മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സൗബിന്‍ ഷാഹിര്‍. സിദ്ദിഖ്, ഫാസില്‍, ആഷിക് അബു, റാഫി- മെക്കാര്‍ട്ടിന്‍ എന്നിവരുടെ അസിസ്റ്റന്റായാണ് നടന്‍ തന്റെ സിനിമാജീവിതം ആരംഭിച്ചത്. ചെറിയ റോളുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സൗബിന്‍ പ്രേമം (2015) എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
പിന്നീട് സഹനടനായി വളര്‍ന്ന് സ്വാഭാവിക അഭിനയം കൊണ്ട് നായക നിരയിലേക്കുയര്‍ന്ന് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 2017ല്‍ പറവ എന്ന സിനിമയിലൂടെ സംവിധാനത്തിലേക്കും സൗബിന്‍ കടന്നു. ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് നിര്‍മിച്ച ചിത്രമായിരുന്നു പറവ.
ഇപ്പോള്‍ സൗബിന്റെ അടുത്ത സംവിധാന ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് സിനിമപ്രേമികള്‍. ഈയിടെ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സൗബിന്റെ സിനിമ വരുന്നുവെന്നത് വലിയ വാര്‍ത്തയായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രമായ പറവയില്‍ ദുല്‍ഖറും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
ദുല്‍ഖറിനെ വെച്ച് ഒരു പുതിയ സിനിമ അനൗണ്‍സ് ചെയ്യുമ്പോള്‍ അദ്ദേഹത്തെ എങ്ങനെ അതില്‍ ഉപയോഗിക്കണമെന്ന കാര്യത്തില്‍ തങ്ങള്‍ക്കിടയിലെ സൗഹൃദം കൊണ്ട് ക്ലാരിറ്റി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സൗബിന്‍ ഷാഹിര്‍. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാം കുറച്ച് എളുപ്പമായത് പോലെ തോന്നുന്നുണ്ട്. ഞങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ എല്ലാം തുറന്നു പറയാനുള്ള സ്‌പേസ് കൂടെയുണ്ട്. അതുകൊണ്ട് അടുത്ത പടത്തില്‍ വേറെ രീതിയിലുള്ള ദുല്‍ഖര്‍ തന്നെയാകും ഉണ്ടാകുക. ഇതുവരെ കണ്ടിട്ടില്ലാത്ത, എന്നാല്‍ ഇടിയൊന്നും ഇല്ലാതെ ഒരു പാവം ദുല്‍ഖറിനെ കാണാം,’ സൗബിന്‍ ഷാഹിര്‍ പറഞ്ഞു.
Content Highlight: Soubin Shahir Talks About Dulquer Salmaan