|

'വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഉറക്കം പോകാറുണ്ട്, മോശം പറയുന്നതിനെയും സ്വീകരിക്കുന്നു':സൗബിന്‍ ഷാഹിര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനായി മാറിയ ആളാണ് സൗബിന്‍ ഷാഹിര്‍. കോമഡി റോളുകള്‍ക്കും, വില്ലന്‍ റോളുകള്‍ക്കുമൊപ്പം തന്നെ സംവിധായകനായും സൗബിന്‍ പ്രേക്ഷകരുടെ മനസില്‍ മികച്ച സ്ഥാനം തന്നെ നേടിയിട്ടുണ്ട്.

അടുത്തിടെ പുറത്തുവന്ന സൗബിന്റെ കഥാപാത്രങ്ങള്‍ക്ക് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. സന്തോഷ് ശിവന്റെ സംവിധാനത്തില്‍ എത്തിയ ജാക്ക് ആന്‍ഡ് ജില്ലിലെ കഥാപാത്രവും മമ്മൂട്ടി-എസ്.എന്‍ സ്വാമി കൂട്ടുകെട്ടില്‍ പുറത്തുവന്ന സി.ബി.ഐ 5ലെ കഥാപാത്രവുമായിരുന്നു ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ കേട്ടത്.

പ്രേക്ഷകര്‍ പറഞ്ഞ വിമര്‍ശനങ്ങള്‍ അംഗീകരിച്ച് മികച്ച കഥാപാത്രങ്ങള്‍ ചെയ്യുമെന്ന് സൗബിന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ കഥാപാത്രങ്ങള്‍ തെരെഞ്ഞെടുക്കുന്നത് സൗബിന്റെ മാത്രം ഇഷ്ടമല്ലേ പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ അതില്‍ സ്വീകരിക്കണോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് സൗബിന്‍.

ഇലവീഴാപൂഞ്ചിറ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് സൗബിന്‍ ഇക്കാര്യം പറഞ്ഞത്.

‘പ്രേക്ഷകര്‍ പറയുന്നത് കേള്‍ക്കണം. നല്ലതാണ് എന്ന് പറയുന്നത് സ്വീകരിക്കുന്നത് പോലെ തന്നെയാണ് മോശമാണ് എന്ന് പറയുന്നതും സ്വീകരിക്കുന്നത്. രണ്ടും ഒരേ രീതിയിലാണ് കാണാന്‍ ശ്രമിക്കുന്നത് ‘ സൗബിന്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ ആത്മവിശ്വാസത്തെ ബാധിക്കാറുണ്ടോ എന്ന ചോദ്യത്തിന് മിക്കപ്പോഴും ഉറക്കം ഒക്കെ പോകും, കുറച്ച് ചിത്രങ്ങള്‍ കഴിയുമ്പോള്‍ ശരിയാകും എന്ന് കരുതുന്നു എന്നും സൗബിന്‍ പറയുന്നുണ്ട്.

അതേസമയം ഇലവീഴാപൂഞ്ചിറ ജൂലൈ 15നാണ് റിലീസ് ചെയ്യുന്നത്. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ഷാഹി കബീര്‍ സംവിധായകനായി അരങ്ങേറുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. സുധി കോപ്പ, ജൂഡ് ആന്തണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ എന്ന വിനോദസഞ്ചാര മേഖലയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പൊലീസ് സ്റ്റോറിയാണ് ചിത്രം. മലയാളത്തില്‍ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ.എച്ച്.ഡി.ആറില്‍ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ഇലവീഴാപൂഞ്ചിറയ്ക്കുണ്ട്.

കപ്പേളയ്ക്ക് ശേഷം കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു നിര്‍മിക്കുന്ന ചിത്രമാണിത്. നിധീഷും ഷാജി മാറാടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം മനീഷ് മാധവന്‍, എഡിറ്റിങ് കിരണ്‍ ദാസ്, സംഗീതം അനില്‍ ജോണ്‍സണ്‍, കളറിസ്റ്റ് റോബര്‍ട്ട് ലാങ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ദിലീപ് നാഥ്, സൗണ്ട് മിക്‌സിങ് പ്രമോദ് തോമസ്, സൗണ്ട് ഡിസൈന്‍ അജയന്‍ അടാട്ട്, സ്റ്റുഡിയോ ആഫ്റ്റര്‍ സ്റ്റുഡിയോസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ അഗസ്റ്റിന്‍ മസ്‌കരാനസ്, കോസ്റ്റ്യൂം ഡിസൈന്‍ സമീറ സനീഷ്, മേയ്ക്കപ്പ് റോണക്‌സ് സേവ്യര്‍, സിങ്ക് സൗണ്ട് പി. സാനു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി.

സംഘട്ടനം മുരളി ജി, ചീഫ് അസോസിയേറ്റ് ഡിറക്ടര്‍ ജിത്തു അഷ്‌റഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് റിയാസ് പട്ടാമ്പി, വി.എഫ്.എക്‌സ് മൈന്‍ഡ് സ്റ്റീന്‍ സ്റ്റുഡിയോസ്- എഗ്ഗ് വൈറ്റ് സ്റ്റുഡിയോസ്, സ്റ്റില്‍സ് നിദാദ് കെ.എന്‍, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോടൂത്ത്‌സ്, പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് ഹെയിന്‍സ്.

Content Highlight: Soubin Shahir says he accepting all the criticism towards him