| Tuesday, 9th December 2014, 2:31 pm

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭാഗം: 8


ചോദ്യം: 1

BSc.BEd ബിരുദധാരിയായ ഞാന്‍  ജിദ്ദയിലെ ഒരു സ്വകാര്യ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ സയന്‍സ് അധ്യാപികയായിരുന്നു. നിതാക്കത് (സ്വദേശിവല്‍ക്കരണം) കാരണം ഏകദേശം 1 വര്‍ഷത്തിന് മുന്‍പ്  ജോലി ഉപേക്ഷിക്കേണ്ടി വന്നു.  ഇപ്പോള്‍ അവര്‍ വീണ്ടും ജോലിക്കായി വിളിക്കുന്നു. എന്റെ സ്‌പോണ്‍സര്‍ ഭര്‍ത്താവാണ്. നിയമാനുസൃതമായി എനിക്ക്  ജോലി ചെയ്യാന്‍ കഴിയുമോ?

ശ്രീജ, ജിദ്ദ


ഉത്തരം


തീര്‍ച്ചയായും കഴിയും. സൗദി സര്‍ക്കാര്‍ അടുത്ത കാലത്ത് നടപ്പിലാക്കിയ “അജീര്‍” എന്ന  പദ്ധതി പ്രകാരം ചില മേഖലകളില്‍ സ്‌പോണ്‍സര്‍ഷിപ് മാറ്റാതെ തന്നെ താല്‍ക്കാലികമായോ പാര്‍ട്ട് ടൈം ആയോ ജോലി ചെയ്യാനാകും. ആശ്രിത വിസയില്‍ സൗദിയില്‍ കഴിയുന്നവര്‍ക്ക് ഗുണകരമാകുന്ന ഈ പദ്ധതിയനുസരിച്ച് ആരോഗ്യം വിദ്യാഭ്യാസം എന്നീ മേഖലകളിലെ ജോലികളാണ് അജീര്‍ പദ്ധതിയില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു കുടുംബത്തില്‍ നിന്നും ആശ്രിത വിസയിലുള്ള ഒരാള്‍ക്ക് മാത്രമേ ഇപ്രകാരം ജോലി ചെയ്യാന്‍ അര്‍ഹതയുള്ളൂ.  ഇതിന്റെ നിബന്ധനകളും തൊഴില്‍ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനവുമായി എഴുതി തയ്യാറാക്കിയ കരാര്‍ ഉണ്ടായിരിക്കണം, 18 വയസ് തികഞ്ഞിരിക്കണം, സാധുവായ ഇക്കാമ ഉണ്ടായിരിക്കണം, 1500 സൗദി റിയാല്‍ ചുരുങ്ങിയ ശമ്പളം ഉണ്ടാവണം തുടങ്ങിയവയാണ് നിബന്ധനകള്‍. താല്‍പ്പര്യമുള്ളവര്‍  www.ajeer.com.sa എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇവര്‍ക്ക് അജീര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കൊണ്ട് 1 വര്‍ഷം ജോലി ചെയ്യാനാകും. 1500 റിയാല്‍ ആണ് ഈ സര്‍ട്ടിഫിക്കറ്റിന്റെ ഫീസ്. ഇത് ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനമാണ് കൊടുക്കേണ്ടത്. സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ വീണ്ടും നീട്ടാവുന്നതുമാണ്. നിങ്ങളുടെ കാര്യത്തില്‍ സൗദി വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റും വേണ്ടിവരും. ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് സ്‌പോണ്‍സര്‍ഷിപ് മാറ്റേണ്ടതില്ല. സ്ഥാപനത്തിലുള്ള ജോലി അവസാനിച്ചാലും അവര്‍ക്ക് സൗദിയില്‍ തുടരാനാകും.

