വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ മലയാളി പ്രേക്ഷകരുടെ ഉള്ളില്‍ കയറികൂടിയ നടനാണ് സൗബിന്‍ ഷാഹിര്‍. കോമഡി റോളുകളിലൂടെ വന്ന്, പിന്നീട് നായകനായും വില്ലനായും സംവിധായകനായും സൗബിന്‍ പ്രേക്ഷകരെ ഞെട്ടിച്ചു.
എന്നാല്‍ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തിന് വിമര്‍ശനമഴയാണ് നേടികൊടുത്തത്. ബ്രോ ഡാഡി, ജാക്ക് ആന്‍ഡ് ജില്‍, സി.ബി.ഐ അഞ്ചാം ഭാഗം എന്നീ ചിത്രങ്ങളിലെ സൗബിന്റെ കഥാപാത്രങ്ങള്‍ക്കെതിരെ ട്രോളുകള്‍ രൂക്ഷമായിരുന്നു.
ഈ സിനിമകള്‍ ചെയ്യുമ്പോള്‍ സംശയങ്ങളുണ്ടായിരുന്നുവെന്നും സി.ബി.ഐ കണ്ടപ്പോള്‍ തനിക്ക് പകരം മറ്റാരെങ്കിലും ആ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ടെന്നും പറയുകയാണ് സൗബിന്‍. മനോരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പരിപാടിയിലായിരുന്നു സൗബിന്റെ തുറന്നുപറച്ചില്‍.
‘ജാക്ക് ആന്‍ഡ് ജില്ലും സി.ബി.ഐ അഞ്ചാം ഭാഗവും ചെയ്യുന്ന സമയത്ത് ചെറിയ സംശയങ്ങള്‍ ഉണ്ടായിട്ടുണ്ട്. കറക്റ്റായിട്ട് ആ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് കിട്ടുമോ എന്നായിരുന്നു സംശയം. ഭീഷ്മ പര്‍വം ചെയ്യുമ്പോഴാണെങ്കില്‍ പോലും അജാസ് എന്നില്‍ നിക്കുമോ എന്ന സംശയങ്ങളുണ്ട്. മമ്മൂക്കയുടെ കഥാപാത്രം പറയുന്നത് കേട്ട് സെക്കന്റ് ഹാഫില്‍ ഓരോന്ന് പോയി ചെയ്യുമ്പോഴും ഇതേ സംശയം എനിക്കുണ്ട്. എന്നാല്‍ ഡയറക്ടറിന് അറിയാമായിരുന്നു. എനിക്ക് അതിന്റെ തിരിച്ചറിവ് ഉണ്ടായിരുന്നില്ല.
സന്തോഷ് ശിവന്‍ സാര്‍ എന്റെ ഗുരുവാണ്. കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ജാക്ക് ആന്‍ഡ് ജില്‍ കൊറോണക്ക് മുമ്പ് ചെയ്തിരിക്കുന്ന പടമാണ്. ആ സിനിമയില്‍ മറ്റ് കഥാപാത്രങ്ങളെ കുറിച്ചോ കഥയെന്താണെന്നോ എനിക്ക് ധാരണ ഉണ്ടായിരുന്നില്ല. ഗ്രീന്‍ മാറ്റില്‍ റോബോര്‍ട്ടിനെ പോലെയൊരു മനുഷ്യനെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.
നാലോ അഞ്ചോ ദിവസം ഒരു സ്റ്റുഡിയോയില്‍ ഗ്രീന്‍ മാറ്റില്‍ നിന്നിട്ട് മുകളിലോട്ട് നോക്കി സംസാരിക്കണം. എവിടെ നോക്കിയാണ് സംസാരിക്കുന്നത് ആരോടാണ് നമ്മള്‍ സംസാരിക്കുന്നത് എന്നതൊന്നും അറിയില്ല. ആ ഒരു കുറവ് എനിക്ക് ഫീല്‍ ചെയ്തിട്ടുണ്ടായിരുന്നു. അത് എന്റെ തെറ്റായിട്ടാണ് കാണുന്നത്. ഞാനത് ചോദിച്ച് മനസിലാക്കേണ്ടതായിരുന്നു. ആ കഥാപാത്രത്തെ ഞാന്‍ ചെയ്തിരിക്കുന്ന രീതി ശരിയല്ല എന്നാണ് തോന്നുന്നത്,’ സൗബിന്‍ പറഞ്ഞു.
‘സി.ബി.ഐയുടെ കാര്യത്തില്‍ അങ്ങനെ തോന്നിയിട്ടില്ല. മധു സാറിനും സ്വാമി സാറിനും വേണ്ടതെന്താണോ അത് നല്‍കാന്‍ മാത്രമാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. അത്രയും സീനിയേഴ്‌സായ ആള്‍ക്കാരോട് അങ്ങനെ ചെയ്യട്ടെ ഇങ്ങനെ ചെയ്യട്ടെ എന്ന് പറയാനുള്ള സ്‌പേസ് പോലും നമുക്ക് എടുക്കാന്‍ പറ്റില്ല. പടം കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് പൂര്‍ണമായും തോന്നിയിട്ടുണ്ട് വേറെ ആരെങ്കിലും എന്റെ കഥാപാത്രം ചെയ്യുകയായിരുന്നെങ്കില്‍ കുറച്ച് കൂടി നന്നായിരുന്നേനെയെന്ന്,’ സൗബിന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Soubin shahir says that there were doubts while acting in jack and jill and cbi 5 the brain