| Tuesday, 30th April 2024, 9:03 am

ആ സെറ്റിൽ പൈസ വാങ്ങാൻ ചെന്ന എന്നെ പിടിച്ച് അഭിനയിപ്പിച്ചു, അങ്ങനെ ഞാനും നടനായി: സൗബിൻ ഷാഹിർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിലവിൽ മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ് സൗബിൻ ഷാഹിർ.

നായക പ്രതിനായക വേഷങ്ങളിലും ഹാസ്യ കഥാപാത്രങ്ങളിലും എല്ലാം ഒരുപോലെ തിളങ്ങാൻ കഴിയുന്ന നടനാണ് സൗബിൻ ഷാഹിർ. ഈ വർഷം ഇറങ്ങി മലയാളത്തിലെ ഏറ്റവും വലിയ വിജയമായി മാറിയ മഞ്ഞുമ്മൽ ബോയ്സിലും സൗബിൻ പ്രകടനം കൊണ്ട് ഞെട്ടിച്ചിരുന്നു.

അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് ഒരു നടൻ എന്ന നിലയിൽ സൗബിൻ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. എന്നാൽ രണ്ടായിരത്തിന്റെ തുടക്കത്തിൽ തന്നെ സഹ സംവിധായകനായും ജൂനിയർ ആർട്ടിസ്റ്റായുമെല്ലാം സൗബിൻ ചില സിനിമകളുടെ ഭാഗമായിട്ടുണ്ട്. അത്തരത്തിൽ സൗബിൻ ചെറിയ വേഷത്തിൽ അഭിനയിച്ച ചിത്രമായിരുന്നു ഫഹദ് ഫാസിലിന്റെ ആദ്യസിനിമയായ കയ്യെത്തും ദൂരത്ത്.

ചിത്രത്തിൽ ചില പാസിങ് സീനുകളിലും പാട്ടിലുമെല്ലാം സൗബിനെ കാണും. ചിത്രത്തിൽ അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം. ഒരു പെരുന്നാൾ ദിവസം ഉപ്പയുടെ അടുത്ത് പൈസ വാങ്ങാൻ പോയപ്പോഴാണ് തന്നെ പിടിച്ച് സിനിമയിൽ അഭിനയിപ്പിച്ചതെന്ന് സൗബിൻ പറയുന്നു. അന്ന് ‘വസന്തരാവിൻ കിളിവാതിൽ’ പാട്ടിന്റെ ഷൂട്ട് നടക്കുകയായിരുന്നു എന്നും റെഡ് എഫ്‌. എമ്മിനോട് സൗബിൻ പറഞ്ഞു.

‘ആ ചിത്രത്തിൽ തന്നെ ഒരു മൂന്ന് നാല് സീനിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ആ ബസിൽ ഇറങ്ങുന്ന സീനിന് മുമ്പ് വേറെയും സീൻ ഉണ്ടായിരുന്നു. ബാപ്പയായിരുന്നുപടത്തിന്റെ കൺട്രോളർ.

ഒരു പെരുന്നാൾ സമയം ബാപ്പയുടെ അടുത്ത് പൈസ വാങ്ങിക്കാൻ പോയതാണ് ഞാൻ. അന്നാണ് ആദ്യം സെറ്റിൽ പോവുന്നത്. അന്ന് ഇടപ്പള്ളി ഒരു ഹോട്ടലിന്റെ മുകളിൽ വെച്ച് പാട്ട് എടുത്തുകൊണ്ടിരിക്കുകയായിരുന്നു. വസന്ത രാവിൻ കിളിവാതിൽ എന്ന പാട്ടായിരുന്നു അത്.

ആ പാട്ട് കണ്ടാൽ മനസിലാവും അതിൽ ഒരു വൈറ്റ് ടി ഷർട്ട്‌ ഇട്ട് പിന്നിൽ നിന്ന് കയ്യടിക്കുന്ന ഒരാളെ കാണാം. പൈസ വാങ്ങിക്കാൻ പോയപ്പോൾ എന്നെ പിടിച്ചവിടെ നിർത്തിയതാണ്.

എന്നെ പിടിച്ച് നിർത്തിയപ്പോൾ ഞാൻ മൊത്തത്തിൽ നല്ല ഹാപ്പിയായി അതെല്ലാം കണ്ടവിടെ നിന്നു,’സൗബിൻ ഷാഹിർ പറയുന്നു.

Content Highlight:  Soubin Shahir Talk About His Experience In Kayyethum Dhoorath Movie

We use cookies to give you the best possible experience. Learn more