| Tuesday, 5th March 2024, 5:34 pm

അവന്‍ ഷെയിനിനെ ഈ ചിരിയില്‍ ഒറ്റയടിക്ക് കൊന്നുകളയണമെന്ന് പറഞ്ഞു; അവസാനം എനിക്ക് ചിരിച്ച് ചുമ വന്നു: സൗബിന്‍ ഷാഹിര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മധു സി. നാരായണന്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, അന്ന ബെന്‍, ഷെയിന്‍ നിഗം, ഗ്രേസ് ആന്റണി, ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരായിരുന്നു പ്രധാനവേഷത്തിലെത്തിയത്.

കുമ്പളങ്ങി നൈറ്റ്‌സില്‍ ഷെയിന്‍ നിഗത്തിന്റെ സഹോദരന്‍ ആയിട്ടായിരുന്നു സൗബിനെത്തിയത്. ഒരു സീനില്‍ ഷെയിനിന്റെ കഥാപാത്രം തന്നെ ചേട്ടനെന്ന് വിളിക്കുന്ന രംഗമുണ്ടായിരുന്നു. ആ രംഗത്തിലെ സൗബിന്റെ ചിരി ഏറെ സ്വീകരിക്കപ്പെട്ടിരുന്നു.

ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലെ തന്റെ ചിരിയെ കുറിച്ച് പറയുകയാണ് സൗബിന്‍. ആ സീനിന് വേണ്ടി താന്‍ പ്രാക്ടീസ് ചെയ്തിട്ടില്ലെന്നാണ് താരം പറയുന്നത്.

അന്ന് ശ്യാം പുഷ്‌കരന്‍ ആ ചിരിയില്‍ ഷെയിന്‍ നിഗത്തിന്റെ കഥാപാത്രത്തെ ഒറ്റയടിക്ക് കൊന്നുകളയണമെന്നായിരുന്നു പറഞ്ഞതെന്നും സൗബിന്‍ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ചിരിച്ചു ചിരിച്ച് തനിക്ക് ചുമ വന്നിരുന്നെന്നും താരം പറഞ്ഞു.

‘പ്രാക്ടീസ് ചെയ്തിട്ടല്ല ഞാന്‍ അന്ന് ചിരിച്ചത്. അന്ന് ചിരിക്കാന്‍ നേരം ‘മച്ചാനെ ഈ ചിരിയില്‍ അവനെ ഒറ്റയടിക്ക് കൊന്നുകളയണം’ എന്നായിരുന്നു ശ്യം പറഞ്ഞത്. അവന്‍ നാണംകെട്ട് ഇയാള്‍ എന്താ കാണിക്കുന്നത് എന്ന ഭാവത്തില്‍ ഇരിക്കണമെന്നും പറഞ്ഞു.

സീന്‍ കാണുന്നവരെ കൊണ്ട് ഒരാളെ ഇങ്ങനെ പരിഹസിക്കാമോയെന്ന് ചിന്തിപ്പിക്കണമെന്നും പറഞ്ഞിരുന്നു. അതില്‍ ചിരി നിര്‍ത്തിയെന്ന് തോന്നിപ്പിക്കുന്നയിടത്തായിരുന്നു വീണ്ടും ചിരി തുടങ്ങുന്നത്. അതിന് എത്ര സമയം വേണമെങ്കിലും എടുക്കാമെന്നും ശ്യാം പറഞ്ഞിരുന്നു.

അവസാനം ചിരിച്ചു ചിരിച്ച് ചുമ വരെ വന്നു. നമുക്ക് എങ്ങനെയാണ് ഈ ചിരി വരികയെന്ന് അറിയില്ലല്ലോ. അങ്ങനെ വന്നുപോയപ്പോള്‍ ഓക്കേയാണെന്ന് ശ്യം പറയുകയും ആ സീന്‍ അങ്ങനെ ഫിക്‌സ് ചെയ്യുകയുമായിരുന്നു,’ സൗബിന്‍ ഷാഹിര്‍ പറഞ്ഞു.

Content Highlight: Soubin Shahir Talks About Kumbalangi Nights Scene

Latest Stories

We use cookies to give you the best possible experience. Learn more