എന്തുകൊണ്ട് തമിഴില്‍ സിനിമകള്‍ ചെയ്യുന്നില്ല എന്ന ചേദ്യത്തിന് മറുപടി പറയുകയാണ് നടനും സംവിധായകനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍. തന്റെ പുതിയ ചിത്രമായ നടികറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ്‌നൂലിന് നല്‍കിയ അഭിമുഖത്തിലാണ് സൗബിന്‍ ഇക്കാര്യം പറഞ്ഞത്. വെട്രിമാരന്‍ തന്നെ വിളിച്ചിരുന്നെന്നും ഒരു കഥ കേട്ട് ഇഷ്ടമായെന്നും കൂടുതല്‍ ഡിസ്‌കഷന്‍ നടക്കുന്നുണ്ടെന്നും താരം പറഞ്ഞു.
തമിഴ് നടന്മാരില്‍ സൂര്യയുമായി നല്ല ബന്ധമുണ്ടെന്നും എല്ലാ മലയാള സിനിമകളെപ്പറ്റിയും അദ്ദേഹം സംസാരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു പോയിട്ടുണ്ടെന്നും താരം പറഞ്ഞു. വെറുതെ സിനിമകളെപ്പറ്റി പറഞ്ഞുപോകുന്ന ആളല്ല സൂര്യയെന്നും ഓരോ സീനിനെക്കുറിച്ചും സൂര്യ വളരെ വിശദമായിട്ടാണ് സംസാരിക്കുന്നതെന്നും സൗബിന്‍ പറഞ്ഞു. അമല്‍ നീരദും സൂര്യയും തമ്മിലുള്ള മീറ്റിങിലാണ് ഏറ്റവും അവസാനമായി സൂര്യയെ കണ്ടതെന്നും സൗബിന്‍ കൂട്ടിച്ചേര്‍ത്തു.
‘തമിഴില്‍ നിന്ന് മുമ്പ് ചില കോളുകള്‍ വന്നിരുന്നു. ആ സമയത്ത് പറവയുടെ ഡയറക്ഷന്റെ തിരക്കിലായത് കൊണ്ട് നടന്നില്ല. പിന്നെ ഈയിടക്ക് വെട്രിമാരന്‍ സാര്‍ വിളിച്ചിരുന്നു. ജിന്ന് സിനിമ ഇറങ്ങിക്കഴിഞ്ഞിട്ടാണ് അദ്ദേഹം വിളിച്ചത്. ഒരു കഥ അദ്ദേഹം പറഞ്ഞത് ഇഷ്ടമായി. അതിന്റെ ബാക്കി ഡിസ്‌കഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബാക്കി വഴിയെ അറിയിക്കാം.
തമിഴില്‍ സൂര്യയുമായി നല്ല ബന്ധമാണ്. അമ്മ ഷോയുടെ ഭാഗമായി തിരുവനന്തപുരത്ത് വന്നപ്പോഴാണ് സൂര്യയെ ആദ്യമായി കാണുന്നത്. മച്ചാന്‍ എന്നായിരുന്നു സൂര്യ എന്നെ കണ്ടപ്പോള്‍ വിളിച്ചത്. എല്ലാ മലയാള സിനിമയെക്കുറിച്ചും അദ്ദേഹം സംസാരിക്കും. ചുമ്മാ സിനിമയെപ്പറ്റി സംസാരിക്കുകയല്ല, ഒരോ സീനിനെപ്പറ്റിയും വിശദമായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്. അത് കണ്ടപ്പോള്‍ അത്ഭുതമായിരുന്നു. സൂര്യയെ സംബന്ധിച്ച് എല്ലാം സിനിമയാണ്. ഏറ്റവും അവസാനം സൂര്യ അമല്‍ നീരദിനെ കാണാന്‍ കൊച്ചിയിലെത്തിയപ്പോള്‍ പോലും സിനിമയെപ്പറ്റി തന്നെയാണ് സംസാരിച്ചത്,’ സൗബിന്‍ പറഞ്ഞു.
Content Highlight: Soubin Shahir saying that Vetrimaran called him for a story after Jinnu movie