കോഴിക്കോട്: കേരള സലഫി വിഭാഗങ്ങള്‍ക്കിടയില്‍ വീണ്ടും ഭിന്നിപ്പിന് വഴിതുറന്ന് കൂടോത്രവുമായി ബന്ധപ്പെട്ട ചര്‍ച്ച. യോജിപ്പിന് ശേഷവും മുജാഹിദ് സംഘടനകള്‍ക്കിടയില്‍ തുടരുന്ന സിഹ്‌റുമായി (കൂടോത്രം) ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയാണ് ഇപ്പോള്‍ മറനീക്കിവന്നിരിക്കുന്നത്. ആ അഭിപ്രായ ഭിന്നതയില്‍ ഇടപെട്ട് കേരള നദ് വത്തുല്‍ മുജാഹിദീന്‍ പുറത്തിറക്കിയ സര്‍ക്കുലറാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്.
“മാരണം, കൂടോത്രം, ആഭിചാരം എന്നീ അര്‍ത്ഥത്തിലുള്ള സിഹ്ര്‍ മഹാപാപമാണ്. അത് ചെയ്യുന്നതും ചെയ്യിക്കുന്നതും ഹറാമാണ്. ഈ അര്‍ത്ഥത്തിലുള്ള സിഹ്ര്‍ ഒരു വസ്തുതയാണ്. ഇതിന് പ്രതിഫലനം ഉണ്ടാകണമെന്നതാണ് അഹ്ലുസ്സുന്നയുടെ ഭൂരിപക്ഷാഭിപ്രായം. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ വിധത്തില്‍ സിഹ്‌റിന് പ്രതിഫലനമുണ്ടാകാമെന്ന വിശ്വാസം ശിര്‍ക്കാകുന്നു. എന്നാല്‍ കാര്യകാരണബന്ധം അവ്യക്തമായ വിധത്തിലുള്ള പ്രതിഫലനമുണ്ടാകാമെന്നത് ശിര്‍ക്കല്ല. എന്നാല്‍ ഇതൊരു പ്രബോധനവിഷയമാക്കാന്‍ പാടില്ല. സിഹ്‌റിന്റെ വിഷയത്തില്‍ വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കിലും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുണ്ടാകുന്ന വിധത്തിലോ സാധാരണക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പുണ്ടാകുന്ന തരത്തിലോ ഇത്തരം അഭിപ്രായങ്ങള്‍ എഴുതിയോ പ്രസംഗിച്ചോ പ്രചരിപ്പിക്കാന്‍ പാടില്ല.” എന്നാണ് 2017 ജൂണ്‍ അഞ്ചിന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.
Also Read: ‘ഇതാ അടിപൊളി ബീഫ്’ രാജ്‌നാഥ് സിങ്ങിനെ ബീഫ് പാര്‍ട്ടി നടത്തി സ്വീകരിച്ച് മിസോറാം
