ എജന്റിനും എതിരെ കേരളപോലീസിലെ  എന്‍.ആര്‍.ഐ സെല്ലിനും പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്‌സിനും നാട്ടിലെ ബന്ധുക്കള്‍ വഴി പരാതി കൊടുക്കുക. ആ രണ്ടു പേരില്‍ നിന്നും നഷ്ടപരിഹാരവും ആവശ്യപ്പെടാം.


ചോദ്യം 2


കഴിഞ്ഞ മൂന്നര വര്‍ഷമായി ഞാന്‍ റിയാദിലെ ഒരു പ്രിന്റിംഗ് പ്രസ്സില്‍ ഫോര്‍മാന്‍ ആയി ജോലി ചെയ്യുന്നു. 300 റിയാല്‍ ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ് ഉള്‍പ്പെടെ എന്റെ മൊത്തം ശമ്പളം 6200 സൗദി റിയാല്‍ ആണ്. താമസം കമ്പനി സൗജന്യമായി തരുന്നുണ്ട്. നാല് വര്‍ഷത്തെ കരാര്‍ കാലാവധി പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹിക്കുന്നത്. സൗദി ലേബര്‍ നിയമ മനുസരിച്ച് എനിക്ക് എത്ര സര്‍വീസ് മണി കിട്ടും?

കുഞ്ഞുമോന്‍, റിയാദ്


ഉത്തരം


സൗദി ലേബര്‍ നിയമത്തിലെ 84ഉം 85ഉം ആര്‍ട്ടിക്കിളുകള്‍ പ്രകാരം 4 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാകുമ്പോള്‍  നിങ്ങള്‍ രാജി കൊടുക്കുകയാണെങ്കില്‍ സര്‍വീസ് ആനുകൂല്യമായി കിട്ടാന്‍ അര്‍ഹതയുള്ള തുക, ഒരു വര്‍ഷത്തേക്ക് അവസാന മാസം വാങ്ങുന്ന മൊത്തം ശമ്പളത്തിന്റെ മൂന്നില്‍ ഒന്നായിരിക്കും. ഇത്  കണക്കാക്കുന്നവിധം താഴെ കൊടുക്കുന്നു:

സര്‍വ്വീസ് കാലാവധി  4 വര്‍ഷം

മൊത്തം പ്രതിമാസ ശമ്പളം  6200 സൗദി റിയാല്‍

ഒരു വര്‍ഷത്തെ സര്‍വീസ് ആനുകൂല്യം: 6200÷3=2066.6 സൗദി റിയാല്‍

4 വര്‍ഷത്തെ സര്‍വീസ് ആനുകൂല്യം: 6200÷3×4= 8266.6 സൗദി റിയാല്‍

എന്നാല്‍ 4 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കമ്പനി നിങ്ങളുടെ കോണ്‍ട്രാക്റ്റ് പുതുക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് കിട്ടാന്‍ സാധ്യതയുള്ള സര്‍വ്വീസ് ആനുകൂല്യം ഒരു വര്‍ഷത്തേക്ക് അവസാന മാസം വാങ്ങുന്ന മൊത്തം ശമ്പളത്തിന്റെ രണ്ടില്‍ ഒന്നായിരിക്കും. അതായത്, 6200÷2×4=12400 സൗദി റിയാല്‍ നിങ്ങള്‍ക്ക് ലഭിക്കും


സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

കൂടുതല്‍ സംശയങ്ങള്‍:-

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം?

We use cookies to give you the best possible experience. Learn more