| Wednesday, 28th August 2024, 7:10 pm

ഇങ്ങനെയൊരു സര്‍പ്രൈസ് പ്രതീക്ഷിച്ചില്ല, തമിഴ് എന്‍ട്രി ഗ്രാന്‍ഡാക്കി സൗബിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ദിഖ്, റാഫി മെക്കാര്‍ട്ടിന്‍, ആഷിക് അബു എന്നിവരുടെ അസിസ്റ്റന്റായി സിനിമാജീവിതം ആരംഭിച്ചായാളാണ് സൗബിന്‍ ഷാഹിര്‍. ചെറിയ റോളുകളിലൂടെ അഭിനയരംഗത്തേക്കെത്തിയ സൗബിന്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കോമഡി റോളുകളിലൂടെ പ്രേക്ഷകപ്രീതി നേടിയ സൗബിന്‍ പറവയിലൂടെ സ്വതന്ത്ര സംവിധായകനായി.

ഈ വര്‍ഷം റിലീസായി മലയാളത്തിലെ എക്കാലത്തെയും വലിയ വിജയമായി മാറിയ മഞ്ഞുമ്മല്‍ ബോയ്‌സിലും മികച്ച പ്രകടനമാണ് സൗബിന്‍ കാഴ്ചവെച്ചത്. ചിത്രത്തിന്റെ നിര്‍മാതാവും സൗബിന്‍ തന്നെയാണ്. ചിത്രത്തിന്റെ പ്രൊമോഷനുമായി ചില തമിഴ് മാധ്യമങ്ങള്‍ക്ക് സൗബിന്‍ നല്‍കിയ അഭിമുഖത്തില്‍ തമിഴിലേക്ക് ഈ വര്‍ഷം എന്‍ട്രി നടത്തുമെന്ന് സൂചിപ്പിച്ചിരുന്നു. വെട്രിമാരന്‍ തന്നോട് ഒരു കഥ പറഞ്ഞിരുന്നെന്നും സൗബിന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ സൗബിന്റെ ആദ്യ തമിഴ് സിനിമ ഏതെന്നറിഞ്ഞപ്പോള്‍ മലയാളസിനിമ ഞെട്ടിയിരിക്കുകയാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയിലൂടെയാണ് സൗബിന്‍ തമിഴിലേക്കുള്ള തന്റെ വരവറിയിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് ലോകേഷുമായി ഒന്നിക്കുന്ന കൂലിയില്‍ സൗബിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചു. ദയാല്‍ എന്ന കഥാപാത്രമായാണ് സൗബിന്‍ കൂലിയില്‍ എത്തുന്നത്. ലോകേഷിന്റെ മുന്‍ ചിത്രങ്ങളിലെല്ലാം മലയാളി സാന്നിധ്യമുണ്ടായിരുന്നു. കൈതിയില്‍ നരേന്‍, വിക്രത്തില്‍ ചെമ്പന്‍ വിനോദ്, ലിയോയില്‍ മാത്യു തോമസ് എന്നിവര്‍ക്ക് പ്രധാനവേഷം ലോകേഷ് നല്‍കിയിരുന്നു.

വിക്രം, ലിയോ എന്നീ രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന സിനിമയാണ് കൂലി. വിക്രത്തിലൂടെ തമിഴിലെ ആദ്യ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിച്ച ലോകേഷ് ലിയോയിലൂടെ യൂണിവേഴ്‌സ് വലുതാക്കി. കൂലിയുടെ അനൗണ്‍സ്‌മെന്റ് സമയത്ത് ഇതും എല്‍.സി.യുവിന്റെ ഭാഗമാകുമോ എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കൂലി സ്റ്റാന്‍ഡ് അലോണായിരിക്കുമെന്ന് ലോകേഷ് വ്യക്തമാക്കി.

ജയിലറിന് ശേഷം രജിനിയും സണ്‍ പിക്‌ചേഴ്‌സും ഒന്നിക്കുന്ന സിനിമ കൂടിയാണ് കൂലി. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം രജിനിയും സത്യരാജും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും കൂലിക്കുണ്ട്. ഇവര്‍ക്ക് പുറമെ, കന്നഡ സൂപ്പര്‍താരം ഉപേന്ദ്രയും ശ്രുതി ഹാസനും കൂലിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ അനിരുദ്ധാണ് കൂലിയുടെ സംഗീതമൊരുക്കുന്നത്.

Content Highlight: Soubin Shahir’s character poster in Coolie out now

We use cookies to give you the best possible experience. Learn more