ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ നല്‍കുകയാണ് സൗബിന്‍ ഷാഹിര്‍. താരത്തിന്റെ പുതിയ ചിത്രമായ വെള്ളരി പട്ടണത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലാണ് സൗബിന്‍ ഇക്കാര്യം പറഞ്ഞത്.
‘ഒരു ചിത്രം അടുത്ത് തന്നെ ഡയറക്ട് ചെയ്യുന്നുണ്ട്. ഒന്ന് രണ്ട് സ്‌ക്രിപ്റ്റുകളുണ്ട്, അതില്‍ ഏതാണെന്ന് ഇതുവരെ ഫിക്‌സ് ചെയ്തിട്ടില്ല.
ദുല്‍ഖറിനെ നായകനാക്കി ചെയ്യാനിരുന്ന ഓതിരം കടകം എന്ന സിനിമ കുറച്ച് നാളത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. അതിന് മുമ്പ് വേറെ ഒരു സിനിമ ചെയ്യുന്നുണ്ട്’ സൗബിന്‍ പറഞ്ഞു.
ആ ചിത്രത്തിലും ദുല്‍ഖര്‍ തന്നെയായിരിക്കുമോ നായകന്‍ എന്ന ചോദ്യത്തിന് അതിപ്പോള്‍ പറയാറായിട്ടില്ലെന്നും ചിത്രം ഈ വര്‍ഷം തന്നെയുണ്ടാകും എന്നുമായിരുന്നു സൗബിന്റെ മറുപടി.
ദുല്‍ഖറിനെ ഒരു പ്രധാന കഥാപാത്രമാക്കി സൗബിന്‍ ഷാഹിര്‍ മുമ്പ് ചെയ്ത പറവ എന്ന ചിത്രം വലിയ വിജയം നേടിയിരുന്നു. പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണവും ചിത്രത്തിന് ലഭിച്ചിരുന്നു.
ദുല്‍ഖറിന്റെ കരിയറിലെ തന്നെ വണ്‍ ഓഫ് ദി ബെസ്റ്റും ഏറെ ഫാന്‍ ബേസുമുള്ള കഥാപാത്രമായിരുന്നു ചിത്രത്തിലെ ഇമ്രാന്‍.
അതേസമയം, താന്‍ ഇതുവരെ ചെയ്തതില്‍ നിന്നും ഏറെ വ്യത്യസ്‌കമായ കഥാപാത്രമായിരിക്കും വെള്ളരി പട്ടണത്തില്‍ ചെയ്തിട്ടുള്ളതെന്നും ഇതുവരെ ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടു എന്ന് തോന്നിയിട്ടില്ലെന്നും സൗബിന്‍ പറഞ്ഞു.
‘എന്നെ ഇതുവരെ രാഷ്ട്രീയക്കാരനായി നിങ്ങള്‍ കണ്ടിട്ടില്ലല്ലോ. തികച്ചും വ്യത്യസ്തമായിട്ടുള്ള രീതിയും ഭാഷയും നടപ്പും എല്ലാം കൂടെ മൊത്തത്തില്‍ ഒരു വ്യത്യാസമുണ്ട്. കഥ മാറിയപ്പോള്‍ മൊത്തത്തില്‍ ഞാനും മാറി,’ സൗബിന്‍ കൂട്ടിച്ചേര്‍ത്തു.