| Tuesday, 30th April 2024, 12:45 pm

അവൻ മിന്നൽ മുരളിയാണെന്ന് പറഞ്ഞ് ഓടുകയാണ്, നിവൃത്തിയില്ലാതെ സഹായത്തിനായി ടൊവിനോയെ വിളിച്ചു: സൗബിൻ ഷാഹിർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡ്രൈവിങ് ലൈസൻസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നടികർ. ടൊവിനോ തോമസ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ലോകമെമ്പാടും ആരാധകരുള്ള സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കലിന്റെ കഥയാണ് പറയുന്നത്.

ടൊവിനോയോടൊപ്പം സൗബിൻ ഷാഹിർ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി നടികർക്കുണ്ട്. മുമ്പ് വൈറസ്, മായനദി തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ച് എത്തിയിട്ടുണ്ടെങ്കിലും ആദ്യമായി സ്ക്രീൻ പങ്കിടുന്ന ചിത്രമാണ് നടികർ.

മുമ്പ് അഭിനയിച്ചിട്ടില്ലെങ്കിലും ഇരുവരും തമ്മിൽ നല്ല അടുപ്പമുണ്ടെന്ന് പറയുകയാണ് താരങ്ങൾ. ടൊവിനോയുടെ മിന്നൽ മുരളി ഇറങ്ങിയ സമയത്ത് സൗബിന്റെ മകൻ സ്ഥിരമായി മിന്നൽ മുരളിയെ അനുകരിക്കുമായിരുന്നുവെന്ന് സൗബിൻ പറഞ്ഞു.


അന്ന് മിക്ക ദിവസങ്ങളിലും സഹായം ചോദിച്ച് ടൊവിനോയെ വിളിക്കുമായിരുന്നുവെന്നും സൗബിൻ പറഞ്ഞു. റെഡ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു താരങ്ങൾ.

‘മിന്നൽ മുരളി ഇറങ്ങിയ സമയത്ത് ഞാൻ എല്ലാ ദിവസവും ടൊവിനോയെ വീഡിയോ കോൾ ചെയ്യുമായിരുന്നു. എന്റെ മോൻ രാത്രി എഴുന്നേറ്റ് മിന്നൽ മുരളിയാണെന്ന് പറഞ്ഞ് മേശയുടെ  മുകളിലൂടെയൊക്കെ ഓടി ചാടി മറിഞ്ഞു കളിക്കുകയാണ്.

ഞാൻ എന്നിട്ട് അവനെ പറഞ്ഞ് മനസിലാക്കും. ഇങ്ങനെയല്ലെടാ സിനിമയിൽ റോപ്പ് ഉണ്ടെന്നൊക്കെ പറയും. അവൻ അതൊന്നും കേൾക്കില്ല. ഞാൻ എന്നിട്ട് അർദ്ധ രാത്രിയൊക്കെ ടൊവിനോയെ വിളിക്കും. മച്ചാനെ ഒരു ഹെൽപ് ചെയ്യുമോ, അവൻ മിന്നൽ മുരളിയാണെന്ന് പറഞ്ഞ് ഓടി കൊണ്ടിരിക്കുകയാണെന്ന്.

ടൊവിനോ അപ്പോൾ വീഡിയോ കോളിൽ വന്നിട്ട് അവനോട്, ഇങ്ങനെ ചാടാൻ പാടില്ല അങ്ങനെ ചെയ്യരുത് എന്നൊക്കെ പറയും. അങ്ങനെ ചാടാൻ അങ്കിളിന് റോപ്പ് ഒക്കെയുണ്ടെന്ന് പറയും. അങ്ങനെ ടൊവിനോ കുറച്ച് നേരം സംസാരിച്ച് ഒരു നാലഞ്ചു വട്ടം സംസാരിച്ചാണ് അവൻ അത് നിർത്തിയത്,’സൗബിൻ പറയുന്നു.

Content Highlight: Soubin Shahir Talk About A Funny Moment With Tovino Thomas

We use cookies to give you the best possible experience. Learn more