സിദ്ദിഖ്, ഫാസില്‍, ആഷിക് അബു എന്നീ സംവിധായകരുടെ അസിസ്റ്റന്റായി തന്റെ സിനിമാജീവിതം ആരംഭിച്ച നടനാണ് സൗബിന്‍ ഷാഹിര്‍. 2015ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സൗബിന്‍ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെയാണ് ആദ്യമായി നായക വേഷത്തില്‍ എത്തുന്നത്.
പിന്നീട് 2017ല്‍ പറവ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനുമായി. ഇപ്പോള്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയിലൂടെ തമിഴിലേക്കും വരവറിയിക്കാന്‍ ഒരുങ്ങുകയാണ് നടന്‍. സൗബിന്‍ നായകനായി മലയാളത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മച്ചാന്റെ മാലാഖ.
ചിത്രത്തില്‍ നായികയായി എത്തുന്നത് നമിത പ്രമോദാണ്. നമിതയും സൗബിന്‍ ഷാഹിറും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് മച്ചാന്റെ മാലാഖ. ഇപ്പോള്‍ ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ നമിതയെ കുറിച്ച് പറയുകയാണ് സൗബിന്‍.
ഇന്‍സ്റ്റഗ്രാമിലൂടെ പരസ്പരം സംസാരിച്ചിട്ടുണ്ടെങ്കിലും മച്ചാന്റെ മാലാഖയില്‍ വര്‍ക്ക് ചെയ്താണ് നമിതയെ കൂടുതല്‍ അറിയുന്നതെന്നാണ് നടന്‍ പറയുന്നത്. അതിനുശേഷം ഒരു കൊച്ചനുജത്തിയെ പോലെ തോന്നി എല്ലാ കാര്യങ്ങളും ഷെയര്‍ ചെയ്യാന്‍ തുടങ്ങിയെന്നും സൗബിന്‍ ഷാഹിര്‍ പറയുന്നു.
‘നമിതയെ എനിക്ക് മച്ചാന്റെ മാലാഖയുടെ മുമ്പ് തന്നെ അറിയാമായിരുന്നു. പക്ഷെ നേരിട്ട് സംസാരിച്ചിട്ടില്ലായിരുന്നു. പിന്നെ സിനിമ കണ്ടും മറ്റും നമിതയെ എനിക്ക് അറിയാമായിരുന്നു. സിനിമ കണ്ടിട്ട് എനിക്ക് ഇഷ്ടമായിരുന്നു.
ഇടക്ക് എപ്പോഴോ ഇന്‍സ്റ്റഗ്രാമിലൂടെ പരസ്പരം സംസാരിച്ചിരുന്നു. അതിനൊക്കെ ശേഷമാണ് മച്ചാന്റെ മാലാഖയില്‍ വര്‍ക്ക് ചെയ്യുന്നത്. അങ്ങനെ വര്‍ക്ക് ചെയ്ത് കഴിഞ്ഞപ്പോള്‍ കുറച്ചു കൂടി കാര്യങ്ങള്‍ മനസിലായി. ഒരു കൊച്ചനുജത്തിയെ പോലെ തോന്നി, എല്ലാ കാര്യങ്ങളും ഷെയര്‍ ചെയ്യാന്‍ തുടങ്ങി,’ സൗബിന്‍ ഷാഹിര്‍ പറഞ്ഞു.
മച്ചാന്റെ മാലാഖ:
അജീഷ് പി. തോമസിന്റെ രചനയില്‍ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മച്ചാന്റെ മാലാഖ. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മിക്കുന്ന ഈ സിനിമയില്‍ സൗബിന്‍ ഷാഹിറിനും നമിത പ്രമോദിനും പുറമെ ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, ശാന്തി തട്ടില്‍, വിനീത് തട്ടില്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
Content Highlight: Soubin Shahir Talks About Namitha Pramod