23.5.2017ന് മലപ്പുറം പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജില്‍ ചേര്‍ന്ന മുജാഹിദ് പണ്ഡിത സഭയായ “കേരള ജംഇയ്യത്തുല്‍ ഉലമാ” ഈ വിഷയത്തില്‍ തീര്‍പ്പുണ്ടാക്കിയതായാണ് സര്‍ക്കുലറില്‍ അവകാശപ്പെടുന്നത്. കെ.എന്‍.എം ശാഖാ, മണ്ഡലം, ജില്ലാ സംഘടനാ കാര്യസമിതി ചെയര്‍മാന്‍മാരുടേയും കണ്‍വീനര്‍മാര്‍ക്കും പോഷക സംഘടനകളായ ഐ.എസ്.എം, എം.എസ്.എം, എം.ജി.എം, ഗള്‍ഫ് ഇസ്‌ലാഹീ സെന്റര്‍ ഭാരവാഹികള്‍ക്കുമായാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
എന്നാല്‍ കൂടോത്രം ഫലിക്കുമെന്നുള്ള ജംഇയ്യത്തുല്‍ ഉലമയുടെ തീര്‍പ്പ് ഫലത്തില്‍ അബ്ദുള്ളക്കോയ മദനി വിഭാഗത്തിന്റെ അഭിപ്രായം അടിച്ചേല്‍പ്പിക്കുന്നതിനു സമാനമായെന്നാണ് ഹുസൈന്‍ മടവൂര്‍ വിഭാഗം വിമര്‍ശനം ഉയര്‍ത്തുന്നത്. നേരത്തെ പിളര്‍പ്പിന്റെ പ്രധാന കാരണങ്ങളിലൊന്നായി പറഞ്ഞിരുന്നത് സിഹ്ര്‍ ഫലിക്കുമോ ഇല്ലയോ എന്ന ചര്‍ച്ചയായിരുന്നു. സിഹ്ര്‍ ഫലിക്കില്ലെന്ന മുജാഹിദ് സംഘടനകളുടെ പഴയ നിലപാടില്‍ നിന്നുള്ള പിന്മാറ്റം “ഗള്‍ഫ്‌സലഫിസ”ത്തിന്റെ സ്വാധീനഫലമെന്നായിരുന്നു ഹുസൈന്‍ മടവൂര്‍ വിഭാഗത്തിന്റെ അഭിപ്രായം.
മാരണക്രിയകളില്‍ (സിഹ്‌റില്‍) യാഥാര്‍ത്ഥ്യമുണ്ടോയെന്ന താര്‍ക്കിക പ്രശ്‌നമാണ് മുജാഹിദ് പ്രസ്ഥാനത്തിനകത്ത് നടക്കുന്നതെന്നത് പുറത്തുനിന്നും നോക്കുന്നവരെ ചിരിപ്പിക്കുന്നതാണെന്ന് ഹുസൈന്‍ മടവൂര്‍ വിഭാഗത്തിലെ പ്രമുഖനും പിളര്‍പ്പ് സമയത്തെ ഐ.എസ്.എം നേതാവുമായ മുജീബ് റഹ്മാന്‍ കിനാലൂര്‍ ഫേസ്ബുക്കില്‍ പറയുന്നു.
ഈ പ്രസ്ഥാനം അവകാശപ്പെടുന്ന നവോത്ഥാന പാരമ്പര്യവും ഇപ്പോള്‍ നടക്കുന്ന തര്‍ക്കങ്ങളും തമ്മില്‍ അത്രയ്ക്ക് വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സിഹ്ര്‍ സംബന്ധിച്ച തര്‍ക്കം പിളര്‍ന്ന ശേഷം ഒന്നായി മാറിയ മുജാഹിദ് സംഘടനയെ ഇപ്പോഴും ഉലച്ചു കൊണ്ടിരിക്കുകയാണെന്നും മുജീബ് റഹ്മാന്‍ ചൂണ്ടിക്കാട്ടുന്നു.
അഭൗതിക ലോകത്തെ കുറിച്ചുള്ള ഇത്തരം തര്‍ക്കങ്ങള്‍ തന്നെയാണ് തുടരുന്നതെങ്കില്‍ ഈ സംഘടനക്ക് മേലില്‍ ഒരു പ്രസക്തിയുമുണ്ടാകില്ലെന്നും അദ്ദേഹം തുറന്നടിക്കുന്നു.
