ഈ വര്‍ഷം റിലീസായ ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ സകല കളക്ഷന്‍ റെക്കോഡുകളും ഭേദിച്ചു മുന്നേറി. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തിന്റെ ഷൂട്ടിനായി കൊടൈക്കനാലിലേക്ക് പോയപ്പോള്‍ ആദ്യം മനസില്‍ വന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മാതാവും നടനുമായ സൗബിന്‍ ഷാഹിര്‍. അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ തുടങ്ങിയ സൗബിന്‍ ആദ്യമായി വര്‍ക്ക് ചെയ്ത സിനിമയുടെ ലൊക്കേഷനും കൊടൈക്കനാലായിരുന്നു. ഫഹദ് ഫാസിലിന്റെ ആദ്യ സിനിമയായ കൈയെത്തും ദൂരത്തിലൂടെയാണ് സൗബിന്‍ തന്റെ കരിയര്‍ ആരംഭിച്ചത്.
ആ സിനിമ മുതല്‍ ഫഹദ് തന്റെ അടുത്ത സുഹൃത്താണെന്നും കൈയെത്തും ദൂരത്തില്‍ ഒരു ഷോട്ടില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും സൗബിന്‍ പങ്കുവെച്ചു. തന്റെ പുതിയ ചിത്രമായ നടികറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ്‌നൂലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഷൂട്ടിന് വേണ്ടി കൊടൈക്കനാലിലേക്ക് പോയപ്പോള്‍ എന്റെ മനസിലേക്ക് ആദ്യം വന്ന സിനിമ കൈയെത്തും ദൂരത്ത് ആണ്. അസിസ്റ്റന്റ് ഡയറക്ടറായി എന്റെ കരിയര്‍ തുടങ്ങിയത് കൈയെത്തും ദൂരത്തിലൂടെയാണ്. ആ സിനിമയുടെ ലൊക്കേഷനും കൊടൈക്കനാലായിരുന്നു. ഫഹദിന്റെയും എന്റെയും ആദ്യ സിനിമ ഒന്നായിരുന്നു എന്ന് പറയാം.
ആ സിനിമയില്‍ ഞാന്‍ ഒരു ഷോട്ടില്‍ അഭിനയിച്ചിട്ടുണ്ട്. ഫഹദിന്റെ ഇന്‍ട്രോ ഷോട്ടില്‍ ബസില്‍ നിന്ന് ഇറങ്ങി നടക്കുന്ന ആളുകളില്‍ ഒരാള്‍ ഞാനാണ്. ശ്രദ്ധിച്ചു നോക്കിയാല്‍ മനസിലാകും. ആ സിനിമ മുതലാണ് ഞാനും ഫഹദും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. ഇന്നും ഒരു കുഴപ്പവുമില്ലാതെ അത് മുന്നോട്ട് പോകുന്നുണ്ട്,’ സൗബിന്‍ പറഞ്ഞു.
Content Highlight: Soubin shares the experience of Kaiyethum Doorath movie