താനും ഫഹദും ഒരുമിച്ചാണ് സിനിമയില്‍ വന്നതെന്ന് പറയുകയാണ് നടനും സംവിധായകനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍. പുതിയ ചിത്രമായ നടികറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ്‌നൂലിന് നല്‍കിയ അഭിമുഖത്തിലാണ് സൗബിന്‍ ഇക്കാര്യം പറഞ്ഞത്. ഫഹദ് ഫാസിലുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു സൗബിന്‍ ഇക്കാര്യം പറഞ്ഞത്.
ഫഹദ് നായകനായ ആദ്യ ചിത്രം കൈയെത്തും ദൂരത്തില്‍ താന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നെന്നും ഫഹദിന്റെ ഇന്‍ട്രോ സീനില്‍ ബസില്‍ നിന്ന് ഇറങ്ങി നടക്കുന്ന ആളുകളില്‍ ഒരാള്‍ താനായിരുന്നെന്നും സൗബിന്‍ പറഞ്ഞു. ആ സിനിമയും കൊടൈക്കനാലിലായിരുന്നെന്നും മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഷൂട്ടിന് കൊടൈക്കനാലില്‍ എത്തിയപ്പോള്‍ ആ കാര്യം ഓര്‍മയില്‍ വന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഫഹദുമായി നല്ല സൗഹൃദമാണുള്ളത്. സിനിമയില്ലെങ്കിലും ഞങ്ങള്‍ പലപ്പോഴും കാണാറുണ്ട്, സംസാരിക്കാറുമുണ്ട്. പലര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. എന്റെയും ഫഹദിന്റെയും ആദ്യത്തെ സിനിമ ഒന്നായിരുന്നു. കൈയെത്തും ദൂരത്തിലായിരുന്നല്ലോ ഷാനു ആദ്യമായി നായകനായത്. എന്റെയും ആദ്യത്തെ സിനിമ അതായിരുന്നു. ആ സിനിമയില്‍ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.
ആ സിനിമ ഇപ്പോള്‍ കാണുമ്പോള്‍ ശ്രദ്ധിച്ചാല്‍ വേറൊരു കാര്യം കൂടി കാണാന്‍ സാധിക്കും. ഫഹദിന്റെ ഇന്‍ട്രോ ഷോട്ടില്‍ അവന്‍ ബസ്സിറങ്ങി വരുന്ന സീനില്‍ ബാക്ക്ഗ്രൗണ്ടില്‍ നടക്കുന്ന ആളുകളില്‍ ഒരാള്‍ ഞാനാണ്. വേറൊരു കാര്യം എന്താണെന്ന് വെച്ചാല്‍ കൈയെത്തും ദൂരത്ത് ഷൂട്ട് ചെയ്തത് കൊടൈക്കനാലിലായിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഷൂട്ടിന് വേണ്ടി അവിടെയെത്തിയപ്പോള്‍ എന്റെ മനസില്‍ ഈ ഓര്‍മകളൊക്കെ വന്നിരുന്നു,’ സൗബിന്‍ പറഞ്ഞു.
Content Highlight: Soubin Shahir talks about the first movie of Fahadh and him