മുംബൈ: ഇന്നലെ ഐ.പ്പി.എല്ലില്‍ നടന്ന മുംബൈ ബാഗ്ലൂര്‍ പോരാട്ടത്തിനിടെ ഏവരെയും വേദനിപ്പിച്ച സംഭവമായിരുന്നു മുംബൈ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനു ബോളുകൊണ്ട് പരിക്കേറ്റത്. ബാംഗ്ലൂരിന്റെ സര്‍ഫ്രാസ് ഖാനെ റണ്ണൗട്ടാക്കാനുള്ള ഹര്‍ദ്ദിക് പാണ്ഡ്യയുടെ ശ്രമമായിരുന്നു ഇഷാനു പരിക്കേല്‍ക്കാന്‍ കാരണമായത്.
ബാംഗ്ലൂര്‍ ഇന്നിങ്സിന്റെ പതിമൂന്നാം ഓവറിലായിരുന്നു സംഭവം. ബൂംറയുടെ പന്തില്‍ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലി സിംഗിളെടുത്തപ്പോള്‍ പന്ത് കൈപ്പിടിയിലൊതുക്കിയ ഹര്‍ദ്ദിക് പാണ്ഡ്യ സര്‍ഫ്രാസ് ഖാന്റെ വിക്കറ്റ് ലക്ഷ്യമിട്ട് സ്ട്രൈക്കിങ് എന്‍ഡിലേക്ക് പന്തെറിയുകയായിരുന്നു. പന്ത് കളക്ട് ചെയ്യാന്‍ ഇഷാന്‍ എത്തിയെങ്കിലും പിച്ച് ചെയ്ത് പന്ത് അപ്രതീക്ഷിതമായി ഉയര്‍ന്ന് താരത്തിന്റെ മുഖത്ത് പതിക്കുകയായിരുന്നു.
ഇതോടെ വേദന കൊണ്ട് പുളഞ്ഞ താരം നിലത്ത് വീഴുകയും ചെയ്തു. പിന്നീട് ഡോക്ടര്‍മാരുടെ സംഘം ഗ്രൗണ്ടിലെത്തി താരത്തെ ഡ്രസിങ് റൂമിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ നഷ്ടമായതോടെ ആദ്യത്യ താരെയായിരുന്നു മുംബൈക്കായി കീപ്പറുടെ ഗ്ലൗ അണിഞ്ഞത്.
വിക്കറ്റ് ലക്ഷ്യമാക്കി എറിഞ്ഞ പന്ത് സഹതാരത്തിന്റെ മുഖത്ത് കൊണ്ടതോടെ നിരാശയിലായ ഹര്‍ദ്ദിക് പാണ്ഡ്യ ഇഷാന്റെ സമീപത്ത തന്നെ നിലയുറപ്പിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇഷാനോട് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹര്‍ദ്ദിക് പാണ്ഡ്യ. ഉടന്‍ തിരിച്ച് വരട്ടെയെന്ന് ആശംസിച്ച് കൊണ്ട് ഇരുവരും ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ഹര്‍ദ്ദിക്കിന്റെ ക്ഷമാപണം.