| Friday, 15th July 2022, 5:07 pm

ഹാപ്പി പിന്റോയും പോള്‍ മേജോയും ഇനി പഴങ്കത; പ്രേക്ഷകര്‍ ആഗ്രഹിച്ച സൗബിനിതാ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാഹി കബീറിന്റെ സംവിധാനത്തില്‍ സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമായ ഇലവീഴാപൂഞ്ചിറ റിലീസ് ചെയ്തിരിക്കുകയാണ്. ഇലവീഴാപൂഞ്ചിറ എന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷന്റേയും അതിലെ പൊലീസുകാരുടെയും കഥയാണ് ചിത്രം പറയുന്നത്.

*******************spoiler alert******************

ത്രില്ലര്‍ ജോണറിലൊരുങ്ങിയിരിക്കുന്ന ചിത്രത്തിന്റെ നട്ടെല്ല് സൗബിന്റെ പ്രകടനം തന്നെയാണ്. മധു എന്ന പൊലീസ് കഥാപാത്രമായിട്ടാണ് സൗബിന്‍ ചിത്രത്തിലെത്തിയിരിക്കുന്നത്. ചിരിയില്‍ പോലും ഒരു വിഷാദ ഭാവമുള്ള പൊലീസുകാരനാണ് മധു. ഒരുപാട് സുഹൃത്ത്ബന്ധങ്ങളൊന്നുമില്ലാത്ത ആരെയും ഫോണ്‍ വിളിക്കാനില്ലാത്ത ഒരു മനുഷ്യന്‍.

ആരുടെയും കാര്യത്തില്‍ ഇടപെടാതെ തന്റെ കാര്യവും ജോലിയും മാത്രം നോക്കി നടക്കുന്ന മധു. പുറമേ നിന്നും നോക്കുന്നവര്‍ക്ക് വളരെ ശാന്തനാണ് മധു. ഒരു പാവത്താന്‍. ആ ശാന്തതക്കപ്പുറമുള്ള മധുവിന്റെ മുഖം സിനിമയുടെ ഒടുക്കം മാത്രമേ മനസിലാവുകയുള്ളൂ. ഒരു പ്രതീക്ഷകളുമില്ലാതെ നിരാശനായി ജീവിക്കേണ്ടി വരുകയാണ് മധുവിന്.

ജാക്ക് ആന്‍ഡ് ജില്‍, സി.ബി.ഐ 5 എന്നീ ചിത്രങ്ങള്‍ സമ്മാനിച്ച വിമര്‍ശനങ്ങള്‍ക്കിടയില്‍ സൗബിന് ഒരു ആശ്വാസമായിരിക്കുകയാണ് ഇലവീഴാപൂഞ്ചിറയിലെ മധു. മധുവായി മികച്ച പ്രകടനം തന്നെയാണ് സൗബിന്‍ ഷാഹിര്‍ ചിത്രത്തില്‍ നടത്തിയിരിക്കുന്നത്. ഡയലോഗ് ഡെലിവറിയിലെ ചില പ്രശ്‌നങ്ങളാണ് ഈ പ്രകടനത്തില്‍ കല്ലുകടിയായത്. ചില ഭാഗങ്ങളില്‍ സൗബിന്‍ പറയുന്ന ചില ഡയലോഗുകള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടിയിരുന്നു.

എങ്കില്‍ പ്രേക്ഷകരെ വെറുപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും മധു സൗബിന് ഒരു മോചനമാകുമെന്ന് പ്രതീക്ഷിക്കാം. ക്രസ്പിന്‍ ടൈപ്പ് കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കപ്പെടേണ്ടി വരുന്നിടത്തു നിന്നും അജാസും മധുവും പോലെയുള്ള കഥാപാത്രങ്ങള്‍ ലഭിക്കുകയും അത് പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്യുന്നത് ഒരു നടന്‍ എന്ന നിലയില്‍ സൗബിന് മുതല്‍ക്കൂട്ടാവും.

Content Highlight: Soubin Shahir has given a good performance as Madhu in ilaveezhapoonjira 

We use cookies to give you the best possible experience. Learn more