ചോദ്യം: 2

ഞങ്ങള്‍ നാല് ലൈറ്റ് ഡ്യൂട്ടി െ്രെഡവര്‍മാര്‍ ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദിയിലെ അല്‍ ഖോബാറില്‍ ഒരു കമ്പനിയില്‍ എത്തി. തിരുവനന്തപുരത്തെ ഒരു ട്രാവല്‍ ഏജന്റാണ് ഞങ്ങളെ ഇവിടേക്ക് അയച്ചത്. കമ്പനി ഞങ്ങളെ  400 കിലോ മീറ്റര്‍ അകലെ റിയാദ്  സുലൈയിലെ കുടിവെള്ളം വില്‍പ്പന നടത്തുന്ന  മറ്റൊരു കമ്പനിക്ക് കൈമാറി. സ്‌പോണ്‍സര്‍ഷിപ് പുതിയ കമ്പനിയിലേക്ക് ഉടനെ മാറ്റണമെന്നും ആവശ്യപ്പെട്ടു. ഹെവി ഡ്യൂട്ടി ലൈസന്‍സ് ഇല്ലായിരുന്നിട്ടും സുലൈയിലെ കമ്പനി  ഞങ്ങളെക്കൊണ്ട് വലിയ  ട്രക്കുകള്‍ ഓടിപ്പിച്ചു. ഒരു വര്‍ഷം കഴിഞ്ഞിട്ടും പുതിയ കമ്പനിക്ക് സ്‌പോണ്‍സര്‍ഷിപ് മാറ്റാന്‍ കഴിയാതെ വന്നപ്പോള്‍ നാട്ടിലയക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. നാട്ടിലയക്കാനുള്ള നടപടികള്‍ തുടങ്ങിയപ്പോഴാണ് പഴയ കമ്പനി ഞങ്ങളെ ഹുറൂബ് ആക്കിയ വിവരം അറിയുന്നത്. ഞങ്ങള്‍ക്ക് ഈ കമ്പനിയില്‍ തുടരാന്‍ താല്‍പ്പര്യമില്ല. എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതി. ഞങ്ങളെന്താണ് ചെയ്യേണ്ടത്?

തുളസി, ഇക്ബാല്‍, അശോകന്‍, സുനില്‍
തിരുവനന്തപുരം


ഉത്തരം


ഹുറൂബിനെപ്പറ്റിയും അത് പിന്‍വലിക്കുന്ന രീതികളെപ്പറ്റിയും സൗദി പോസ്റ്റിന്റെ മുന്‍ലക്കങ്ങളില്‍ എഴുതിയിട്ടുണ്ട്. ഹുറൂബ്കാര്‍ക്ക് നാടുവിടുന്നതിന് ഇപ്പോള്‍ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ ലഘൂകരിച്ചിട്ടുണ്ട്. ഒരാഴ്ചക്ക് മുന്‍പ് സൗദി ആഭ്യന്തര വകുപ്പ് എംബസ്സികള്‍ക്ക് അയച്ചുകൊടുത്ത  സര്‍ക്കുലര്‍ അനുസരിച്ച് 72 മണിക്കൂറിനുള്ളില്‍ തങ്ങളുടെ പൗരനെ നാട്ടിലയക്കാമെന്ന ഉറപ്പ് എംബസ്സികള്‍ കൊടുക്കുകയാണെങ്കില്‍   കുറ്റകൃത്യങ്ങളൊന്നും ചെയ്യാത്ത  ഹുറൂബ്കാര്‍ക്ക് ജയിലില്‍ കഴിയാതെ തന്നെ നാട് വിടാന്‍ സൗദി സര്‍ക്കാര്‍ അനുമതി നല്‍കും. സൗദിയില്‍ ഇനി തുടരാന്‍ താല്‍പ്പര്യമില്ലാത്ത സ്ഥിതിക്ക് നിങ്ങള്‍ നാലുപേര്‍ക്കും ഈ മാര്‍ഗ്ഗം അവലംബിക്കാവുന്നതാണ്. സൗദി പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും (ജവാസത്ത്) ഇക്കാമ നമ്പര്‍  കൊടുത്താല്‍ കിട്ടുന്ന പ്രിന്റും (ജനറല്‍ സര്‍വീസ് എജെന്റുമാരെ സമീപിച്ചാലും ഇത് കിട്ടും) നിങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ കോപ്പിയുമായി എംബസ്സിയെ സമീപിക്കുക. പാസ്‌പോര്‍ട്ട് നിങ്ങളുടെ കൈവശം ഇല്ലെങ്കില്‍ എംബസ്സിയില്‍ നിന്നുംഎമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഔട്ട്പാസ്) എടുക്കേണ്ടി വരും. ബാക്കിയെല്ലാം എംബസ്സി ചെയ്‌തോളും.


സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

Latest Stories

We use cookies to give you the best possible experience. Learn more