ആ സീനുകളെല്ലാം ഒരുപാട് റിലേറ്റ് ചെയ്യാൻ കഴിഞ്ഞു, എനിക്കപ്പോൾ അവരെയാണ് ഓർമ വന്നത്: സൗബിൻ
Entertainment
ആ സീനുകളെല്ലാം ഒരുപാട് റിലേറ്റ് ചെയ്യാൻ കഴിഞ്ഞു, എനിക്കപ്പോൾ അവരെയാണ് ഓർമ വന്നത്: സൗബിൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 30th April 2024, 3:22 pm

ഡ്രൈവിങ് ലൈസൻസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നടികർ.

ടൊവിനോ തോമസ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ലോകമെമ്പാടും ആരാധകരുള്ള സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കലിന്റെ കഥയാണ് പറയുന്നത്. ടൊവിനോയോടൊപ്പം സൗബിൻ ഷാഹിർ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി നടികർക്കുണ്ട്. മുമ്പ് വൈറസ്, മായനദി തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ച് എത്തിയിട്ടുണ്ടെങ്കിലും ആദ്യമായി സ്ക്രീൻ പങ്കിടുന്ന ചിത്രമാണ് നടികർ.

സിനിമ മേഖലയിൽ വർക്ക്‌ ചെയ്യുന്നതിനാൽ ചിത്രത്തിലെ പല രംഗങ്ങളും തനിക്ക് കണക്റ്റ് ആയിട്ടുണ്ടെന്ന് സൗബിൻ ഷാഹിർ പറയുന്നു. ചിത്രത്തിലെ പല ഇമോഷൻസും നന്നായി വർക്കായെന്നും സിനിമയിലെ തന്റെ ചില സുഹൃത്തുക്കളെ ഓർമ വന്നെന്നും സൗബിൻ പറഞ്ഞു.

‘എനിക്ക് ഈ ചിത്രത്തിലെ ഒരുപാട് ഭാഗങ്ങൾ നന്നായി റിലേറ്റ് ചെയ്യാൻ കഴിഞ്ഞു. ഒന്നാമത് നമ്മൾ ഫിലിമിൽ വർക്ക്‌ ചെയ്യുന്നത് കൊണ്ട് തന്നെ ഇമോഷൻസൊക്കെ നന്നായി കണക്റ്റ് ആയിട്ടുണ്ട്. നമ്മുടെ കൂടെ ഫിലിമിലുള്ള പലരെയും അപ്പോൾ മനസിൽ തോന്നിയുണ്ട്. അങ്ങനെയുള്ള വേദന അനുഭവിച്ചിട്ടുണ്ട്. അതൊക്കെ എനിക്ക് പലപ്പോഴും ഫീൽ ആയിട്ടുണ്ട്,’ സൗബിൻ പറയുന്നു.

 

ചിത്രത്തിലെ ഡേവിഡ് പടിക്കൽ ഏത്‌ നടനെ കണ്ടാണ് ചെയ്തത് എന്ന ചോദ്യത്തിന് ടൊവിനോയും മറുപടി പറഞ്ഞു. ഒരു ആക്ടറിനെ മാത്രം കണ്ടല്ല സിനിമ എടുത്തതെന്നും ഇതുപോലൊരു അഭിനേതാവ് എവിടെയും ഉണ്ടാവില്ലെന്നും ടൊവിനോ പറയുന്നു. ഗതികെട്ട ഒരു സൂപ്പർ സ്റ്റാറിന്റെ കഥയാണ് ചിത്രമെന്നും ടൊവിനോ കൂട്ടിച്ചേർത്തു.

‘ഒരു ആക്ടറിനെ മാത്രം നോക്കിയല്ല ഈ സിനിമ എടുത്തത്. ഇങ്ങനെയൊരു ആക്ടർ ഒന്നും എന്തായാലും ഉണ്ടാവില്ല. ഇതൊരു ഫിക്ഷണൽ കഥാപാത്രമാണ്. അതിലേക്ക് നമ്മുടെ എല്ലാവരുടെയും എന്തെങ്കിലും ചെറിയ ചെറിയ കാര്യങ്ങൾ നൽകിയിട്ടുണ്ടാവും. അത്രയേ ഉള്ളൂ.

നമ്മൾ അറിയുന്ന ആളുകൾ അല്ല. എന്നാലും ആരെങ്കിലുമൊക്കെ ഉണ്ടാവും. ശരിക്കും ഈ സിനിമയെ കുറിച്ച് ഒറ്റ വാക്കിൽ പറയുകയാണെങ്കിൽ, ഗതികെട്ട സൂപ്പർ സ്റ്റാറിന്റെ കദന കഥ ഹാസ്യത്തിന്റെ മേമ്പൊടിയിൽ അവതരിപ്പിക്കുന്നു എന്നേയുള്ളൂ. ഒരു ഹ്യൂമർ ലെയർ ചിത്രത്തിൽ ഉടനീളമുണ്ട്. പക്ഷെ അതിനകത്ത് നമ്മൾ പറഞ്ഞിരിക്കുന്നത് ഒരു ആക്ടറിന്റെ സീരിയസ് കാര്യങ്ങൾ തന്നെയാണ്,’ടൊവിനോ പറയുന്നു.

 

Content Highlight: Soubhin Shahir Talk About Shooting Experience Of Nadikar Movie