| Monday, 29th April 2024, 4:31 pm

അന്ന് സെയില്‍സ്മാന്‍ ആയിരുന്നു; വീട്ടില്‍ പട്ടിണിയാണെങ്കിലും നല്ല ഡ്രസിട്ടിട്ടേ ഞാന്‍ നടക്കുകയുള്ളൂ: സൗബിന്‍ ഷാഹിര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സൗബിന്‍ ഷാഹിര്‍. താരത്തിന്റേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നടികര്‍. ഡ്രൈവിങ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇത്.

സൗബിന്‍ ബാല എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസാണ് നായകനായി എത്തുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ എന്ന സിനിമയ്ക്കുണ്ട്.

ചിത്രത്തിന്റെ കളര്‍ഫുള്‍ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയത്. ട്രെയ്‌ലറിലെ താരങ്ങളുടെ കോസ്റ്റിയൂം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമകള്‍ക്ക് പുറമെ പുറത്തും വളരെ ഫാഷനബിളായ കോസ്റ്റിയൂമുകള്‍ ധരിക്കുന്ന താരമാണ് സൗബിന്‍ ഷാഹിര്‍.

ആരാണ് സ്വന്തം കോസ്റ്റ്യൂമുകള്‍ സെലക്ട് ചെയ്യുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. നടികര്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൗബിന്‍.

‘ഞാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആകുന്നതിനു മുമ്പും അസിസ്റ്റ് ചെയ്യുന്ന സമയത്തുമൊക്കെ സെയില്‍സിലാണ് വര്‍ക്ക് ചെയ്തത്. സെയില്‍സ്മാനായിരുന്നു ഞാന്‍. പിന്നെ സ്വന്തമായി എനിക്ക് ഡ്രസിന്റെ ഒരു ഷോപ്പ് ഉണ്ടായിരുന്നു. മുംബൈയിലും തായ്‌ലന്‍ഡിലും ഒക്കെ പോയി അവിടേക്ക് ഡ്രസ് വാങ്ങി വരുമായിരുന്നു.

അങ്ങനെയുള്ള കടകളും മറ്റുമുണ്ടായിരുന്നു. പിന്നെ അസിസ്റ്റന്റ് ഡയറക്ടറായി കയറി അസോസിയേറ്റ് ആയി കഴിഞ്ഞപ്പോഴാണ് ഇതൊക്കെ വിടുന്നത്. കാരണം അത് കുറച്ച് കൂടെ വലിയ ഒരു പണിയായിരുന്നു. വീട്ടിലെ പട്ടിണി കാണിച്ചില്ലെങ്കിലും നല്ല ഡ്രസിട്ടിട്ട് മാത്രമേ ഞാന്‍ പുറത്ത് നടക്കുകയുള്ളൂ,’ സൗബിന്‍ ഷാഹിര്‍ പറഞ്ഞു.


Content Highlight: Soubin Shahir Talks About His Costumes

We use cookies to give you the best possible experience. Learn more