ഭോപ്പാല്‍: പെണ്‍ സുഹൃത്ത് കൊല്ലപ്പെട്ട കേസില്‍ വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച് 13 വര്‍ഷമായി ജയിലില്‍ കിടക്കുന്ന ഗോത്രവിഭാഗക്കാരനായ മുന്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിയെ മധ്യപ്രദേശ് ഹൈക്കോടതി കുറ്റവിമുക്തനാക്കി.
2008ല്‍ നടന്ന കൊലപാതകത്തിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട ചന്ദ്രേഷ് മാര്‍സ്‌കോളിനെ (34) ഉടന്‍ മോചിപ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് വിധിച്ചു.അന്യായമായി ജയിലില്‍ കിടക്കേണ്ടി വന്ന ചന്ദ്രേഷിന് നഷ്ടപരിഹാരമായി 42 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ 90 ദിവസത്തിനുള്ളില്‍ നല്‍കണമെന്നും കോടതി വിധിച്ചു.
കേസ് അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നെന്നും ചന്ദ്രേഷിനെ കുടുക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെയായിരുന്നു അന്വേഷണമെന്നും ജസ്റ്റിസുമാരായ അതുല്‍ ശ്രീധരന്‍, സുനിത യാദവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
2008ല്‍ ഭോപ്പാലിലെ ഗാന്ധി മെഡിക്കല്‍ കോളജില്‍ ചന്ദ്രേഷ് അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ കൊലപാതകം നടന്നത്. ചന്ദ്രേഷിന്റെ പെണ്‍ സുഹൃത്തിന്റെ മൃതശരീരം മലയോര സുഖവാസകേന്ദ്രമായ പച്ച്മാര്‍ഹിയിലെ മലയിടുക്കില്‍ കണ്ടെത്തി. ഇതെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെ, സംഭവത്തിനു 3 ദിവസം മുന്‍പ് ചന്ദ്രേഷ് തന്റെ കാര്‍ കൊണ്ടുപോയെന്നും കൊലപാതകവുമായി ഇതിനു ബന്ധമുണ്ടെന്നു സംശയിക്കുന്നതായും കോളേജില്‍ സീനിയറായിരുന്ന ഡോ. ഹേമന്ത് വര്‍മ പൊലീസിനെ അറിയിച്ചു.
പച്ച്മാര്‍ഹിയിലേക്ക് ഒപ്പം പോയ ഹേമന്തിന്റെ ഡ്രൈവറും മൊഴി ശരിവച്ചതോടെ ചന്ദ്രേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് 2009ല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇതിനെതിരെ ചന്ദ്രേഷ് അപ്പീല്‍ നല്‍കി.
ഹേമന്ത് വര്‍മയും ചന്ദ്രേഷും തമ്മില്‍ ക്യാംപസ് രാഷ്ട്രീയത്തിന്റെ പേരില്‍ ശത്രുതയുണ്ടായിരുന്നെന്നും ഭോപാല്‍ ഐ.ജിയായിരുന്ന ശൈലേന്ദ്ര ശ്രീവാസ്തവയെ സ്വാധീനിച്ച് ഹേമന്ത് അന്വേഷണം അട്ടിമറിച്ചെന്നും നിരീക്ഷിച്ച ഡിവിഷന്‍ ബെഞ്ച് ഇയാള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടാകാമെന്നും പറഞ്ഞു.
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ അന്യായമായി പ്രതിയാക്കപ്പെട്ട് ജയിലില്‍ കിടക്കേണ്ടിവന്ന ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നല്‍കാന്‍ സുപ്രീം കോടതി വിധിച്ചതും ഹൈക്കോടതി വിധിക്കിടെ ചൂണ്ടിക്കാട്ടി.
Content Highlights: “Sordid Saga”: Court Exonerates Ex MBBS Student In Girlfriend’s Murder