ഒരുമാസം നീണ്ട ലോക്ഡൗണിന് ശേഷം ഗ്രാമീണ സമ്പദ് വ്യവസ്ഥ തിരികെ പിടിക്കാന്‍ ഹേമന്ത് സോറന്‍; തൊഴിലില്ലായ്മ രൂക്ഷമായ ജാര്‍ഖണ്ഡില്‍നിന്നുള്ള മാതൃക ഇങ്ങനെ
national news
ഒരുമാസം നീണ്ട ലോക്ഡൗണിന് ശേഷം ഗ്രാമീണ സമ്പദ് വ്യവസ്ഥ തിരികെ പിടിക്കാന്‍ ഹേമന്ത് സോറന്‍; തൊഴിലില്ലായ്മ രൂക്ഷമായ ജാര്‍ഖണ്ഡില്‍നിന്നുള്ള മാതൃക ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th May 2020, 6:46 pm

റാഞ്ചി: രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ രണ്ടാമത്തെ സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ തിരിച്ചുപിടിക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുകയാണ് ഇവിടെ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍.

ഒരുമാസത്തിലധികമായി തുടരുന്ന കൊവിഡ് ലോക്ഡൗണ്‍ മൂലം സമ്പദ് വ്യവസ്ഥ ആകെ താറുമാറായ പശ്ചാത്തലത്തിലാണ് സോറന്റെ നീക്കം. മൂന്ന് പദ്ധതികളാണ് ഗ്രാമീണ മേഖലയില്‍ സംസ്ഥാനം തയ്യാറാക്കുന്നത്.

100 ഫലവൃക്ഷത്തൈകള്‍ വീതം ഓരോ കുടുംബത്തിനും നല്‍കുകയാണ് ആദ്യ പദ്ധതി. വീട്ടുവരുമാനം ലക്ഷ്യമിട്ടാണ് ഇത്. ഭൂഗര്‍ഭ ജല റീച്ചാര്‍ജിങ്ങാണ് രണ്ടാമത്തെ പദ്ധതി. സംസ്ഥാനത്തുടനീളം 5,000 മൈതാനങ്ങള്‍ തയ്യാറാക്കുന്നതാണ് മൂന്നാമത്തേത്.

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഈ മൂന്ന് പദ്ധതികളിലൂടെ 30 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 10 കോടി തൊഴില്‍ ദിനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ഒരുക്കുമെന്നും അധികൃതര്‍ അറിയി
ച്ചു.

ഗ്രാമീണ മേഖലയില്‍ കൂലി ഉറപ്പാക്കുക, കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കുക, ഈ സാമ്പത്തിക വര്‍ഷം നഷ്ടമായ ഒന്നര മാസത്തെ തിരികെ പിടക്കുക എന്ന് ലക്ഷ്യം വെച്ചാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും അധികൃതര്‍ അറിയിച്ചു.

ഫല വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്ന ആദ്യ പദ്ധതിക്ക് ബിര്‍സ ഹരിത ഗ്രാം യോജന എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഈ പദ്ധതിയുടെ നടത്തിപ്പിനായി ഉപയോഗിക്കാതെ കിടക്കുന്ന രണ്ട് ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും ഇള്‍പ്പെടുത്തും. അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്കാണ് തൈകള്‍ നല്‍കുന്നത്. തൈ നടുന്നതും പരിപാലനവും തൊഴിലുറപ്പ് പദ്ധതിയിലൂടെയാവും നടത്തുക. ഈ പദ്ധതിയിലൂടെ ഒരോ കുടുംബത്തിലും പ്രതിവര്‍ഷം 50,000 രൂപ വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

നീലാംബര്‍ പീതാംബര്‍ ജല്‍ സമൃദ്ധി യോജന എന്നാണ് ഭൂഗര്‍ഭവ റീച്ചാര്‍ജിങിന് പേര്. പോട്ടോ ഹോ ഖേല്‍ വികാസ് സ്‌കീം എന്നാണ് മൈതാനമൊരുക്കുന്നതിന് പേരിട്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: