ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകര്‍ ശ്രദ്ധിച്ച താരമാണ് സൗബിന്‍ ഷാഹീര്‍. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക് എത്തി പിന്നീട് നായകനായും വില്ലനായും സൗബിന്‍ തിളങ്ങി. പറവ എന്ന ചിത്രത്തിലൂടെ സംവിധായകനായും പ്രേക്ഷകരെ ഞെട്ടിച്ചു.
എന്നാല്‍ അടുത്ത കാലത്തായി പുറത്തിറങ്ങിയ സൗബിന്റെ ചിത്രങ്ങള്‍ക്കെതിരെ വലിയ ട്രോളുകളുയര്‍ന്നിരുന്നു. അഭിനയിക്കുന്ന സമയത്ത് പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സാധിക്കില്ലെന്നും എന്നാല്‍ സിനിമ പുറത്തിറങ്ങി കാണുമ്പോള്‍ ചെയ്യണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും പറയുകയാണ് സൗബിന്‍.
മനോരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പരിപാടിയിലായിരുന്നു സൗബിന്റെ പ്രതികരണം. ചില റോളുകള്‍ തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചു എന്ന് തോന്നിയിട്ടുണ്ടോ എന്ന് ചോദ്യത്തിന് അങ്ങനെ തോന്നിയിട്ടുണ്ട്, പക്ഷേ ഏതാണെന്ന് പറയില്ലെന്നായിരുന്നു സൗബിന്റെ മറുപടി.
‘എനിക്ക് അങ്ങനെ പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ ചിലത് ആ സമയത്ത് മനസിലാക്കാന്‍ സാധിക്കില്ല. ചിലത് ചെയ്യുമ്പോള്‍ ഞാന്‍ ഇങ്ങനെ ചെയ്യുമല്ലേ എന്ന് തോന്നും. പിന്നെ പടം ഇറങ്ങി കാണുമ്പോള്‍ തോന്നും അങ്ങനെ ചെയ്യണ്ടായിരുന്നു എന്ന്. പിന്നെ ഞാന്‍ തുടങ്ങിയട്ടല്ലേയുള്ളൂ. കുറച്ചുനാള്‍ അസിസ്റ്റന്റ് ഡയറക്ടറായി നിന്നു, പിന്നെ കുറച്ച് നാളായി അഭിനയിക്കുന്നു. ഇനിയും മുമ്പോട്ട് നന്നായി പോകണമെന്നുണ്ട്. പഠിച്ചുപോയി നന്നാവാന്‍ പറ്റുമെന്ന് തോന്നുന്നു. എന്തിനും പഠനം നല്ലതാണല്ലോ,’ സൗബിന്‍ പറയുന്നു.
ഷാഹി കബീറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഇലവീഴാപൂഞ്ചിറ എന്ന ചിത്രമാണ് ഇനി സൗബിന്‍ നായകനായി പുറത്തിറങ്ങാനൊരുങ്ങുന്നത്. പൊലീസുകാരനായി സൗബിന്‍ എത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്. സുധി കോപ്പ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂലൈ 15ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Soubin shahir says that it is not possible to understand the problems while acting in films