കൊച്ചി: കഥകള്‍ പറയനും അവതരിപ്പിക്കാനും മികച്ച കഴിവുള്ള വ്യക്തിയാണ് മുകേഷ്. മുകേഷ് കഥകള്‍ എന്ന പേരില്‍ അദ്ദേഹം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. തനിക്കറിയാവുന്ന ഇത്തരം കഥകള്‍ പറയുന്നതിനായി പുതിയ യൂട്യൂബ് ചാനലും മുകേഷ് ആരംഭിച്ചിട്ടുണ്ട്.
മുകേഷ് സ്പീക്കിംഗ് എന്ന പേരില്‍ ആരംഭിച്ച ചാനലിന്റെ ആദ്യ എപ്പിസോഡ് ഞായറാഴ്ചയാണ് പുറത്തുവിട്ടത്. ഇപ്പോഴിതാ സൈന്യം എന്ന ചിത്രത്തിന്റെ ലൊക്കേഷില്‍ വെച്ച് നടന്‍ മമ്മൂട്ടിയുമായുള്ള ഒരനുഭവമാണ് മുകേഷ് അവതരിപ്പിച്ചിരിക്കുന്നത്.
ക്ഷമിക്കണം മമ്മൂക്ക എന്ന പേരിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മദ്യപിക്കാത്ത മമ്മൂട്ടിയുടെ പേരില്‍ മദ്യം വാങ്ങി കഴിച്ച കഥയാണ് മുകേഷ് പറയുന്നത്.
സംഭവത്തെ കുറിച്ച് മുകേഷ് പറയുന്നത് ഇങ്ങനെയാണ്. രാജ്യത്തിന്റെ വിവിധ പട്ടാള ക്യാംപുകളിലായിരുന്നു ഷൂട്ടിങ്. എല്ലായിടത്തും വളരെ മികച്ച സ്വീകരണം. ഒരിടത്ത് അവിടുത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഒരു മലയാളി ആയിരുന്നു. അദ്ദേഹം മമ്മൂട്ടിയുടെ വലിയ ഒരു ആരാധകനായിരുന്നു.
തുടര്‍ന്ന് എന്താവശ്യത്തിനും മറ്റൊരു മലയാളി ഉദ്യോഗസ്ഥനെയും അദ്ദേഹം ഏര്‍പ്പെടുത്തി. ഇതിനിടെ പട്ടാള കാന്റീനില്‍ നിന്ന് സാധനങ്ങള്‍ക്ക് വില കുറവാണെന്നറിഞ്ഞപ്പോള്‍ മദ്യം വാങ്ങിയാലോ എന്ന ഒരു ചിന്ത എല്ലാവരും കൂടി പറഞ്ഞെന്നും തുടര്‍ന്ന് 300 രൂപ പുറത്തുവിലയുള്ള മദ്യം 100 രൂപയ്ക്ക് അവിടെ നിന്ന് ഉദ്യോഗസ്ഥന്‍ എത്തിച്ചു തന്നെന്നും മുകേഷ് പറയുന്നു.
തുടര്‍ന്ന് അങ്ങോട്ട് മമ്മൂട്ടിയും മദ്യം കഴിക്കുന്നുണ്ടെന്നും എന്നാല്‍ ഇത് പുറത്തറിയരുതെന്നും പറഞ്ഞ് വീണ്ടും വീണ്ടും എല്ലാ ദിവസവും മദ്യം വാങ്ങിയെന്നും മുകേഷ് പറയുന്നു.
ഉദ്യോഗസ്ഥന്‍ എന്നും രാവിലെ വന്ന് അദ്ദേഹം മമ്മൂട്ടിയോട് ചോദിക്കും. ഏങ്ങനെ ഉണ്ടായിരുന്നു സാര്‍ ഇന്നലെ എന്ന്. സിനിമാ ഷൂട്ടിങിനെ പറ്റിയാണ് കരുതി മമ്മൂട്ടി ഗംഭീരമായിരുന്നു എന്ന് മറുപടിയും നല്‍കും.
അങ്ങനെ കുറേ ദിനങ്ങള്‍. ഒടുവില്‍ ഷൂട്ടിങ് തീരുന്ന ദിനം. ഈ ഉദ്യോഗസ്ഥന്‍ വന്ന് ചോദിച്ചു. മമ്മൂക്കയുടെ കാറില്‍ കൊണ്ടുവയ്ക്കട്ടെ എന്ന് ചോദിച്ചു. അന്ന് ആദ്യമായി മമ്മൂക്ക എന്നോട് ചോദിച്ചു എന്തിനെ കുറിച്ചാണ് ഈ ചോദിക്കുന്നതെന്ന് – മുകേഷ് പറയുന്നു.
എന്നാല്‍ ഇവിടെ മിക്‌സിക്കൊക്കെ വലിയ വിലക്കുറവാണെന്നും ഇതിനെ കുറിച്ചാണ് ചോദിക്കുന്നതെന്നും പറഞ്ഞെന്നും എന്നാല്‍ വിവിധ രാജ്യങ്ങളുടെ 200 ലേറെ മിക്‌സികള്‍ ഉള്ള ആളാണ് മമ്മൂട്ടിയെന്നും വേണ്ടി വരില്ലെന്നും ഉദ്യോഗസ്ഥനോട് പറഞ്ഞതായും മമ്മൂട്ടിയോട് താന്‍ പറഞ്ഞെന്നും മുകേഷ് പറഞ്ഞു.
അപ്പോള്‍ മമ്മൂട്ടി പറഞ്ഞു, ശെ. 200 എന്നൊന്നും പറയണ്ടായിരുന്നു. ആ നിനക്ക് വേണമെങ്കില്‍ വാങ്ങിച്ചോ. അങ്ങനെ ആ ഉദ്യോഗസ്ഥന്‍ എനിക്ക് കുപ്പി വാങ്ങി കാറില്‍വച്ചു തന്നുവിട്ടു.
ഇന്ന് ഈ വീഡിയോയിലൂടെയായിരിക്കും മമ്മൂട്ടി അന്ന് നടന്ന ‘ചതി’കളുടെ സത്യം അറിയുന്നത്. ആ ഉദ്യോഗസ്ഥന്‍ എന്നും വന്ന് മമ്മൂട്ടിയോട് എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിക്കുമ്പോള്‍ സിനിമയെ കുറിച്ചാണെന്ന് അദ്ദേഹം കരുതി പോന്നു. അതാണ് മമ്മൂട്ടി. സിനിമയാണ് അദ്ദേഹത്തിനെല്ലാം. ക്ഷമിക്കണം മമ്മൂക്ക. എന്നും വീഡിയോയില്‍ മുകേഷ് പറയുന്നു.