ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനായി മാറിയ ആളാണ് സൗബിന്‍ ഷാഹിര്‍. കോമഡി റോളുകളും, വില്ലന്‍ റോളുകള്‍ക്കുമൊപ്പം തന്നെ സംവിധായകനായും സൗബിന്‍ പ്രേക്ഷകരുടെ മനസില്‍ മികച്ച സ്ഥാനം തന്നെ നേടിയിട്ടുണ്ട്.
അടുത്തിടെ റിലീസായ ചിത്രങ്ങളില്‍ സൗബിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ഭീഷ്മപര്‍വം. ചിത്രം വന്‍ വിജയമാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സൗബിന്‍. മനോരമ ന്യൂസിലെ നേരെ ചൊവ്വേയിലാണ്
സൗബിന്‍ ഭീഷ്മപര്‍വത്തിനെ പറ്റി പറഞ്ഞത്.
‘ഭീഷ്മപര്‍വം ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഉറപ്പായിരുന്നു ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന്. അതിലെ ഡയലോഗുകള്‍ ഒക്കെ കേള്‍ക്കുമ്പോള്‍ അറിയാമായിരുന്നു കുറെ നാളുകള്‍ക്ക് ശേഷം കുറെ കയ്യടികള്‍ വരുമെന്ന്.
ഓരോ ടേക്ക് എടുക്കുമ്പോഴും മമ്മൂക്ക അഭിനയിക്കുന്നത് നമ്മള്‍ നോക്കി നിന്നു പോകും. മമ്മൂക്ക സ്ലാങ് പിടിക്കുന്ന പോലെ വേറെയാരും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. എവിടെ പറയണം, എങ്ങനെ പറയണം എന്നത് ഒക്കെ മമ്മൂക്ക ഡീല്‍ ചെയ്യുന്നത് നല്ലത് പോലെയാണ്. അമല്‍ ഏട്ടനും മമ്മൂക്കയും ചേരുമ്പോള്‍ തന്നെ നല്ല രസമാണ്. നമുക്ക് ഷോട്ട് ഇല്ലെങ്കില്‍ പോലും ഷൂട്ട് പോയി നോക്കി നില്‍ക്കാറുണ്ട്.’, സൗബിന്‍ പറയുന്നു.
അതേസമയം ഇലവീഴാപൂഞ്ചിറയാണ് സൗബിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ഷാഹി കബീര്‍ സംവിധായകനായി അരങ്ങേറുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. സുധി കോപ്പ, ജൂഡ് ആന്തണി ജോസഫ് എന്നിവരും .ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജൂലൈ 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Content Highlight : Soubin Shahir about bheeshma parvam