മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം
Daily News
മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st December 2014, 2:25 pm

ഭാഗം: 11


ചോദ്യം: 1

ഞാന്‍ ദമ്മാമിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്നു. ചില കുടുംബ പ്രശ്‌നങ്ങള്‍ കാരണം 4 വയസ്സുള്ള എന്റെ മകളെ ഉടനെ തന്നെ എന്റടുത്തേക്ക് കൊണ്ട് വരണം. എന്താണ് നടപടി ക്രമങ്ങള്‍?

മേഴ്‌സി തോമസ്, ദമ്മാം


ഉത്തരം


ഉടനെ കൊണ്ടുവരണമെങ്കില്‍ സന്ദര്‍ശക വിസ എടുക്കുന്നതാണ് നല്ലത്. ഓണ്‍ലൈന്‍ സംവിധാനം വന്നതിനുശേഷം വിസ നടപടിക്രമങ്ങള്‍ ഇപ്പോള്‍  വളരെ എളുപ്പത്തില്‍ ചെയ്യാനാകും.

കുട്ടി നിങ്ങളുടെ  മകളായതിനാലും  നിങ്ങളുടെ  ജോലി നഴ്‌സിംഗ് ആയതിനാലും  ബുദ്ധിമുട്ടില്ലാതെ വിസ  കിട്ടും. ഇക്കാമയും (resident permit), നിങ്ങളുടെയും മകളുടെയും പാസ്‌പോര്‍ട്ടുകളും വേണം. ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നത് സൗദി വിദേശകാര്യ മന്ത്രാലയ വെബ് സൈറ്റ് വഴിയാണ് (https://visa.mofa.gov.sa/FamilyVisitVisa/create) ഇംഗ്ലീഷിലും അറബിയിലും പൂരിപ്പിക്കാനുള്ള സംവിധാനം ഉണ്ട്.

കഫീലിന്റെ കോളത്തില്‍ നിങ്ങളുടെ പേരാണ് എഴുതേണ്ടത്. അതുപോലെ 90 ദിവസത്തെ വിസ ആണ് ആദ്യം അപേക്ഷിക്കേണ്ടത് (ഇത് പിന്നീട് വേണമെങ്കില്‍ 90 ദിവസത്തേക്ക് കൂടി നീട്ടാം).  എല്ലാ വിവരങ്ങളും എന്റര്‍ ചെയ്തു അപേക്ഷ സബ്മിറ്റ് ചെയ്തതിനുശേഷം അതിന്റെ ഒരു പ്രിന്റ്റൗട്ട് എടുത്ത് നിങ്ങളുടെ കഫീലിന്റെ (അല്ലെങ്കില്‍ ചേംബര്‍ ഒപ്പിടാന്‍ അധികാരമുള്ള ഉദ്യോഗസ്ഥന്റെ) ഒപ്പും നിങ്ങള്‍ ജോലി ചെയ്യുന്ന  സ്ഥാപനത്തിന്റെ സീലും ഇട്ടതിനുശേഷം ദമ്മാം ചേംബര്‍ ഓഫ് കോമേഴ്‌സില്‍ കൊടുക്കുക.

ചെറിയ ഫീസ് (30 സൗദി റിയാല്‍) ഉണ്ട്. അപേക്ഷ സ്വീകരിച്ചാല്‍ അവര്‍ മറ്റൊരുപ്രിന്റ് ഔട്ട്‌ തരും. ഇതോടെ അപേക്ഷ സമര്‍പ്പിക്കല്‍ നടപടിക്രമങ്ങള്‍ കഴിഞ്ഞു. സാധാരണഗതിയില്‍ ഒരാഴ്ചക്കുള്ളില്‍ വിസ കിട്ടും. ഇതിനിടക്ക് വിസയുടെ സ്റ്റാറ്റസ് നിങ്ങള്‍ക്ക് ഓണ്‍ ലൈന്‍ ആയിത്തന്നെ ഈ ലിങ്ക് https://visa.mofa.gov.sa/ വഴി പരിശോധിക്കാം.

വിസ അംഗീകരിച്ചാല്‍ 3 മാസത്തിനുള്ളില്‍ അത് ഇന്ത്യയിലെ സൗദി എംബസ്സിയിലോ കോണ്‍സുലേറ്റിലോ കൊടുത്ത് നിങ്ങളുടെ മകളുടെ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുക. ഇത് നിങ്ങള്‍ നേരിട്ട് ചെയ്യണമെന്നില്ല. ഏതെങ്കിലും ബന്ധുവിനെയോ ട്രാവല്‍ എജന്റിനെയോ എല്‍പ്പിച്ചാലും മതിയാകും.

ചോദ്യം: 2

എനിക്ക് കംപ്യൂട്ടര്‍ എന്‍ജിനീയര്‍ ആയി ജിദ്ദയിലെ ഒരു കമ്പനിയില്‍ ജോലി കിട്ടി. ഫാമിലി സ്റ്റാറ്റസ് ഉണ്ട്. കോണ്ട്രാക്റ്റ് ലെറ്ററില്‍ എന്റെ ചികിത്സാ ചെലവുകള്‍ കമ്പനി വഹിക്കും എന്ന് പറയുന്നുണ്ട്. എന്നാല്‍ ഭാര്യയുടെയും മകന്റെയും ചികിത്സാചിലവിന്റെ  കാര്യം പറഞ്ഞിട്ടില്ല. അവര്‍ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരുമോ?

വിജയകുമാര്‍, കൊച്ചി


ഉത്തരം


കരാറില്‍ ഭാര്യയുടെയും മകന്റെയും കാര്യം പറഞ്ഞിട്ടില്ലെങ്കില്‍ അവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടുകയില്ല. നിങ്ങള്‍ സൗദിയില്‍ വരുന്നതിനു മുമ്പുതന്നെ കമ്പനിയുമായി ബന്ധപ്പെട്ട് ഈ വിഷയം അവരുടെ ശ്രദ്ധയില്‍ പെടുത്തി ഭാര്യയുടെയും മകന്റെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് കൂടി  ഉള്‍പ്പെടുത്തി കരാര്‍ പുതുക്കാന്‍ ശ്രമിക്കുക.സൗദിയില്‍ വന്നതിനുശേഷം ചിലപ്പോള്‍ നടന്നെന്ന് വരില്ല.


സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1