| Friday, 29th November 2024, 10:33 am

സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസ് 60 കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസ് 60 കോടിയുടെ നികുതി വെട്ടിച്ചതായി ആദായ നികുതി വകുപ്പ്. പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തല്‍. അന്വേഷണവുമായി ബന്ധപ്പെട്ട് പറവ ഫിലിംസ് യഥാര്‍ത്ഥ കണക്കുകള്‍ നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്നലെ ആദായ നികുതി വകുപ്പ് പറവ ഫിലിംസില്‍ റെയ്ഡ് നടത്തിയിരുന്നു. ഏഴ് കേന്ദ്രങ്ങളിലായി നടത്തിയ അന്വേഷണത്തില്‍ ചിലത് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

സൗബിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിന് പുറമെ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡ്രീം ബിഗ് എന്ന ചലച്ചിത്ര വിതരണ സ്ഥാപനത്തിലും അന്വേഷണം നടക്കുന്നുണ്ട്. ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും സൗബിന്‍ നിര്‍മിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുമായി ബന്ധമുണ്ട്.

മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ മുമ്പ് ഇ.ഡി അന്വേഷണവും നടന്നിരുന്നു. ഇല്ലാത്ത കണക്കുകള്‍ പെരുപ്പിച്ച് കാണിച്ച് കള്ളപ്പണ ഇടപാട് നടത്തിയെന്ന പേരിലാണ് ഇ.ഡി അന്വേഷണം നടന്നത്.

ഈ അന്വേഷണം നടന്നുകൊണ്ടിരിക്കവെയാണ് ആദായ നികുതി വകുപ്പും സമാന്തരമായി അന്വേഷണം നടത്തിയത്.

2024ല്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രം 148 കോടി കലക്ഷന്‍ നേടിയിരുന്നു. അതിനാല്‍ 44 കോടി ആദായ നികുതി വിഭാഗത്തില്‍ അടക്കേണ്ടി ഇരുന്നെങ്കിലും ഇത് അടച്ചിരുന്നില്ല. 32 കോടി രൂപ ചെലവ് ആയി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ കണക്ക് തെറ്റാണെന്ന നിലപാടാണ് ആദായ നികുതി വകുപ്പ് പറയുന്നത്.

എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് താന്‍ അല്ലെന്നും സഹായി ഷോണ്‍ ആണെന്നാണ് സൗബിന്‍ നല്‍കുന്ന വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് സൗബിനെ വിശദമായി ചോദ്യം ചെയ്യലിന് വിധേയമാക്കും.

Content Highlight: Soubin Shahir’s Parava Films evaded tax of 60 crores, income tax department said

We use cookies to give you the best possible experience. Learn more