| Friday, 2nd February 2024, 3:13 pm

'ആദിവാസി കാട്ടിൽ പോകുന്നത് പോലെ സോറൻ ജയിലിലേക്ക്'; ആജ് തക് വാർത്താ അവതാരകനെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ സോറനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് ആജ് തക് വാർത്താ അവതാരകൻ സുധീർ ചൗധരിക്കെതിരെ പരാതി.

ജനുവരി 31ന് സോറൻ മുഖ്യമന്ത്രി പദവി രാജിവെച്ച ദിവസം രാത്രിയാണ് പ്രൈം ടൈം ഷോ ആയ ബ്ലാക്ക് ആൻഡ് വൈറ്റിൽ വിദ്വേഷകരമായ പരാമർശം സുധീർ ചൗധരി നടത്തിയത്. പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട സോറന്റെ കുടുംബത്തിന് ‘സംവരണവും’ എസ്.സി/എസ്.ടി നിയമത്തിന്റെ ആനുകൂല്യങ്ങളും നൽകണോ എന്നായിരുന്നു സുധീർ ചൗധരി ചാനലിൽ ചോദിച്ചത്.

ജയിലിലെ സോറന്റെ രാത്രി ഒരു ആദിവാസി കാട്ടിലേക്ക് മടങ്ങുന്നത് പോലെ 20, 30, 40 വർഷം പുറകിലേക്ക് പോകുന്നതായിരിക്കും എന്നും സുധീർ ചൗധരി പറഞ്ഞു.

ആദിവാസികൾക്ക് നൽകുന്ന ആനുകൂല്യങ്ങളും സംവരണവും സോറന്റെ കുടുംബത്തിന് നല്കരുതെന്നും അവർ പണക്കാരാണെന്നുമായിരുന്നു ചൗധരിയുടെ വാദം.

‘തങ്ങൾ ദരിദ്രരാണെന്ന് പറയാനുള്ള അവകാശം ഈ കുടുംബത്തിനുണ്ടോ? അവർക്ക് സംവരണം കൊടുക്കണോ? സോറന്റെ കുടുംബം സംവരണ ആനുകൂല്യങ്ങൾ കൈപ്പറ്റാൻ പാടുണ്ടോ? എസ്.സി/എസ്.ടി ആക്ട് പ്രകാരം അവരുടെ അധികാരം വർധിപ്പിക്കണോ?

കാരണം അവർ ഈ രാജ്യത്തെ സമ്പന്നരായ ആളുകളെക്കാൾ പണക്കാരാണ്. അവർ ഗോത്ര വിഭാഗമല്ല, അവർ വലിയ ബംഗ്ലാവുകളിലാണ് താമസിക്കുന്നത്,’ ചൗധരി പറഞ്ഞു.

ഇ.ഡിക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം സോറൻ ഫയൽ ചെയ്ത കേസ് ചൂണ്ടിക്കാട്ടിയായിരുന്നു ചൗധരിയുടെ പരാമർശങ്ങൾ.

സുധീർ ചൗധരിക്കെതിരെ റാഞ്ചിയിലെ ഗോത്ര വിഭാഗ ഗ്രൂപ്പ് ആദിവാസി സേന എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസ് നൽകിയിരിക്കുകയാണ്.

Content Highlight: Soren in jail like Adivasis in jungle’: Complaint against Sudhir Chaudhary for comments against Soren

We use cookies to give you the best possible experience. Learn more