മതത്തിന്റെ പാഠങ്ങളെ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനുള്ള ആയുധമാക്കുകയാണ് വക്കം മൗലവി അടക്കമുള്ള ആദ്യകാല നവോത്ഥാന നായകര്‍ ചെയ്തത്. സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള നവീകരണശ്രമങ്ങളെ അവര്‍ തങ്ങളുടെ കാര്യപരിപാടിയാക്കി. ആ ചിന്തയാണു മുസ്‌ലിം സാമൂഹിക നവോത്ഥാനത്തിന്റെ പ്രേരക ബിന്ദുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ആധുനിക ഗള്‍ഫ് സലഫിസവും ഇസ്‌ലാഹി” ആശയവും രണ്ടാണ്. കേരളത്തിലെ ശുദ്ധസലഫിസത്തിന്റെ വക്താക്കളും അത് തന്നെയാണ് പറയുന്നത്. ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ലക്ഷ്യം സമൂഹത്തെ മുന്നോട്ടു നയിക്കുകയാണെങ്കില്‍ മറ്റേത്, സമൂഹത്തെ പാഠങ്ങളില്‍ തളയ്ക്കുകയാണ് ചെയ്യുന്നത്. മുന്നോട്ടും പുറകോട്ടും മുഖം തിരിച്ചു വെച്ച രണ്ടു ധാരകളെ കൂട്ടിക്കെട്ടാന്‍ ശ്രമിച്ചാല്‍ അതിങ്ങനെയൊക്കെ ആയിരിക്കും പരിണമിക്കുകയെന്നും മുജാഹിദ് സംഘടനകളിലെ ലയനത്തെ വിശദീകരിച്ച് അദ്ദേഹം പറയുന്നു.
“മന്ത്രവും മാരണവും സംബന്ധിച്ച തര്‍ക്കമായാലും ബഹുസ്വര സമൂഹത്തിലെ ജീവിതത്തെ കുറിച്ച അഭിപ്രായ ഭിന്നത ആയാലും സ്ത്രീ പദവി സംബന്ധിച്ച സമീപനമായാലും ശരി, മുകളില്‍ വിശദീകരിച്ച രണ്ടു ചിന്താരീതികള്‍ക്കും വ്യത്യസ്ത നിലപാടേ സാധ്യമാകൂ. തങ്ങള്‍ പിന്തുടരുന്ന ആശയധാര ഏതെന്ന കാര്യത്തില്‍ ഒരു വ്യക്തത വരുത്താത്തേടത്തോളം, മോരും മുതിരയും പോലെ രണ്ടും ചേരാതെ ഇങ്ങനെ കാലം കഴിക്കാനേ മുജാഹിദ് സംഘടനക്ക് യോഗമുണ്ടാകൂ.” എന്നും അദ്ദേഹം വിശദീകരിക്കുന്നു.
മുജീബ് റഹ്മാന്‍ കിനാലൂരിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്ത് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. പുതിയ അഭിപ്രായ ഭിന്നതകള്‍ തെളിയിക്കുന്നത് ഐസിസ്, ദമാജ് വിവാദങ്ങളില്‍ നിന്നും രക്ഷനേടാനായി തട്ടിക്കൂട്ടിയുണ്ടാക്കിയ ലയനമാണ് മുജാഹിദ് സംഘടനകളുടേതെന്ന ആക്ഷേപം ശരിയായെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
ഐക്യത്തിന്റെ പേരില്‍ അബ്ദുളളക്കോയ മദനി വിഭാഗത്തിന്റെ പിന്തിരിപ്പന്‍ നിലപാടുകള്‍ക്ക് ഹുസൈന്‍ മടവൂര്‍ വിഭാഗവും കീഴ്‌പ്പെടാനാണ് സാധ്യതയെന്ന് മുജാഹിദ് ലയനസമയത്തു തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു. ഔദ്യോഗിക വിഭാഗം പിന്തുടര്‍ന്നു പോരുന്ന അറു പിന്തിരിപ്പന്‍ നിലപാടുകള്‍ കൂടുതല്‍ പേരിലേക്കെത്തിക്കാനും എതിര്‍ വീക്ഷണങ്ങള്‍ ഇല്ലാതാവാനുമാണ് സാധ്യതയെന്നുമുള്ള വിലയിരുത്തലുകള്‍ പുതിയ സര്‍ക്കുലര്‍ ശരിവെക്കുകയാണ്.