മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സൗബിന്‍ ഷാഹിര്‍. സിദ്ദിഖ്, ഫാസില്‍, ആഷിക് അബു എന്നിവരുടെ അസിസ്റ്റന്റായാണ് നടന്‍ തന്റെ സിനിമാജീവിതം ആരംഭിച്ചത്. ചെറിയ റോളുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സൗബിന്‍ നിവിന്‍ പോളി – അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമായ പ്രേമത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
പിന്നീട് കോമഡി റോളുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാനും നടന് സാധിച്ചു. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ ആദ്യമായി നായക വേഷത്തില്‍ എത്തിയ സൗബിന്‍ 2017ല്‍ പറവ എന്ന ചിത്രത്തിലൂടെ സംവിധായകനുമായി.
ഇപ്പോള്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയിലൂടെ തമിഴിലേക്കും വരവറിയിക്കാന്‍ ഒരുങ്ങുകയാണ് നടന്‍. സൗബിന്‍ ‘ദയാല്‍’ എന്ന കഥാപാത്രമായി എത്തുന്ന കൂലിയില്‍ രജിനികാന്ത് ആണ് നായകനാകുന്നത്. ആ സിനിമയുടെ ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് സൗബിന്‍ ഷാഹിര്‍.
വളരെ വലിയ ഒരു എക്‌സ്പീരിയന്‍സായിരുന്നു കൂലിയിലൂടെ ലഭിച്ചതെന്നാണ് നടന്‍ പറയുന്നത്. ഈ സിനിമയിലെ കാസ്റ്റും ക്രൂവും സെറ്റപ്പുമെല്ലാം അടിപൊളിയാണെന്നും അത് കണ്ടിട്ട് തനിക്ക് അതുപോലെ ഒരു പടം ചെയ്യാന്‍ വളരെയേറെ കൊതിയാകുന്നുവെന്നും സൗബിന്‍ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ പ്രാവിന്‍കൂട് ഷാപ്പ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നടന്.
ശരിക്കും വളരെ വലിയ ഒരു എക്‌സ്പീരിയന്‍സായിരുന്നു ആ സിനിമയിലൂടെ ലഭിച്ചത്. ആ പടത്തിലെ കാസ്റ്റും ക്രൂവും അതിന്റെ സെറ്റപ്പും കാര്യങ്ങളുമെല്ലാം അടിപൊളിയാണ്. അത് കണ്ടിട്ട് എനിക്ക് അതുപോലെ ഒരു പടം ചെയ്യാന്‍ വളരെയേറെ കൊതിയാകുന്നു എന്നതാണ് സത്യം.
അതുകൊണ്ട് കൂലി കഴിഞ്ഞിട്ട് ഉടനെ തന്നെ ഞാന്‍ ഡയറക്ഷനിലേക്ക് മാറാമെന്ന് കരുതുന്നു. ഇനി കുറച്ച് ഡയറക്ഷന്‍ പരിപാടി നോക്കാം. കൂലിയില്‍ കുറേ ക്യാരക്ടേഴ്‌സുണ്ട്. അവരുടേതൊക്കെ മെയിന്‍ റോളാണ്. കൂടുതലൊന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണ്. സിനിമയില്‍ കുറേ ലെയേര്‍സുണ്ട്,’ സൗബിന്‍ ഷാഹിര്‍ പറഞ്ഞു.
Content Highlight: Soubin Shahir Talks About Rajinikanth and Coolie Movie