Entertainment
കലക്കന്‍ നടനാണ് ആ സംവിധായകന്‍, അന്‍വര്‍ ആദ്യം അയാളെ വെച്ച് ചെയ്യാനിരുന്നതാണ്: സൗബിന്‍ ഷാഹിര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 18, 02:40 am
Saturday, 18th January 2025, 8:10 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സൗബിന്‍ ഷാഹിര്‍. സിദ്ദിഖ്, ഫാസില്‍, ആഷിക് അബു, റാഫി- മെക്കാര്‍ട്ടിന്‍ എന്നിവരുടെ അസിസ്റ്റന്റായാണ് നടന്‍ തന്റെ സിനിമാജീവിതം ആരംഭിച്ചത്. ചെറിയ റോളുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സൗബിന്‍ പ്രേമത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ നായകവേഷം തനിക്കിണങ്ങുമെന്ന് തെളിയിച്ച സൗബിന്‍ പറവ എന്ന ചിത്രത്തിലൂടെ സംവിധായകകുപ്പായവും അണിഞ്ഞു. സൗബിന്‍ കേന്ദ്രകഥാപാത്രമായെത്തിയ പ്രാവിന്‍കൂട് ഷാപ്പ് മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തില്‍ കണ്ണന്‍ എന്ന കഥാപാത്രമായാണ് സൗബിന്‍ എത്തിയത്.

നിരവധി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത അന്‍വര്‍ റഷീദാണ് പ്രാവിന്‍കൂട് ഷാപ്പ് നിര്‍മിച്ചിരിക്കുന്നത്. സംവിധായകനും നിര്‍മാതാവിനും പുറമെ നല്ലൊരു നടന്‍ കൂടിയാണ് അന്‍വര്‍ റഷീദെന്ന് പറയുകയാണ് സൗബിന്‍ ഷാഹിര്‍. അമല്‍ നീരദും അന്‍വര്‍ റഷീദും മികച്ച സുഹൃത്തുക്കളാണെന്നും അന്‍വര്‍ എന്ന സിനിമ ചെയ്യുമ്പോള്‍ അമല്‍ നീരദിന്റെ ആദ്യ ഓപ്ഷന്‍ അന്‍വര്‍ റഷീദായിരുന്നെന്ന് സൗബിന്‍ ഷാഹിര്‍ പറഞ്ഞു.

എന്നാല്‍ അന്‍വര്‍ റഷീദിന് നായകനാവാന്‍ താത്പര്യമില്ലായിരുന്നെന്നും അങ്ങനെയാണ് ആ വേഷം പൃഥ്വിരാജിലേക്കെത്തിയതെന്നും സൗബിന്‍ കൂട്ടിച്ചേര്‍ത്തു. എന്നെങ്കിലും അഭിനയിക്കാന്‍ മോഹമുണ്ടെങ്കില്‍ തന്റെ സിനിമയിലേ ആദ്യം അഭിനയിക്കാവൂ എന്ന് അമല്‍ നീരദ് അന്‍വര്‍ റഷീദിനോട് പറഞ്ഞെന്നും സൗബിന്‍ പറഞ്ഞു.

നല്ലൊരു നടനാണ് അന്‍വര്‍ റഷീദെന്നും ഓരോ സീനും എങ്ങനെ ചെയ്യണമെന്ന് ആര്‍ട്ടിസ്റ്റുകള്‍ക്ക് അഭിനയിച്ച് കാണിച്ച് കൊടുക്കുമായിരുന്നെന്നും സൗബിന്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സൗബിന്‍ ഷാഹിര്‍.

‘അമലേട്ടന്‍ അമ്പുക്കയെ (അന്‍വര്‍ റഷീദ്) വെച്ച് പടം ചെയ്യാന്‍ ഒരുപാട് ശ്രമിച്ചിരുന്നു. അന്‍വര്‍ എന്ന സിനിമ ചെയ്യുന്ന സമയത്ത് അമലേട്ടന്റെ ഫസ്റ്റ് ചോയിസ് അമ്പുക്കയായിരുന്നു. പിന്നീട് അമ്പുക്ക അതിന് സമ്മതിക്കാത്തതുകൊണ്ടാണ് രാജുവേട്ടനിലേക്ക് പോയത്. അത് കഴിഞ്ഞ് അമ്പുക്കയോട് അമലേട്ടന്‍ ‘പുറത്ത് വേറെ വല്ല പടത്തിലും അഭിനയിക്കാന്‍ പോവുന്നുണ്ടെങ്കില്‍ പറഞ്ഞിട്ട് പോകണം കേട്ടോ’ എന്ന് പറയുകയും ചെയ്തു.

അമ്പുക്ക നല്ല കലക്കന്‍ നടനാണ്. ഓരോ സീനും എങ്ങനെ ചെയ്യണം എന്നൊക്കെ അഭിനയിച്ച് കാണിച്ച് തരും. ഡയറക്ഷന്റെ സമയത്ത് പുള്ളി ഓരോ ഷോട്ടിലും എങ്ങനെ റിയാക്ട് ചെയ്യണമെന്നൊക്കെ പറയാറുണ്ട്. ട്രാന്‍സിന്റെ സമയത്ത് ആ കഥാപാത്രത്തെ എങ്ങനെ ഉള്‍ക്കൊള്ളണമെന്ന് പറഞ്ഞ് തരുമ്പോള്‍ നമുക്ക് മനസിലാകും, പുള്ളി അടിപൊളി നടനാണ് എന്ന്,’ സൗബിന്‍ ഷാഹിര്‍ പറയുന്നു.

Content Highlight: Soubin Shahir saying Anwar movie was initially planned for Anwar Rasheed in lead role