പുതിയ ചിത്രമായ അയല്‍വാശിയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ സൗബിന്‍ ഷാഹിര്‍. ചിത്രത്തിന്റെ പൂജക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൗബിന്‍. മൂന്ന് ദിവസത്തിന് ശേഷമാണ് അയല്‍വാശിയുടെ ഷൂട്ട് തുടങ്ങുന്നത്.
കോമഡിയും ഇമോഷണല്‍ എലമെന്റുകളുമുള്ള ഒരു സാധാരണ സിനിമയാണ് അയല്‍വാശിയെന്നാണ് സൗബിന്റെ വാക്കുകള്‍. കോഴിക്കോട് സുഡാനി നടന്നത് പോലെ കോട്ടയത്ത് വെച്ച് നടക്കുന്ന ഒരു കഥയാണ് സിനിമ പറയുന്നതെന്നും സൗബിന്‍ പറഞ്ഞു.
ആഷിഖ് ഉസ്മാനും മുഹ്‌സിന്‍ പരാരിയും സാധാരണയായി ചെയ്യുന്ന കോഴിക്കോട്-കണ്ണൂര്‍ ഭാഷയില്‍ നിന്നും മാറി ഇടുക്കിയുടെ പശ്ചാത്തലത്തില്‍ എടുക്കുന്ന ചിത്രമാണിതെന്നും സൗബിന്‍ കൂട്ടിച്ചേര്‍ത്തു.
ലൂസിഫര്‍, കുരുതി, ആദം ജോണ്‍ എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ച ഇര്‍ഷാദ് പരാരി സംവിധാനം നിര്‍വഹിക്കുന്ന ആദ്യ ചിത്രമാണ് അയല്‍വാശി. തുടരെ ഹിറ്റ് ചിത്രങ്ങള്‍ പ്രൊഡ്യൂസ് ചെയ്യുന്ന ആഷിഖ് ഉസ്മാനും മുഹ്സിന്‍ പരാരിയുമൊന്നിച്ചാണ് ചിത്രം നിര്‍മിക്കുന്നത്.
തല്ലുമാല, അഞ്ചാം പാതിര, ലവ് തുടങ്ങി നിരവധി ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിച്ച പ്രൊഡ്യൂസറാണ് ആഷിഖ് ഉസ്മാന്‍.
തിയേറ്ററുകള്‍ ആഘോഷമാക്കിയ തല്ലുമാലക്ക് ശേഷം മുഹ്സിന്‍ പരാരി ഭാഗമാകുന്ന പുതിയ ചിത്രത്തിലും കാസ്റ്റിനായി തെരഞ്ഞെടുത്തിരിക്കുന്നത് തല്ലുമാലയിലെ റെജി ഗ്യാങ്ങിനെയാണ് എന്ന പ്രത്യേകതയും അയല്‍വാശിക്കുണ്ട്.
ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, ഗോകുലന്‍ തുടങ്ങിയവര്‍ക്കൊപ്പം സൗബിനും ഒന്നിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.
ലിജോ മോള്‍, നിഖില വിമല്‍, നസ്‌ലിന്‍, ജഗദീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
സജിത് പുരുഷന്‍ ഛായാഗ്രഹണവും ജേക്ക്സ് ബിജോയി സംഗീത സംവിധാനവും നിര്‍വ്വഹിക്കും. എഡിറ്റിംഗ്-സിദ്ദീഖ് ഹൈദര്‍. പ്രൊജക്ട് ഡിസൈനര്‍-ബാദുഷ എന്‍.എം. മേക്കപ്പ്-റോണക്സ് സേവ്യര്‍. വസ്ത്രാലങ്കാരം-മഷാര്‍ ഹംസ. ഡിസൈന്‍സ്-യെല്ലോ ടൂത്ത്സ്.
Content Highlight: Soubin Shahir about new movie Ayalvaashi